ജർമനിയിൽ ഗവേഷണം ചെയ്യാം; ഇരിട്ടി സ്വദേശി അജയ് ബെന്നിക്ക് 4.32 കോടിയുടെ സ്‌കോളർഷിപ്പ്

Share our post

ഇരിട്ടി: ഉളിക്കൽ നെല്ലിക്കാംപൊയിൽ സ്വദേശി അജയ് ബെന്നിക്ക് ജർമൻ സർക്കാരിന്റെ 4.32 കോടിയുടെ സ്‌കോളർഷിപ്പ്. ജർമനിയിലെ പ്രശസ്തമായ ബവേറിയൻ സെന്റർ ഫോർ ബാറ്ററി ടെക്‌നോളജിയിൽ ബെയ്റോയ്ത് സർവകലാശാലയിൽ ഗവേഷണത്തിനാണ് അർഹത ലഭിച്ചത്. അജയ് ജർമനിയിലെത്തി ഗവേഷണം ആരംഭിച്ചു.

ജർമൻ ഫെഡറൽ മിനിസ്ട്രി ഫോർ റിസർച്ച്, ടെക്‌നോളജി ആൻഡ് സ്‌പേസ് മൂന്നുവർഷത്തേക്കാണ് ഗവേഷണ സഹായധനം. ‘അൾട്രാതിൻ ഫ്‌ലോ’ പദ്ധതിയുടെ ഭാഗമായാണ് അജയ് ഡോക്ടറൽ ഗവേഷണം നടത്തുന്നത്. ബെയ്റോയ്ത് സർവകലാശാലയിലെ ഇലക്ട്രോകെമിക്കൽ പ്രോസസ് എൻജിനിയറിങ് വിഭാഗത്തിൽ പ്രൊഫ. ഡോ. ഇങ് ക്രിസ്റ്റീന റോത്തിന്റെ മേൽനോട്ടത്തിലാണ് ഗവേഷണം. വലിയ തോതിലുള്ള പുനരുപയോഗ ഊർജസംഭരണത്തിനായി ഉയർന്ന പവർ ഡെൻസിറ്റിയും കുറഞ്ഞ മെറ്റീരിയൽ ഉപയോഗവുമുള്ള പുതിയ തലമുറ അൾട്രാ-തിൻ റെഡോക്‌സ് ഫ്‌ലോ ബാറ്ററികൾ വികസിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജുക്കേഷൻ ആൻഡ് റിസർച്ച് തിരുപ്പതിയിൽനിന്നാണ് അജയ് മാസ്റ്റേഴ്‌സ് ബിരുദം നേടിയത്. സ്വിറ്റ്‌സർലൻഡിലെ ലോസാനിലുള്ള പ്രശസ്തമായ സ്വിസ് ഫെഡറൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ, പ്രൊഫ. മൈക്കൽ ഗ്രേറ്റ്‌സലിന്റെ മേൽനോട്ടത്തിലാണ് റെഡോക്‌സ് ഫ്‌ലോ ബാറ്ററികളെ ആസ്പദമാക്കി മാസ്റ്റേഴ്‌സ് ഗവേഷണ പ്രബന്ധം പൂർത്തിയാക്കിയത്. മുൻ ഉളിക്കൽ പഞ്ചായത്ത് പ്രസിഡന്റും ഡി.സി.സി. ജനറൽ സെക്രട്ടറിയുമായ മരങ്ങാട്ടുമ്യാലിൽ ബെന്നി തോമസിന്റെയും ഷീബ ബെന്നിയുടെയും മകനാണ്.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!