വൈദ്യുതി നിയന്ത്രണത്തെ രാഷ്ട്രീയവത്കരിക്കരുത്, പവർകട്ടിന് കാരണം വൈദ്യുതി പ്രതിസന്ധി- സണ്ണി ജോസഫ്
തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിലുള്ള വൈദ്യുതി പ്രതിസന്ധിയും നിയന്ത്രണങ്ങളും രാഷ്ട്രീയവത്കരിക്കരുതെന്ന് മന്ത്രി സണ്ണി ജോസഫ്. യുഡിഎഫ് സർക്കാർ അധികാരത്തിൽവന്നതുകൊണ്ടുള്ള നിയന്ത്രണമല്ല ഇതെന്നും രാജ്യമെമ്പാടും നിലനിൽക്കുന്ന സമാനമായ സാഹചര്യത്തിന്റെ ഭാഗമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ വൈദ്യുതി ഉപഭോഗത്തിൽ ആയിരം മെഗാവാട്ടിന്റെ വർധനവാണ് ഉണ്ടായിരിക്കുന്നത്. കടുത്ത ചൂടും മഴയുടെ കുറവുമൂലം ഉൽപാദനത്തിലുണ്ടായ ഇടിവുമാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണമെന്നും മന്ത്രി വിശദീകരിച്ചു.
രാത്രികാലങ്ങളിൽ വൈദ്യുതിയുടെ അനാവശ്യ ഉപഭോഗം കുറയ്ക്കണമെന്ന് പൊതുജനങ്ങളോട് മന്ത്രി അഭ്യർഥിച്ചു. എസിയുടെ താപനില 25 ഡിഗ്രി സെൽഷ്യസിൽ ക്രമീകരിക്കുന്നത് വൈദ്യുതി ഉപയോഗം കുറയ്ക്കാൻ സഹായിക്കും. കൂടാതെ, രാത്രികാലങ്ങളിൽ അയൺ ബോക്സ്, മോട്ടോറുകൾ തുടങ്ങിയവയുടെ ഉപയോഗം പരമാവധി ഒഴിവാക്കി പകൽ സമയത്തേക്ക് മാറ്റണമെന്നും കടകളിലും വീടുകളിലും അനാവശ്യമായി ലൈറ്റുകൾ പ്രകാശിപ്പിക്കരുതെന്നും മന്ത്രി നിർദേശിച്ചു. വൈകിട്ട് ആറുമണിക്ക് ശേഷമുള്ള പീക്ക് അവറുകളിൽ നിയന്ത്രണം ഏർപ്പെടുത്തേണ്ടത് അനിവാര്യമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
സോളാർ വൈദ്യുതി ഉൽപാദനം മികച്ച പരിഹാരമാണെങ്കിലും പകൽ ലഭിക്കുന്ന വൈദ്യുതി സംഭരിക്കാനുള്ള സംവിധാനത്തിന്റെ കുറവ് വെല്ലുവിളിയാണെന്ന് മന്ത്രി പറഞ്ഞു. ഇതിനായി അടിയന്തരമായ സംവിധാനങ്ങൾ ഒരുക്കാനുള്ള നടപടികൾ നടത്തിവരികയാണ്. മുൻപ് മറ്റ് സംസ്ഥാനങ്ങളിൽനിന്ന് കടംവാങ്ങിയ വൈദ്യുതി തിരിച്ചുനൽകേണ്ട സമയമാണിതെങ്കിലും ഉൽപാദനക്കുറവ് മൂലം അതിനും തടസ്സങ്ങൾ നേരിടുന്നുണ്ട്. ഈ സാഹചര്യത്തിൽ കൂടുതൽ പ്രതിവിധികൾ കണ്ടെത്താനുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും മന്ത്രി അറിയിച്ചു.
