“സണ്ണി ഡേയ്സ്’ കാത്ത് മലബാറിന്റെ പദ്ധതികൾ
ഇരിട്ടി: വൈദ്യുതി മന്ത്രിയായി സണ്ണി ജോസഫ് അധികാരമേറ്റതോടെ കണ്ണൂർ-കാസർഗോഡ് ജില്ലകളിൽ പൂർത്തിയാക്കാനുള്ളതും തുടങ്ങാനുമായി നിരവധി പദ്ധിതകളാണുള്ളത്. 400 കെവി പവർ ഹൈവേയുമായി ബന്ധപ്പെട്ട് മന്ത്രിയുടെ വകുപ്പിൽ തന്നെയുള്ള നഷ്ടപരിഹാര പാക്കേജിൽ അന്തിമ തീരുമാനം ഇതുവരെയും എടുത്തിട്ടില്ല.
കനാൽ തകർച്ച പരിഹരിക്കാത്തതിനാൽ ഉത്പാദനം മുടങ്ങിയിട്ടുള്ള ബാരാപോൾ ചെറുകിട ജലവൈദ്യുതി നിലയം, നിർദിഷ്ട പഴശിസാഗർ ചെറുകിട ജലവൈദ്യുതി നിലയം, ചീമേനി, മൈലാട്ടി, ശ്രീകണ്ഠപുരം ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം എന്നിവ ഉൾപ്പെടെയുള്ള വിവിധ വൈദ്യുതി പദ്ധതികളുടെ കാര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കേണ്ടതുണ്ട്. കണ്ണൂർ-കാസർഗോഡ് ജില്ലകളിലെ പ്രധാനപ്പെട്ട വൈദ്യുതി പദ്ധതികളെക്കുറിച്ചും ജനങ്ങളുടെ പ്രതീക്ഷകളെക്കുറിച്ചും മന്ത്രിക്ക് മുന്പാകെ ദീപിക ആവർത്തിച്ച് ശ്രദ്ധയിൽപ്പെടുത്തുന്നു.
കരിന്തളം – വയനാട് 400 കെവി
മലബാറിലെ ഏറ്റവും വലിയ കർഷക പ്രഷോഭത്തിലേക്ക് നയിക്കാൻ സാധ്യതയുള്ള അതീവ സങ്കീർണമായ വിഷയമാണ് 400 കെവി നഷ്ടപരിഹാര പാക്കേജ് സംബന്ധിച്ച തർക്കം. കഴിഞ്ഞ അഞ്ച് വർഷമായി തുടരുന്ന തർക്കം സർക്കാർ തലത്തിൽ യാതൊരു നടപടിയും എടുക്കാതെ മാറ്റിവയ്ക്കുകയായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വരുന്നതിനു മുന്നോടിയായി കർഷകരെ പറ്റിക്കുക എന്ന ലക്ഷ്യത്തോടെ ഒന്നരവർഷം മുന്പ് തള്ളിയ കർണാടക മാതൃക നഷ്ടപരിഹാര പാക്കേജ് ശതമാന കണക്കുകൾ പറഞ്ഞ് പൊലിപ്പിച്ച് കാണിച്ചാണ് സർക്കാർ പ്രഖ്യാപനം വന്നത്.
2016ൽ സർവേ പൂർത്തിയാക്കിയ പദ്ധതി 125 കിലോമീറ്റർ ദൂരത്തിൽ ഏകദേശം 1500 ഏക്കർ കൃഷിഭൂമിയെയാണ് ബാധിക്കുന്നത്. പദ്ധതിക്ക് പ്രദേശവാസികൾ എതിരല്ലെങ്കിലും നഷ്ടപരിഹാര തുകയിലെ തർക്കമാണ് പ്രതിസന്ധി സൃഷ്ടിച്ചത്. മന്ത്രിതലത്തിലും ബോർഡ് തലത്തിലും കളക്ടർ തലത്തിലും ഉൾപ്പെടെയായി പത്തിലധികം തവണ ചർച്ചകൾ നടത്തിയിട്ടും കർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കാതെ തുച്ഛമായ പാക്കേജ് അടിച്ചേൽപ്പിക്കാനായിരുന്നു ശ്രമം.
മൈസൂരു -അരീക്കോട്, ഉഡുപ്പി- കരിന്തളം ലൈനുകളെയാണ് പദ്ധതി ബന്ധിപ്പിക്കുന്നത്. ഇതോടെ കേന്ദ്രസഹായത്തോടെ വൈദ്യുതി സംസ്ഥാനത്ത് എത്തിക്കാൻ കഴിയും. കണ്ണൂർ, കാസർഗോഡ്, വയനാട്, കോഴിക്കോട് ജില്ലകൾക്ക് പദ്ധതികൊണ്ട് കൂടുതൽ പ്രയോജനം ലഭിക്കും.
2022 മേയ് മാസത്തിലാണ് എൽ ആൻഡ് ടിക്ക് പദ്ധതിയുടെ കരാർ നൽകിയത്. 2025 മേയിൽ പൂർത്തീകരിക്കണമെന്നതായിരുന്നു വ്യവസ്ഥ. നിലവിൽ തർക്കം രൂക്ഷമായി നിൽക്കുന്നത് പേരാവൂർ , ഇരിക്കൂർ മണ്ഡലങ്ങളിൽപെടുന്ന പ്രദേശങ്ങളിലാണ് . 400 കെവി ലൈൻ നഷ്ടപരിഹാര പാക്കേജുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾക്ക് മുന്നിൽനിന്ന് നയിച്ച എംഎൽഎ എന്ന നിലയിൽ പ്രതിസന്ധി പരിഹരിക്കാൻ സണ്ണി ജോസഫിന് കഴിയുമെന്ന പുതിയ പ്രതീക്ഷയാണ് കർഷകരും വൈദ്യുതിവകുപ്പ് അധികൃതരും ഒരേപോലെയുള്ളത്.
ബാരാപോൾ പദ്ധതി
ബാരാപോൾ ചെറുകിട ജലവൈദ്യുതി പദ്ധതിയിലുണ്ടായ കനാൽ ചോർച്ച സമയബന്ധിതമായി പരിഹരിക്കുന്നതിൽ അധികൃതർക്കുണ്ടായ വീഴ്ചയിൽ കഴിഞ്ഞ മഴ സീസണിൽ വൈദ്യുതി ഉത്പാദനം നടത്താനായില്ല. ഇപ്പോഴും തകർച്ച എങ്ങനെ പരിഹരിക്കണമെന്ന പഠനത്തിൽ മാത്രം നിൽക്കുന്ന നിൽക്കുന്ന സാഹചര്യത്തിൽ ഈ മഴ സീസണിലും വൈദ്യുതി ഉത്പാദനം നടക്കില്ല .
നിലവിൽ നടക്കുന്ന പഠന റിപ്പോർട്ട് ലഭിച്ചശേഷം കനാൽ പുനർനിർമാണം നീണ്ടാൽ അടുത്ത രണ്ട് സീസണിലും ഉത്പാദനം നടക്കില്ല. കെഎസ്ഇബിക്ക് യൂണിറ്റ് ഒന്നിനു 10 പൈസ ചെലവിൽ പ്രതിവർഷം ഉത്തര കേരളത്തിനു ലഭിക്കേണ്ട ശരാതി 36 – 50 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് നഷ്ടപ്പെടുന്നത്. ഒരു സീസണിൽ മാത്രം നഷ്ടമാകുന്നത് 25 കോടി രൂപയുടെ വൈദ്യുതിയാണ്.
രണ്ടാം സീസൺ നഷ്ടമാകുമെന്ന് ഏതാണ്ട് ഉറപ്പായ സഹചര്യത്തിൽ മഴ കഴിഞ്ഞ് നിർമാണം ആരംഭിച്ചാൽ പോലും മൂന്നാം സീസണും നഷ്ടപ്പെടും. ഇതോടെ നഷ്ടം 75 കോടി കടക്കും. 50 കോടിയുടെ നിർമാണ പദ്ധതിയാണ് അധികൃതർ ലക്ഷ്യം ഇടുന്നത്. ഈ തുകയുണ്ടെങ്കിൽ കനാലിന്റെ താഴ്ഭാഗത്തെ താമസക്കാരുടെ സ്ഥലം ബോർഡിന് ഏറ്റെടുക്കാൻ കഴിയും. കർഷകരുടെ സ്ഥലം ഏറ്റെടുത്താൽ താത്കാലിക അറ്റകുറ്റപണികൾ പൂർത്തിയാക്കി ഈ സീസൺ മുതൽ വൈദ്യുതി ഉത്പാദിപ്പിക്കാൻ കഴിയും.
പഴശി സാഗർ ജലവൈദ്യുതി നിലയം
പഴശി അണക്കെട്ടിനോടു ചേർന്നു നിർമാണം നടക്കുന്ന 7.5 മെഗാവാട്ട് ശേഷിയുടെ വൈദ്യുതി നിലയം കമ്മീഷൻ ചെയ്യേണ്ട സമയം കഴിഞ്ഞ പദ്ധതിയാണിത്. സിവിൽ വർക്ക് ഏതാണ്ട് പൂർത്തീകരണഘട്ടത്തിൽ എത്തിയിട്ടുണ്ടെങ്കിലും മറ്റു പ്രവൃത്തികൾ ഇനിയും പൂർത്തിയാകേണ്ടതുണ്ട് . യാതൊരു പാരിസ്ഥിതിക പ്രശ്നങ്ങളും ബാധിക്കാത്ത പദ്ധതിയാണിത്.
സോളാർ വൈദ്യുതി പദ്ധതികൾ
ചീമേനി, മൈലാട്ടി, ശ്രീകണ്ഠപുരം ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം, കരിന്തളം – വയനാട് 400 കെവി ലൈൻ ഡൗൺസ്ട്രീം പദ്ധതി എന്നിവ സോളർ വൈദ്യുതി ഉത്പാദന രംഗത്തെ നൂതന പദ്ധതികളാണ്. സാധാരണ സോളർ പകൽ മാത്രമാണ് ഉപയോഗിക്കുന്നത്. നാല് പദ്ധതികളിലായി 325 മെഗാവാട്ട് ഉത്പാദനം പ്രതീക്ഷിക്കുന്ന ഈ പദ്ധതികൾ വഴി പകൽ ഉത്പാദിപ്പിക്കുന്ന വൈദ്യുതി ബാറ്ററി സ്റ്റോറേജ് ശേഖരിച്ചു രാത്രി പീക്ക്ലോഡ് സമയത്ത് ഉൾപ്പെടെ ഉപയോഗിക്കാൻ പറ്റുന്ന രീതിയിൽ വിഭാവനം ചെയ്തിട്ടുള്ളതാണ്.
125 മെഗാവാട്ടിന്റെ മൈലാട്ടി അവസാനഘട്ടത്തിലും 100 മെഗാവാട്ട് വീതം ശേഷിയുള്ള ശ്രീകണ്ഠപുരം നിലയം പ്രാരംഭഘട്ടത്തിലും ചീമേനി തുടങ്ങാനുള്ളതും ആണ്. കരിന്തളം – വയനാട് 400 കെവി ലൈൻ പൂർത്തിയായാലും ഉത്തര മലബാറിനു പ്രയോജനം കിട്ടണമെങ്കിൽ ഇതിന്റെ ഡൗൺസ്ട്രീം പദ്ധതി കൂടി യാഥാർഥ്യമാക്കണം. കരിന്തളം – വയനാട് 220 കെവി ലൈൻ ഡൗൺസ്ട്രീം പദ്ധതിയാണിത്. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ 220 കെവി സബ് സ്റ്റേഷനുകൾ മാത്രമാണുള്ളതെന്നതിനാൽ 220 കെവിയിലേക്കു എത്തിച്ചാൽ മാത്രമേ ഈ ജില്ലകളിലും ഈ പദ്ധതി മുഖേന വൈദ്യുതി വിതരണം സാധ്യമാകൂ.
പൂർത്തിയാക്കണം ഇവ
മൈലാട്ടി – വിദ്യാനഗർ ലൈൻ അപ്ഗ്രഡേഷൻ (110 കെവി – 220 കെവി), വിദ്യാനഗർ സബ് സ്റ്റേഷൻ അപ്ഗ്രഡേഷൻ (110 – 220), ആലക്കോട് തിമിരി 110 കെവി സബ് സ്റ്റേഷൻ, തലശേരി കടവത്തൂർ 110 കെവി സബ് സ്റ്റേഷൻ എന്നീ പ്രവൃത്തികളും ഉടൻ പൂർത്തിയാക്കേണ്ടതുണ്ട്. പരിയാരം 33 കെവി സബ് സ്റ്റേഷൻ 110 കെവി സബ് സ്റ്റേഷനായി ഉയർത്തേണ്ടതുമുണ്ട്.
അതുപോലെ വിവിധ മേഖലകളിൽ ചെറുകിട സബ് സ്റ്റേഷനുകളും വലിയ സെക്ഷനുകളായ ഇരിട്ടി, മട്ടന്നൂർ, ചക്കരക്കൽ എന്നിവയുടെ വിഭജനവും ഉൾപ്പെടെ ഉത്തര മലബാറിൽ വെളിച്ചവിപ്ലവം സൃഷ്ടിക്കാനുള്ള ഒട്ടേറെ പദ്ധതികളാണ് വൈദ്യുതി മന്ത്രി സണ്ണി ജോസഫിനെ കാത്തുള്ളത്. മന്ത്രി എന്ന നിലയിൽ സ്വന്തം മണ്ഡലത്തിലെ ഉൾപ്പെടെ എല്ലാ വികസന പദ്ധതികളിൽ ഇടപെടാൻ സാധിക്കുമെന്നതും ഉത്തരമലബാറുകാർക്ക് പുതിയ പ്രതീക്ഷ നൽകുന്നു.
