10 ചോദ്യങ്ങൾ ‘കാണാതായ’ പരീക്ഷയുടെ രേഖകൾ പുറത്തേക്ക്; പിഎസ്‌സിക്ക് കനത്ത പ്രഹരം

Share our post

ആസൂത്രണ ബോർഡ് പരീക്ഷയിലെ മൂല്യനിർണ്ണയ വീഴ്ചയിൽ പിഎസ്‌സിക്ക് വൻ തിരിച്ചടി. എല്ലാ ഉദ്യോഗാർത്ഥികളുടെയും ഉത്തരക്കടലാസുകൾ ഉൾപ്പെടെയുള്ള പരീക്ഷാ രേഖകൾ പുറത്തുവിടാൻ സംസ്ഥാന വിവരാവകാശ കമ്മീഷൻ ഉത്തരവിട്ടു. 10 ചോദ്യങ്ങൾ മൂല്യനിർണ്ണയം ചെയ്യാൻ വീഴ്ച സംഭവിച്ചുവെന്ന് ആഭ്യന്തര വിജിലൻസ് ഓഫീസർ പിഎസ്‌സിക്ക് സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു. ക്രമക്കേടിന്റെ അന്വേഷണത്തെച്ചൊല്ലി ഇന്ന് ചേർന്ന പിഎസ്‌സി യോഗത്തിൽ ചെയർമാനെതിരെ രൂക്ഷമായ വിമർശനം ഉയർന്നു.

ആസൂത്രണ ബോർഡ് ചീഫ് ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ പരീക്ഷയുടെ ഉത്തരക്കടലാസുകൾ വിവരാവകാശം വഴി ചോദിച്ചിട്ടും നൽകാൻ പിഎസ്‌സി കൂട്ടാക്കിയില്ല. ഇതിനെ ചോദ്യം ചെയ്തുകൊണ്ട് ഉദ്യോഗാർത്ഥിയായ കെ. ശ്യാംകൃഷ്ണൻ സമർപ്പിച്ച അപ്പീലിലാണ് പിഎസ്‌സിക്ക് തിരിച്ചടിയായി വിവരാവകാശ കമ്മീഷന്റെ ഉത്തരവ്. പരീക്ഷ എഴുതിയ എല്ലാവരുടെയും ഉത്തരക്കടലാസും അഭിമുഖത്തിന് നൽകിയ മാർക്കിന്റെ വിവരങ്ങളും ഉദ്യോഗാർത്ഥികൾക്ക് ഏഴു ദിവസത്തിനകം നൽകണമെന്നാണ് നിർദ്ദേശം. 

അതേസമയം, 10 ചോദ്യങ്ങൾ മൂല്യനിർണ്ണയം നടത്താൻ ഓൺലൈൻ സ്ക്രീൻ മാർക്കിങ് സംവിധാനത്തിൽ അസൈൻ ചെയ്തു നൽകുന്നതിൽ വന്ന വീഴ്ചയാണെന്നാണ് ആഭ്യന്തര വിജിലൻസ് ഓഫീസറുടെ പ്രാഥമിക റിപ്പോർട്ട്. ഇത് പരിശോധിച്ച പിഎസ്‌സി യോഗമാണ് സമഗ്രമായ അന്വേഷണത്തിന് ആഭ്യന്തര വിജിലൻസ് എസ്പിക്ക് നിർദ്ദേശം നൽകിയത്. രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണം. പിഎസ്‌സിയുടെ വിശ്വാസ്യത തകർക്കാൻ അനുവദിക്കില്ലെന്നും സമഗ്രമായ അന്വേഷണം മന്ത്രിസഭാ യോഗത്തിൽ പ്രഖ്യാപിക്കുമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.

മൂല്യനിർണ്ണയ പാളിച്ച ആഭ്യന്തര വിജിലൻസ് അന്വേഷിക്കാനാണ് കഴിഞ്ഞ ദിവസം ചേർന്ന പിഎസ്‌സി യോഗം തീരുമാനിച്ചത്. എന്നാൽ, ഇത് അട്ടിമറിച്ച് പരീക്ഷാ കൺട്രോളറെ ചെയർമാൻ അന്വേഷണം ഏൽപ്പിക്കുകയായിരുന്നു. ഇതിനെതിരെ ഇന്നത്തെ പിഎസ്‌സി യോഗത്തിൽ ചെയർമാനെതിരെ രൂക്ഷവിമർശനമുണ്ടായി. ചെയർമാൻ കമ്മീഷനെ കബളിപ്പിച്ചുവെന്നും ചെയർമാന്റെ നടപടി പിഎസ്‌സിയെ സംശയനിഴലിലാക്കിയെന്നും അംഗങ്ങൾ കുറ്റപ്പെടുത്തി. പരീക്ഷാ ക്രമക്കേടുകളിൽ ചെയർമാൻ രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് പിഎസ്‌സി ആസ്ഥാനത്തേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ നേരിയ സംഘർഷം. പ്രതിഷേധവുമായി എത്തിയ പ്രവർത്തകർ ബാരിക്കേഡുകൾ മറികടക്കാൻ ശ്രമിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!