ഗാസയുടെ ഭരണച്ചുമതല ഒഴിഞ്ഞ് ഹമാസ്; ഇനി നടപ്പിലാകുക സമാധാന വ്യവസ്ഥയിലെ നിർദ്ദേശം
ഗാസ സിറ്റി: ഏകദേശം രണ്ട് പതിറ്റാണ്ടായി ഗാസ മുനമ്പിൽ ഭരണച്ചുമതല വഹിച്ചിരുന്ന ഭരണസമിതി ചുമതല ഒഴിയുന്നതായി ഹമാസ് തിങ്കളാഴ്ച പ്രഖ്യാപിച്ചു. ഇതോടെ ഗാസയുടെ സിവിലിയൻ ഭരണനിർവഹണം ഒരു സാങ്കേതിക വിദഗ്ധ സമിതിയായ നാഷണൽ കമ്മിറ്റി ഫോർ ദ അഡ്മിനിസ്ട്രേഷൻ ഓഫ് ഗാസ (NCAG) ഏറ്റെടുക്കുന്നതിനുള്ള വഴി തുറന്നിരിക്കുകയാണ്. ഗവൺമെന്റൽ എമർജൻസി കമ്മിറ്റിയുടെ തലവൻ മുഹമ്മദ് അൽ-ഫറ ഔദ്യോഗികമായി രാജിവെച്ചിട്ടുണ്ട്. ഭരണപരമായ മാറ്റം സുഗമമാക്കുന്നതിനായി കമ്മിറ്റി പിരിച്ചുവിടാനും അദ്ദേഹം തീരുമാനിച്ചിട്ടുണ്ട് എന്നാണ് ഹമാസ് സർക്കാരിൻ്റെ മാധ്യമവിഭാഗം മേധാവി ഇസ്മായിൽ അൽ-തവാബ്തയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ AFP റിപ്പോർട്ട് ചെയ്യുന്നത്.
‘ഇസ്രായേൽ അധിനിവേശത്തിന് ഇനി യാതൊരു ന്യായീകരണവും ഉണ്ടാകാതിരിക്കാനാണ് ഗാസയുടെ ഭരണച്ചുമതലയിൽ നിന്ന് ഹമാസ് പിന്മാറാൻ തീരുമാനിച്ചത്. ദേശീയ കമ്മിറ്റി എത്രയും വേഗം ഗാസയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. അവരുടെ പ്രവർത്തനം വിജയകരമാക്കാൻ ആവശ്യമായ എല്ലാ ഭരണച്ചുമതലകളും കൈമാറാൻ ഹമാസ് തയ്യാറാണ്’ എന്നും ഇസ്മായിൽ അൽ-തവാബ്ത കൂട്ടിച്ചേർത്തു.
2006ലെ പലസ്തീൻ തിരഞ്ഞെടുപ്പിൽ വിജയിച്ച ഹമാസ് 2007-ൽ എതിരാളികളായ ഫത്താഹിൽ നിന്ന് ഗാസയുടെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു. അതിന് ശേഷം ഹമാസാണ് ഗാസ മുനമ്പിൽ ഭരണം നടത്തിയിരുന്നത്. ഇപ്പോഴത്തെ തീരുമാനം ഹമാസിന്റെ രാഷ്ട്രീയ നിലപാടിലെ സുപ്രധാന മാറ്റമായാണ് വിലയിരുത്തപ്പെടുന്നത്. ഗാസയിലെ ഗവൺമെന്റൽ എമർജൻസി കമ്മിറ്റിയുടെ നേതൃത്വം രാജിക്കത്ത് സമർപ്പിച്ചിച്ചതായി നേരത്തെ അൽ ജസീറയും റിപ്പോർട്ട് ചെയ്തതിരുന്നു. ഗാസയുടെ ഭരണച്ചുമതല NCAGന് പൂർണമായി കൈമാറാൻ തങ്ങൾ തയ്യാറാണെന്നും ഇവർ അറിയിച്ചതായാണ് റിപ്പോർട്ട്. ഗാസയിലെ ജനങ്ങളുടെ പരമോന്നത താൽപര്യം മുൻനിർത്തിയാണ് ഈ തീരുമാനം എടുത്തതെന്ന് കമ്മിറ്റി വ്യക്തമാക്കിയതെന്നാണ് റിപ്പോർട്ട്. തുടരുന്ന യുദ്ധം, ഉപരോധം, പുനർനിർമാണം വൈകുന്നത്, ഗാസയിൽ നിന്ന് പിന്മാറാൻ ഇസ്രായേൽ തയ്യാറാകാത്തത് എന്നിവയാണ് ഭരണച്ചുമതല ഒഴിയാൻ കാരണങ്ങളായി അവർ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
ഗാസയുടെ ദൈനംദിന ഭരണത്തിൽ നിന്ന് പിന്മാറാൻ തങ്ങൾ തയ്യാറാണെന്ന് കഴിഞ്ഞ ഒക്ടോബറിൽ ഹമാസും ഇസ്രായേലും തമ്മിൽ നിലവിൽ വന്ന വെടിനിർത്തൽ കരാറിന് ശേഷം ഹമാസ് പലതവണ വ്യക്തമാക്കിയിരുന്നു. എന്നാൽ, ഹമാസിൻ്റെ നിരായുധീകരണവുമായി ബന്ധപ്പെട്ട തർക്കങ്ങൾ ഇപ്പോഴും പരിഹാരമായിട്ടില്ല.
