ആലപ്പുഴയ്ക്കു പിന്നാലെ ഹെൽമറ്റ്, ചെടിച്ചട്ടി, ഇരുമ്പ് വടി എന്നിവകൊണ്ടുള്ള പഴയങ്ങാടിയിലെ ‘ജീവൻരക്ഷാപ്രവർത്തനം’ ചർച്ചയിൽ
പഴയങ്ങാടി: ആലപ്പുഴയിൽ പൊലീസും മുഖ്യമന്ത്രിയുടെ ഗൺമാനും കെഎസ്യു പ്രവർത്തകർക്ക് നേരെ നടത്തിയ ആക്രമണത്തിൽ പുനരന്വേഷണം വന്ന സാഹചര്യത്തിൽ പഴയങ്ങാടിയിലെ ‘ജീവൻരക്ഷാസേന’യുടെ ആക്രമണവും ചർച്ചയാകുന്നു. മാടായിപ്പാറ പാളയം ഗ്രൗണ്ടിൽ നടന്ന നവകേരള സദസ്സ് കഴിഞ്ഞ് തളിപ്പറമ്പിലേക്ക് പോയ അന്നത്തെ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച വാഹനത്തിനുനേരെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ്, കെഎസ്യു നേതാക്കളെ ഹെൽമറ്റ്, ചെടിച്ചട്ടി, ഇരുമ്പ് വടി എന്നിവ ഉപയോഗിച്ച് ക്രൂരമായി ആക്രമിച്ച സംഭവത്തിൽ കേസ് ഇപ്പോഴും വിചാരണയിലാണ്.
യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് സുധീഷ് വെള്ളച്ചാൽ, കെഎസ്യു നേതാവ് സഞ്ചു സന്തോഷ് എന്നിവർ ഇപ്പോഴും ചികിത്സ തുടരുന്നുണ്ട്. ജില്ലാ സെക്രട്ടറി മഹിത മോഹൻ, നിയോജക മണ്ഡലം പ്രസിഡന്റ് രാഹുൽ പുത്തൻപുരയിൽ, സായി ശരൺ എന്നിവർക്കും പരുക്കേറ്റിരുന്നു. ആക്രമണത്തെ ന്യായീകരിച്ച പിണറായി വിജയൻ അത് ജീവൻരക്ഷാപ്രവർത്തനമായിരുന്നു എന്ന് പറഞ്ഞത് ഏറെ വിവാദത്തിനിടയാക്കിയിരുന്നു. സംസ്ഥാനത്തെ ആദ്യ ‘ജീവൻരക്ഷാ’പ്രവർത്തനത്തിൽ പരുക്കേറ്റവർ ഇവർ ആയിരുന്നു. സംഭവത്തിൽ 14 ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തിരുന്നു. 8 ഡിവൈഎഫ്ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. പിണറായി വിജയൻ, മന്ത്രിമാർ എന്നിവരെ കരിങ്കൊടി കാണിച്ച സംഭവത്തിൽ യൂത്ത് കോൺഗ്രസ്, കെഎസ്യു നേതാക്കളായ അഞ്ച് പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.
