മട്ടന്നൂർ നഗരത്തിൽ ഗതാഗത പരിഷ്കരണത്തിനു തുടക്കം
മട്ടന്നൂർ: നഗരത്തിൽ ഗതാഗത പരിഷ്കരണത്തിനു തുടക്കമായി. ഇന്നലെ മുതലാണ് പരീക്ഷണാടിസ്ഥാനത്തിൽ പരിഷ്കരണം ആരംഭിച്ചത്. പ്രധാന റോഡുകളിൽ ഡിവൈഡറുകൾ സ്ഥാപിച്ചായിരുന്നു പരിഷ്കരണം. കണ്ണൂർ റോഡിൽ പോലീസ് സ്റ്റേഷൻ വരെയും ഇരിട്ടി റോഡിൽ ഗാന്ധി റോഡ് വരെയുമാണു ഡിവൈഡറുകൾ സ്ഥാപിച്ചത്. തലശേരി റോഡിൽ ബസ് സ്റ്റാൻഡിനു മുന്നിലുള്ള ഭാഗത്തും ഡിവൈഡർ സ്ഥാപിച്ചിട്ടുണ്ട്. ഇതടക്കം നടപ്പിലാക്കിയാണു ഗതാഗത ക്രമീകരണങ്ങളുടെ ട്രയൽ റൺ ആരംഭിച്ചത്.
ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് മട്ടന്നൂർ അമ്പലം റോഡിൽ വൺവേ സംവിധാനവും ഏർപ്പെടുത്തി. ക്ഷേത്രം ഭാഗത്തേക്കുള്ള വാഹനങ്ങൾ മാത്രം തലശേരി റോഡിൽ നിന്നു കടത്തിവിടും. തിരികെ വരുന്ന ഇരിട്ടി ഭാഗത്തേക്കു പോകേണ്ട വാഹനങ്ങൾ ക്ഷേത്രക്കുളം ഭാഗത്ത് കൂടിയും തലശേരി ഭാഗത്തേക്കു പോകേണ്ടവ കൈലാസ് ഓഡിറ്റോറിയത്തിനു പിൻവശത്തെ റോഡുവഴിയും പോകണം.
തലശേരി റോഡിൽ ഇരുവശവും വാഹനങ്ങൾ നിർത്തിയിടുന്നത് നിയന്ത്രിക്കുന്നുണ്ട്. പോലീസ് സ്റ്റേഷന് സമീപം പുതുതായി നിർമിച്ച ഹരിത ഇടനാഴിയിൽ ഇരുചക്രവാഹനങ്ങളുടെ പാർക്കിംഗും തടയും. വായന്തോട് ജംഗ്ഷനിൽ ദിശാസൂചികകൾ സ്ഥാപിച്ച് ഗതാഗതം നിയന്ത്രിക്കും. ഗതാഗതം നിയന്ത്രിക്കാൻ ഓരോ സ്ഥലങ്ങളിലും പോലീസുകാരെ നിയോഗിച്ചിട്ടുണ്ട്.
