ടൂറിസ്റ്റ് ഹോമുകളിലെ ഭക്ഷണാവശിഷ്ടങ്ങൾ ഇരുട്ടിന്റെ മറവിൽ പുഴയിൽ തള്ളുന്നു; നാട്ടുകാർ പ്രതിഷേധത്തിൽ
ഇരിട്ടി : ഇരിട്ടിപ്പുഴ മാലിന്യം തള്ളാനുള്ള ഇടമാകുന്നുവെന്നു പരാതി. കണ്ണൂർ ജില്ലയിലെ പ്രധാന ശുദ്ധജലസ്രോതസ്സായ പഴശി ജലസംഭരണിയിലാണു രാത്രിയുടെ മറവിൽ ഭക്ഷണാവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ള മാലിന്യം തള്ളുന്നതായി ആരോപണം ഉയർന്നത്. ഇത്തരത്തിൽ പുഴ മലിനമാക്കുന്നതിനെതിരെ വർഷങ്ങളായി പ്രതിഷേധം നടക്കുന്നുണ്ട്. തിങ്കൾ പുലർച്ചെ പ്രഭാതസവാരിക്കെത്തിയ പ്രദേശവാസിയാണു, പഴയപാലത്തിൽ ചാക്കുകെട്ടുകളുമായി നിന്നിരുന്ന ഒരാൾ മാലിന്യം പുഴയിലേക്കു തള്ളാൻ ശ്രമിക്കുന്നത് കണ്ടത്. ശബ്ദമുയർത്തിയപ്പോൾ ഇയാൾ മാലിന്യം തള്ളാതെ അടുത്തുള്ള ടൂറിസ്റ്റ് ഹോമിലേക്ക് ഓടിക്കയറിയെന്നാണു ദൃക്സാക്ഷിയുടെ മൊഴി.
ടൂറിസ്റ്റ് ഹോമുകളിലെ ഭക്ഷണാവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ളവ പുഴയിൽ തള്ളുന്നതു പതിവാണെന്നാണു നാട്ടുകാർ പറയുന്നത്. പുലർച്ചെയാണ് ഇത്തരം പ്രവൃത്തികൾ നടക്കുന്നത്. മാലിന്യം തള്ളുന്നതു തടയാൻ ഫലപ്രദമായ നിരീക്ഷണ സംവിധാനമില്ലെന്നും നാട്ടുകാര്‍ വ്യക്തമാക്കി. ഇരിട്ടി പുതിയ ബസ് സ്റ്റാൻഡ്, പഴയ സ്റ്റാൻഡ്, ടേക്ക് എ ബ്രേക്ക് പരിസരം എന്നിവിടങ്ങളിൽ നിന്നും ദുർഗന്ധം വമിക്കാറുമുണ്ട്. മലിനജലം ഓവുചാലിലേക്ക് ഒഴുക്കി വിടുന്നതാണു ദുർഗന്ധത്തിനു കാരണമെന്നു നാട്ടുകാർ ചൂണ്ടികാട്ടി.
ഇരിട്ടി ടൗണിലെ പഴയപാലത്തിലും പുതിയപാലത്തിലും രാത്രി പത്തിനു ശേഷം തെരുവുവിളക്കുകൾ അണയുന്നതോടെ ,സ്ഥലം സാമൂഹികവിരുദ്ധരുടെ താവളമായി മാറുന്നതായി പരാതിയുണ്ട്. സ്വകാര്യ സ്ഥാപനത്തിന്റെ സഹായത്തോടെ നഗരസഭ സ്ഥാപിച്ച തെരുവുവിളക്കുകൾ കരാർ വ്യവസ്ഥകൾക്ക് വിരുദ്ധമായി നേരത്തേ അണയ്ക്കുന്നു. പല വിളക്കുകളും മാസങ്ങളായി പ്രവർത്തിക്കുന്നില്ലെന്നും നാട്ടുകാർ പറയുന്നു. മേലെ സ്റ്റാൻഡിൽ വാഹനമിടിച്ച് തകർന്ന തെരുവുവിളക്കുകൾ ഒരു വർഷം കഴിഞ്ഞിട്ടും പുനഃസ്ഥാപിച്ചിട്ടില്ല .
പുഴയിലേക്ക് മാലിന്യം തള്ളുന്നത് തടയാൻ അടിയന്തര നടപടി സ്വീകരിക്കുക, പഴയപാലത്തിലും പുതിയപാലത്തിലും പരിസരങ്ങളിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കുക, രാത്രിയിലും തെരുവുവിളക്കുകൾ പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളാണു പ്രദേശവാസികൾ ഉന്നയിക്കുന്നത്.
