എത്രകാലം സഹിക്കണം ഈ കുരുക്ക്
മേലെ ചൊവ്വ : മേൽപാലം നിർമാണത്തെത്തുടർന്ന് ചൊവ്വമുതൽ താണവരെ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു. മാസങ്ങളായി കുരുക്ക് തുടരുകയാണ്. മണിക്കൂറുകളോളം വാഹനങ്ങൾ റോഡിൽ കിടക്കുന്ന സ്ഥിതിയുണ്ട്. തലശ്ശേരി ഭാഗത്തെ റോഡിലാണ് കുരുക്ക് രൂക്ഷം.
നിലവിലെ റോഡിന്റെ മധ്യത്തിൽ പൈലിങ് നടത്തുന്നതിനായി വാഹനങ്ങളെ ഇരുവശത്തുകൂടെയാണ് കടത്തിവിടുന്നത്. കണ്ണൂർ ഭാഗത്തുനിന്ന് വാഹനങ്ങൾ മൂന്നും നാലും വരിയായി ചൊവ്വ കവല കടന്നുവരുമ്പോഴാണ് കുരുക്ക് രൂക്ഷമാകുന്നത്.
മൂന്നുവരിയായി വന്ന് നിർമാണം നടക്കുന്ന ഭാഗത്തെ ഇടുങ്ങിയ റോഡിലേക്ക് പ്രവേശിക്കാനാകാതെ കുരുങ്ങിക്കിടക്കേണ്ടിവരുന്നു. യാത്രക്കാരെ കയറ്റുന്നതിന് ബസ് നിർത്തുന്നതും മറ്റൊരുകാരണമാണ്.
കുരുക്ക് കുറയ്ക്കാൻ പരീക്ഷിക്കാം
ബസ് സ്റ്റോപ്പ് മറ്റിടത്തേക്ക് മാറ്റുന്നത് കുരുക്കിന് അല്പം പരിഹാരമാകുമെന്ന് നാട്ടുകാർ പറയുന്നു. കവല കഴിഞ്ഞുള്ള ഭാഗത്തെ വാഹനങ്ങൾക്ക് വേഗത്തിൽ കടന്നുപോകാനായാൽ താണവരെ നീളുന്ന കുരുക്ക് ഒഴിവാക്കാനാകും.
കണ്ണൂരിൽനിന്ന് മട്ടന്നൂർ റോഡിലേക്കുള്ള വാഹനങ്ങളെ കടത്തിവിടുന്നതിന് മെറ്റൽവിരിച്ച ഭാഗം ടാർചെയ്ത് ഗതാഗതയോഗ്യമാക്കുന്നതിന് നടപടി വേണം.
താഴെ ചൊവ്വ ഭാഗത്തുനിന്ന് മട്ടന്നൂർ റോഡിലേക്ക് കയറുമ്പോഴുള്ള കുരുക്ക് കുറയ്ക്കാൻ വലിയ വാഹനങ്ങൾ ഇൻകം ടാക്സ് ഓഫീസിന് മുന്നിലെ പെട്രോൾ പമ്പിന് സമീപത്തുവെച്ച് യു ടേൺ ചെയ്ത് വരുന്നതും പരിശോധിക്കണം.
