ഇന്ന് ലോക പാമ്പ് ദിനം, ജയനയുടെ സ്വപ്നം രാജവെമ്പാല; പേടിയല്ല, കൗതുകത്തിൽ തുടക്കം

Share our post

കണ്ണൂർ: വീട്ടിൽ ഒരു ചേര വലയിൽ കുടുങ്ങിയപ്പോൾ സഹായം ചോദിച്ചു വിളിച്ചവരിൽനിന്നു കിട്ടിയത് ഒരു ചോദ്യമായിരുന്നു ‘പാമ്പല്ലേ, ചത്തുപോകട്ടെ.’ ആ ഉദാസീനത ജയനയെ വേദനിപ്പിച്ചു. ആ വേദനയാണ് പിന്നീട് ഈ ഇരുപത്തിയെട്ടുകാരിയെ പാമ്പുപിടിത്തത്തിന്റെ ലോകത്തേക്ക് നടത്തിച്ചത്. ഓഫീസ് അഡ്മിനിസ്‌ട്രേഷനിൽ ജോലി ചെയ്തിരുന്ന, ഇപ്പോൾ പി.എസ്.സി പരിശീലനത്തിലുള്ള ജയനയുടെ ഏറ്റവും വലിയ സ്വപ്നം ഇന്ന് ഒരൊറ്റ ലക്ഷ്യത്തിലേക്ക് നീളുന്നു. രാജവെമ്പാലയെ പിടികൂടുക.

പാമ്പിനെ അടിച്ചുകൊല്ലരുത്, മണ്ണെണ്ണ ഒഴിക്കരുത്. അതും ജീവനാണ്, ഭൂമിയുടെ അവകാശിയാണ്’ ജയന പറയുമ്പോൾ ആ വാക്കുകളിൽ ഒരു ജീവനോടുള്ള കരുതലുണ്ട്. വലയിൽ കുടുങ്ങിയ പാമ്പിന്റെ അവസ്ഥ കണ്ട് സങ്കടം തോന്നിയ അവർ അന്വേഷണം തുടർന്നു, ഒടുവിൽ റസ്‌ക്യൂവർ സന്ദീപിന്റെ നമ്പർ കണ്ടെത്തി.
ചെറുപ്പം മുതലേ പാമ്പിന്റെ ചർമ്മം എങ്ങനെയെന്നറിയാനുള്ള കൗതുകം ജയനയ്ക്കുണ്ടായിരുന്നു. തൊട്ടുനോക്കാനുള്ള ആഗ്രഹം. സന്ദീപുമായുള്ള പരിചയമാണ് അവരെ ‘മാർക്ക്’ എന്ന സംഘടനയുടെ ഭാഗമാക്കിയത്. ഇപ്പോൾ റസ്‌ക്യൂ ലൈസൻസിനായി അപേക്ഷിച്ച് കാത്തിരിക്കുന്ന ജയന, മാർക്കിന്റെ പ്രവർത്തകർക്കൊപ്പം രക്ഷാപ്രവർത്തനങ്ങളിൽ സജീവമായി പങ്കാളിയാണ്.

കൂത്തുപറമ്പ് കൈതേരി സ്വദേശിയായ ഭർത്താവ് സനീഷ് കുവൈത്തിലാണ് ജോലി ചെയ്യുന്നത്. ദൂരെയിരുന്നും അദ്ദേഹം ജയനയ്ക്ക് എല്ലാ പിന്തുണയും നൽകുന്നു. ഇരിട്ടി ഉളിയിൽ സ്വദേശി പരേതനായ രാജീവന്റെയും പ്രിയയുടെയും മകളാണ്. അമ്മയും ടൈൽസ് ജോലി ചെയ്യുന്ന അനിയൻ രാഹുൽ, സഹോദരി രയന എന്നിവരും ഭർതൃ കുടുംബവും പൂർണ പിന്തുണ നൽകുന്നു. മക്കളായ അഞ്ചാം ക്ലാസുകാരൻ അയൻദേവിനും രണ്ടാം ക്ലാസുകാരി അലങ്കൃതയ്ക്കും അമ്മയുടെ ധൈര്യം അഭിമാനമാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!