വലിയചുടുകാട്ടിലുയരുന്നു, വി.എസിനു മാത്രമായൊരു സ്മാരകം

Share our post

ആലപ്പുഴ: പുന്നപ്ര-വയലാർ സമരസേനാനികൾ അന്ത്യവിശ്രമംകൊള്ളുന്ന വലിയചുടുകാട്ടിൽ അവരിലൊരാളായ വി.എസ്. അച്യുതാനന്ദനായി പ്രത്യേക സ്മാരകം ഒരുങ്ങുന്നു. രക്തസാക്ഷിഭൂമിയിൽ ഇതുവരെ വ്യക്തിഗതസ്മാരകങ്ങൾ നിർമിച്ചിട്ടില്ല. വി.എസിന്റെ ഒന്നാം ചരമവാർഷികദിനം ആചരിക്കുന്ന 21-ന് സ്മാരകനിർമാണം പൂർത്തിയാകും. അനുസ്മരണദിനത്തിൽ എത്തുന്നവർക്ക് വി.എസ്. സ്മാരകത്തിൽ പുഷ്പാർച്ചന നടത്താനാകും.

സി.പി.ഐ.യുടെയും സി.പി.എമ്മിന്റെയും കൂട്ടുസ്വത്താണ് വലിയചുടുകാടു സ്മാരകം. സമരസേനാനികളുടെ സ്മരണയുണർത്തുന്ന സ്തൂപങ്ങളാണ് ഇവിടെയുള്ളത്. ടി.വി. തോമസ്, എം.എൻ. ഗോവിന്ദൻനായർ, പി.കെ. ചന്ദ്രാനന്ദൻ തുടങ്ങിയ പ്രമുഖർക്കൊന്നും ഇവിടെ പ്രത്യേകം സ്മാരകമില്ല. വി.എസിനു മാത്രം സ്മാരകമൊരുക്കുന്നതു ചർച്ചയാകുകയാണ്.

വി.എസ്. വേറിട്ട വ്യക്തിത്വമായതുകൊണ്ടാണ് വേറിട്ടൊരു സ്മാരകം ഒരുക്കുന്നതെന്ന് സി.പി.എം. ജില്ല സെക്രട്ടറി ആർ. നാസർ പറഞ്ഞു. സമരസേനാനികളിൽ പി.ബി. അംഗവും മുഖ്യമന്ത്രിയുമായിരുന്ന ഒരാൾ വി.എസ്. മാത്രമാണ്. വലിയചുടുകാട്ടിൽ വി.എസിനെ അടക്കംചെയ്തിടത്ത് ദിവസവും ഒട്ടേറെപ്പേരെത്തി പുഷ്പാർച്ചന നടത്തുന്നുമുണ്ട്. ഇതെല്ലാം പരിഗണിച്ചാണ് സ്മാരകം നിർമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കമ്യൂണിസ്റ്റ് പാർട്ടി ജില്ല സെക്രട്ടറിയായിരുന്നപ്പോൾ 1957-ലാണ് വി.എസിന്റെ പേരിൽ ആലപ്പുഴ നഗരസഭയിൽനിന്ന് ഈ ഭൂമി വാങ്ങിയത്. ഇപ്പോഴും അത് വി.എസിന്റെ പേരിൽത്തന്നെ. 1964-ൽ പാർട്ടി പിളർന്നപ്പോൾ വലിയചുടുകാടും സ്മാരകപ്രദേശവും പകുത്തു. സോവിയറ്റ് മാതൃകയിൽ അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടി നിർമിച്ച സ്മാരകം സി.പി.ഐ.ക്കു കൊടുത്തു. സി.പി.എം. ചതുരമാതൃകയിൽ മറ്റൊന്നൊരുക്കുകയും ചെയ്തു. എങ്കിലും പുന്നപ്ര-വയലാർ വാരാചരണം ഇരുപാർട്ടികളും ഒരുമിച്ചാണു നടത്തുന്നത്.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!