പഴശ്ശിരാജ താമസിച്ചിരുന്ന ഗുഹയും ഭൂമിക്കടിയിലെ മൈതാനവും അടുത്തുള്ള കൊടിഞ്ഞി വെള്ളച്ചാട്ടവും

Share our post

നിലമ്പൂർ : സാഹസിക യാത്ര ഇഷ്ടപ്പെടുന്നവർക്ക് കണ്ണുകൾക്ക് കുളിർകാഴ്ചയാണ് മുണ്ടേരി ഉൾവനത്തിലെ കൊടിഞ്ഞി വെള്ളച്ചാട്ടം. ഒന്നര കിലോമീറ്റർ ഉയരത്തിൽ നിന്ന് വെള്ളം പാറകളിൽ തട്ടിച്ചിതറി താഴേക്ക് പതിക്കുന്നത് എത്ര കണ്ടാലും മതിവരില്ല. സൂര്യരശ്മികൾ പതിച്ച് വെള്ളത്തുള്ളികൾക്ക് മഴവില്ലിന്റെ നിറം രൂപപ്പെടുന്നത് അതിമനോഹര കാഴ്ചയാണ്. നിലമ്പൂർ റേഞ്ചിലെ വാണിയമ്പുഴ സ്റ്റേഷൻ പരിധിയിലാണ് വയനാടൻ മലനിരകളിൽ നിന്ന് ഉത്‌ഭവിക്കുന്ന കൊടിഞ്ഞി പുഴയിലെ വെളളച്ചാട്ടം. കാഞ്ഞിരപ്പുഴ സ്റ്റേഷന്റെ അതിർത്തി സ്ഥാനം കൂടിയാണ്. മുണ്ടേരി സംസ്ഥാന വിത്തു കൃഷി തോട്ടം കടന്ന് വനത്തിലൂടെ ഏഴ് കിലോമീറ്റർ ദൂരം കാൽ നടതാണ്ടിയാൽ വെള്ളച്ചാട്ടപ്രദേശത്തെത്താം. ദൂരം കുറവാണെങ്കിലും ചെങ്കുത്തായ ദുർഘടപാത താണ്ടാൻ ആറ് മണിക്കൂർ വേണം. ആന ഉൾപ്പെടെ മൃഗങ്ങളെ പേടിക്കണം. ചാലിയാറും കാരാടൻ പുഴയും കടക്കണം. വെളളച്ചാട്ടത്തിൽ നിന്ന് വയനാട്ടിലെ ചൂരൽമലയിലേക്ക് നാല് കിലോമീറ്റർ ദൂരമേയുള്ളു. അവിടെ നിന്ന് മേപ്പാടിയിലേക്ക് പോകാൻ എളുപ്പമാണ്.

ഭൂദാനം ഇരുൾകുന്ന് ഒപി വഴിയും വെള്ളച്ചാട്ടത്തിലെത്താം. ചേമ്പ്കല്ല് പൊട്ടിവരെ വാഹനം പോകും. പഴയ കൂപ്പ് റോഡ് ഉണ്ട്. തുടർന്ന് 2 കിലോമീറ്റർ നടക്കണം. വഴിമധ്യേ കാരാടൻ പുഴയിലെ ഒലിമ്പാറ വെളളച്ചാട്ടം കണ്ടാസ്വദിക്കാം. ഒലിമ്പാറയിൽ ഇക്കോടൂറിസം പദ്ധതി മുമ്പ് ശുപാർശ ചെയ്തിട്ടുണ്ട്. ബ്രിട്ടീഷുകാരുമായി യുദ്ധം ഉണ്ടായപ്പോൾ പഴശ്ശിരാജ ഒളിവിൽ കഴിഞ്ഞ അമ്മച്ചിപ്ലാവ് കൊടിഞ്ഞി വെള്ളച്ചാട്ടത്തിനടുത്താണ്. 26 അടിയിലേറെയാണ് വണ്ണം. ലോകത്തിലെ ഏറ്റവും വണ്ണം കൂടിയ പ്ലാവാണിതെന്ന് പറയുന്നു. നായാട്ടുകാർ, പെട്രോളിങിന് പോകുന്ന വനപാലകർ എന്നിവർ പ്ലാവിലാണ് വിശ്രമിക്കുന്നത്. പഴശ്ശിരാജ താമസിച്ചതായി പറയപ്പെടുന്ന 20 അടി വീതിയും 50 അടി നീളമുള്ള ഗുഹയും പ്രദേശത്തുണ്ട്. 20 അടി വീതിയും, 50 അടി നീളവും ഉള്ള ഗുഹയിലൂടെ നടന്നാൽ എത്തുന്നത് ഭൂമിക്കടിയിൽ രൂപപ്പെടുത്തിയ ചെറുമൈതാനത്തിലാണ്. 6 അടി താഴ്ചയുള്ള കിണറാണ് ഗുഹയുടെ കവാടം.

ആകാശം മുട്ടെ നിൽക്കുന്ന തേൻ പാറയാണ് പ്രദേശത്തെ മറ്റൊരു കാഴ്ച. ഒറ്റപാറയുടെ വിടവുകളിൽ വളരുന്ന വൻ വൃക്ഷങ്ങളിൽ തേനീച്ചകൾ നിറയെ കൂടുകെട്ടുന്നു. സീസണിൽ രാത്രികാലങ്ങളിൽ ആദിവാസികൾ ജീവൻ പണയം വച്ച് തേനെടുക്കുന്ന കാഴ്ച ശ്വാസം അടക്കിപ്പിടിച്ചെ കണ്ടു നിൽക്കാനാകൂ. പുരാണവുമായി പ്രദേശം ബന്ധപ്പെട്ടു കിടക്കുന്നു. രാമലക്ഷ്മണന്മാർ താമസിച്ചുവെന്നാണ് ഐതിഹ്യം. ഭക്ഷണം പാചകം ചെയ്ത് കഴിച്ച ശേഷം കലം കമിഴ്ത്തി വച്ചതിനാലാണ് പേര് വീണതെന്നു പറയുന്നു. പിന്നെയാണ് സീതയെ തേടി ലങ്കയിലേക്ക് പോയത്. അതിപുരാതന കാലത്ത് പ്രദേശം ജനവാസ മേഖലയായിരുന്നെന്നതിന് തെളിവുകൾ പ്രദേശത്തുണ്ട്.. ഇരുൾകുന്ന് വനത്തിൽ മഴക്കുഴി നിർമാണത്തിനിടെ മഹാശിലയുഗ കാലത്തേതെന്ന് കരുതുന്ന നന്നങ്ങാടികൾ കണ്ടെത്തിയത് അടുത്തിടെയാണ്. വിശദമായ പഠനം ആർക്കിയോളജിക്കൽ വിദഗ്ധർ ഉടൻ തുടങ്ങും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!