മദ്യത്തിന് രുചിയും മണവും കൂട്ടാൻ കൃത്രിമ ഫ്ലേവർ, പഴക്കത്തിൽ കള്ളക്കളി, മദ്യക്കമ്പനികൾക്ക് നോട്ടിസ്
ന്യൂഡൽഹി : മദ്യത്തിൽ അനുവദനീയമല്ലാത്ത കൃത്രിമ ഫ്ലേവറുകൾ ഉപയോഗിക്കുന്നതിനും ലേബലുകളിൽ മദ്യത്തിന്റെ പഴക്കം സംബന്ധിച്ച് തെറ്റായ അവകാശവാദങ്ങൾ നൽകുന്നതിനും എതിരെ കർശന നടപടിയുമായി ഭക്ഷ്യസുരക്ഷാ അതോറിറ്റി (എഫ്എസ്എസ്എഐ). 2018ലെ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ്സ് (ആൽക്കഹോളിക് ബവ്റിജസ്) റഗുലേഷൻ വ്യവസ്ഥകൾ ലംഘിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് വിവിധ മദ്യനിർമാണ കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടിസ് അയച്ചത്.
റം, ബ്രാൻഡി, ജിൻ, വിസ്കി, വൈൻ, ബീയർ തുടങ്ങിയ മദ്യങ്ങൾക്ക് അവയുടെ തനതായ രുചിയും മണവും നൽകുന്നതിന് പകരം, കൃത്രിമ ഫ്ലേവറുകൾ ചില കമ്പനികൾ ചേർക്കുന്നതായി റഗുലേറ്റർ കണ്ടെത്തി.
മദ്യത്തിന്റെ പഴക്കം സൂചിപ്പിക്കുന്ന വാക്കുകളോ പര്യായങ്ങളോ പരോക്ഷ പ്രയോഗങ്ങളോ ഉപയോഗിച്ച് കമ്പനികൾ അനധികൃതമായി അവകാശവാദങ്ങൾ ഉന്നയിക്കുന്നതായും എഫ്എസ്എസ്എഐ ചൂണ്ടിക്കാട്ടി. ‘ഏജ്ഡ്’ എന്നോ സമാനമായ വാക്കുകളോ രേഖപ്പെടുത്തിയിട്ടുള്ള ഉൽപന്നങ്ങളിൽ, ആ ബ്ലെൻഡിൽ ഉപയോഗിച്ചിരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ സ്പിരിറ്റിന്റെ പ്രായമാണ് നൽകേണ്ടത്. എന്നാൽ മിക്ക കമ്പനികളും ഈ നിബന്ധന പാലിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് അധികൃതർ വ്യക്തമാക്കി.
