കണ്ണൂരിലെ നാലമ്പലങ്ങൾ ഭക്തരെ വരവേൽക്കാൻ ഒരുങ്ങി
മട്ടന്നൂർ: കർക്കടക മാസം വെള്ളിയാഴ്ച ആരംഭിക്കാനിരിക്കെ കണ്ണൂർ ജില്ലയിലെ നാലമ്പലങ്ങൾ ഭക്തരെ വരവേൽക്കാൻ ഒരുങ്ങുകയാണ്. സമീപ വർഷങ്ങളിൽ രാമായണമാസാചരണത്തോടനുബന്ധിച്ചുള്ള നാലമ്പല ദർശനത്തിന് കണ്ണൂരിലെ ക്ഷേത്രങ്ങളിലേക്കും ഭക്തരുടെ ഒഴുക്ക് വർദ്ധിച്ചുവരുന്നതായി ക്ഷേത്രഭാരവാഹികൾ പറയുന്നു. ത്രേതായുഗത്തിലെ വൈഷ്ണവ അവതാരങ്ങളായ ശ്രീരാമൻ, ലക്ഷ്മണൻ, ഭരതൻ, ശത്രുഘ്നൻ എന്നിവരുടെ സങ്കൽപത്തിലുള്ള നാല് ക്ഷേത്രങ്ങളെയാണ് നാലമ്പലങ്ങൾ എന്ന് വിശേഷിപ്പിക്കുന്നത്. രാമായണ മാസത്തിൽ ഈ നാല് ക്ഷേത്രങ്ങളിലും ദർശനം നടത്തുന്നത് രാമായണം ഒരുതവണ പാരായണം ചെയ്തതിന് തുല്യമായ പുണ്യമാണെന്നാണ് വിശ്വാസം.
ഒരുകാലത്ത് കനത്ത മഴയും ക്ഷാമവും രോഗങ്ങളും നിറഞ്ഞ ദുരിതമാസമായിരുന്നു കർക്കടകം. കൃഷിപ്പണികൾ മുടങ്ങുകയും ജനങ്ങൾ വീടുകളിൽ ഒതുങ്ങിക്കഴിയുകയും ചെയ്തിരുന്ന കാലത്ത് ആത്മീയ ആശ്വാസമായാണ് രാമായണ പാരായണവും നാലമ്പല യാത്രയും രൂപംകൊണ്ടത്. കാലം മാറിയെങ്കിലും ആ വിശ്വാസത്തിനും ആചാരത്തിനും ഇന്നും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.
കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലെ നാലമ്പല യാത്രകൾ ഏറെ പ്രശസ്തമാണ്. കണ്ണൂരിലെ നാലമ്പലങ്ങളും അടുത്തകാലത്തായി ഭക്തരുടെ ശ്രദ്ധ ആകർഷിച്ചിരിക്കുകയാണ്. നീർവേലി ശ്രീരാമസ്വാമി ക്ഷേത്രം, എളയാവൂർ ഭരതസങ്കൽപ ക്ഷേത്രം, പെരിഞ്ചേരി ലക്ഷ്മണ സങ്കൽപ വിഷ്ണുക്ഷേത്രം, പായം ശത്രുഘ്ന സങ്കൽപ മഹാവിഷ്ണു ക്ഷേത്രം എന്നിവയാണ് കണ്ണൂരിലെ നാലമ്പലങ്ങളായി അറിയപ്പെടുന്നത്.
