ഫുട്ബോൾ ബൂട്ടുകൾ ‘കായ്ക്കുന്ന’ പെരുന്തട്ടയിലെ ബൂട്ട് മരം

Share our post

വയനാട്: കൽപറ്റ നഗരത്തിനടുത്തുള്ള ഒരു പ്ലാന്റേഷൻ ഗ്രാമം. തേയിലത്തോട്ടങ്ങളും കാപ്പിത്തോട്ടങ്ങളും സൗന്ദര്യമൊരുക്കുന്ന ശാന്തസുന്ദരമായ ഒരു പ്രദേശം. പേര് പെരുന്തട്ട. ചെമ്പ്രയുടെയും മൈലാടിപ്പാറയുടെയും അതിമനോഹരമായ വിദൂരദൃശ്യങ്ങൾ ഇവിടെനിന്ന് കാണാം. തേയിലത്തോട്ടങ്ങൾക്കപ്പുറം ചെറുവനമാണ്. സുന്ദരമായ പ്രഭാതങ്ങളും സായാഹ്നങ്ങളും വേണ്ടുവോളം ആസ്വദിക്കാം.

പ്രകൃതിയോടെന്നപോലെത്തന്നെ ഇവിടത്തുകാർക്ക് കാൽപ്പന്ത് കളിയോടും വലിയ പ്രണയമാണ്. തേയിലത്തോട്ടങ്ങളോടുചേർന്ന മൈതാനത്താണ് പതിറ്റാണ്ടുകളായി ഇവർ പന്തുതട്ടുന്നത്. ഈ മൈതാനത്ത് ഒരു അദ്ഭുത മരമുണ്ട്. നാട്ടുകാരുടെ സ്വന്തം ബൂട്ട് മരം. ഈ കാറ്റാടി മരം നിറയെ ബൂട്ടുകൾ കായ്ച്ചതിന് പിന്നിലൊരു കഥയുണ്ട്…

എസ്റ്റേറ്റ് ഭൂമിയിലാണ് പെരുന്തട്ടക്കാരുടെ കളിസ്ഥലം. തലമുറകളായി അവർ കളിച്ചുവളരുന്നയിടം. ബൂട്ടും ജേഴ്സിയുമണിഞ്ഞ് പ്രൊഫഷണലായി തന്നെയാണ് ഫുട്ബോൾ കളിക്കാറ്. എന്നാൽ, ചരൽപ്രദേശമായതിനാൽ ബൂട്ടിന് അധികം ആയുസ്സുണ്ടാകില്ല. പെട്ടെന്ന് തേയ്മാനമുണ്ടാവുകയും പൊട്ടിപ്പോവുകയും ചെയ്യും. ഈ ബൂട്ടുകൾ മൈതാനത്തുതന്നെ ഉപേക്ഷിക്കാറായിരുന്നു പതിവ്. പിന്നീട് ഈ ശീലം മാറ്റിയതോടെയാണ് ബൂട്ട് മരത്തിന്റെ കഥ ആരംഭിക്കുന്നത്.

കേടുവന്ന ബൂട്ടുകൾ പരസ്പരം കെട്ടി മൈതാനത്തിന് സമീപമുള്ള കാറ്റാടി മരത്തിലേക്കെറിയാൻ ആരംഭിച്ചു. ഏകദേശം പത്തുവർഷത്തോളമായി ഈ ബൂട്ടേറ് തുടരുകയാണ്. ബൂട്ടുകൾ കായ്ച്ച് പന്തലിച്ച് നിൽക്കുന്ന ആ കാറ്റാടി മരം അങ്ങനെ ബൂട്ട് മരമായി. പെരുന്തട്ടക്കാരുടെ സ്വന്തം ബൂട്ട് മരം. തൂങ്ങിയാടുന്ന ബൂട്ടുകളിൽ അവർ കാണുന്നത് ഒരു കാലഘട്ടത്തിന്റെ ഓർമകളാണ്. ഞങ്ങളും ഇവിടെ കളിച്ചിരുന്നു എന്ന ഓർമപ്പെടുത്തൽ‌.

മൈതാനത്ത് പന്തുതട്ടിയവരുടെ ഓർമകൾ നിലനിൽക്കണമെന്ന ആശയത്തോടൊപ്പം പരിസ്ഥിതി വൃത്തിയായി സൂക്ഷിക്കുക എന്ന ലക്ഷ്യവും ഇതിനുപിന്നിലുണ്ടെന്നാണ് പെരുന്തട്ടക്കാർ പറയുന്നത്. പഴയതലമുറ ചെയ്തുവെച്ച ബൂട്ടേറ് ഒരുമുടക്കവും കൂടാതെ ഇനിയും തുടരുമെന്നും ഇവർ പറഞ്ഞുവയ്ക്കുന്നു.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!