പാർട്ടി മറന്നുള്ള ഭരണം വേണ്ട; ലീഗ് മന്ത്രിമാർക്ക് നേതൃത്വത്തിന്റെ കർശന നിർദേശം
മലപ്പുറം: പാർട്ടി നിലപാട് ഉയർത്തിപ്പിടിച്ചും പ്രവർത്തകരുടെ വികാരം ഉൾക്കൊണ്ടും മുന്നോട്ടുപോകണമെന്ന് മുസ്‌ലിംലീഗ് മന്ത്രിമാരോട് നേതൃത്വം. സംഘടനാ സംവിധാനത്തിലൂടെ മുന്നോട്ടുപോകണം. മുൻപു തീരുമാനിച്ചപോലെ വ്യവസ്ഥാപിതമായിത്തന്നെ പ്രവർത്തിക്കണമെന്നും മന്ത്രിമാർക്ക് നിർദേശംനൽകി.
പേഴ്‌സണൽ സ്റ്റാഫ് നിയമനം, പി.എം. ശ്രീ തുടങ്ങിയ വിഷയങ്ങളിൽ മന്ത്രിമാർക്കെതിരേ പാർട്ടിയിൽ വിമർശനമുയർന്ന സാഹചര്യത്തിലാണ് ലീഗ് മന്ത്രിമാരുടെ യോഗം വിളിച്ചത്. പി.എം. ശ്രീയുടെ ഭാഗമായി കരിക്കുലം മാറ്റുന്നതിൽ ജാഗ്രത വേണമെന്നും ആവശ്യപ്പെട്ടു. നിശ്ചിത ഇടവേളകളിൽ മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും പ്രവർത്തനം വിലയിരുത്താനും തീരുമാനിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് സമ്പൂർണ നേതൃയോഗം കോഴിക്കോട്ട് ചേരുന്നതിന് മുന്നോടിയായി അഞ്ച് മന്ത്രിമാരുടെയും വകുപ്പുകളിലെ കാര്യങ്ങളും വിശകലനംചെയ്തു.
സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ വീട്ടിൽ വെള്ളിയാഴ്ച രാവിലെയായിരുന്നു യോഗം. മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, പി.കെ. ബഷീർ, എൻ. ഷംസുദ്ദീൻ, കെ.എം. ഷാജി, വി.എ. അബ്ദുൽ ഗഫൂർ എന്നിവർക്കുപുറമേ സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം, ജില്ലാ പ്രസിഡന്റ് അബ്ബാസലി ശിഹാബ് തങ്ങൾ എന്നിവരും പങ്കെടുത്തു.
മന്ത്രിമാർക്കെതിരേ പാർട്ടിക്കകത്ത് വിമർശനമില്ലെന്നും സംഘടനാ സംവിധാനത്തിലൂടെ പോകണമെന്ന് നിർദേശം നൽകിയതായും യോഗശേഷം പി.എം.എ. സലാം പറഞ്ഞു. പേഴ്‌സണൽ സ്റ്റാഫ് നിയമനത്തിൽ ഒരു പോഷക സംഘടനയും തന്നോട് പരാതി പറഞ്ഞിട്ടില്ല. സ്റ്റാഫ് നിയമനം പൂർത്തിയായി. മൂവായിരത്തിലധികം അപേക്ഷകളാണ് കിട്ടിയത്. അതിൽ വളരെക്കുറച്ചു പേരെ മാത്രമേ നിയമിക്കാനാകൂ. ചിലർക്ക് വിഷമമുണ്ടെന്ന് മനസ്സിലായി. യോഗ്യരായവർക്ക് മറ്റു പരിഗണന നൽകുന്ന കാര്യം പാർട്ടി ആലോചിക്കുന്നുണ്ടെന്നും പി.എം.എ. സലാം വ്യക്തമാക്കി.
കേരള വഖഫ് ബോർഡിന് കോടതി നിയന്ത്രണം ഏർപ്പെടുത്തിയതിൽ സംസ്ഥാന സർക്കാർ ഹർജിക്കാർക്കൊപ്പം ഒത്തുകളിക്കുന്നുവെന്ന പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ ആരോപണം മുസ്‌ലിംലീഗ് തള്ളി. പ്രതിപക്ഷനേതാവ് കള്ളം പറയുകയാണെന്ന് പി.എം.എ. സലാം പറഞ്ഞു. മറ്റു മതസ്ഥരെ ബോർഡിൽ വെക്കാമെന്ന് സർക്കാർ കോടതിയിൽ പറഞ്ഞിട്ടില്ല. ഇക്കാര്യത്തിൽ ഉചിതമായ നടപടി സ്വീകരിക്കും. വഖഫ് ബോർഡിൽ മുസ്‌ലിംകൾ അല്ലാത്തവർ വരുന്നത് ശരിയല്ലെന്ന വാദമാണ് ലീഗിനെന്നും സലാം കൂട്ടിച്ചേർത്തു.
