ആസ്തിയിൽ വിജയ്‌ക്കുംമുന്നിൽ ലീമ, ഏറ്റവും കുറവ് താഹിറയ്ക്ക്: ദരിദ്ര എം.എൽ.എ.മാർ വിജയ്‌യുടെ പാർട്ടിയിൽ
ചെന്നൈ: തിങ്കളാഴ്ച സത്യപ്രതിജ്ഞചെയ്ത നിയമസഭാ സാമാജികരിൽ ആസ്തിയിൽ ഒന്നാമത് അണ്ണാ ഡി.എം.കെ.യുടെ ലീമാ റോസ്. മുഖ്യമന്ത്രി ജോസഫ് വിജയ്‌ക്ക് രണ്ടാംസ്ഥാനമാണുള്ളത്. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ്(എ.ഡി.ആർ.) പുറത്തുവിട്ട കണക്കനുസരിച്ച് വരുമാനം ഏറ്റവും കുറവുള്ള രണ്ട് എം.എൽ.എ.മാർ മുഖ്യമന്ത്രിയുടെ ടി.വി.കെ.യിൽനിന്നാണ്.
ലോട്ടറി വ്യവസായി സാന്റിയാഗോ മാർട്ടിന്റെ ഭാര്യയും മാർട്ടിൻ ഗ്രൂപ്പ് ഓഫ് കമ്പനീസ് ഡയറക്ടറുമായ ലീമ റോസ് മാർട്ടിന്റെ ആസ്തി 5863 കോടി രൂപയാണ്. തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് അണ്ണാ ഡി.എം.കെ.യിൽ ചേർന്ന ലീമ തിരുച്ചിറപ്പള്ളി ജില്ലയിലെ ലാൽഗുഡി മണ്ഡലത്തിൽനിന്നാണ് ജയിച്ചത്.
പെരമ്പൂരിൽനിന്ന് ജയിച്ച വിജയ്‌ക്ക് 649 കോടി രൂപയുടെ ആസ്തിയാണുള്ളത്. സാന്റിയാഗോ മാർട്ടിന്റെ മകൾ ഡെയ്‌സി മാർട്ടിന്റെ ഭർത്താവായ ആധവ് അർജുനയാണ് മൂന്നാംസ്ഥാനത്ത്. ടി.വി.കെ. ടിക്കറ്റിൽ വില്ലിവാക്കത്തുനിന്നുജയിച്ച ആധവിന് 534 കോടി രൂപയുടെ ആസ്തിയുണ്ട്.
ഏറ്റവും കുറച്ച് ആസ്തിയുള്ളത് റാണിപ്പേട്ടിലെ ടി.വി.കെ. എം.എൽ.എ. താഹിറയ്ക്ക് ആണ്. 33,000 രൂപമാത്രമാണ് സമ്പാദ്യം. വിജയ്‌യുടെ ആരാധക സംഘടനയിലൂടെ പാർട്ടിയിലെത്തിയ താഹിറ ടി.വി.കെ. പ്രചാരണവിഭാഗം ജോയന്റ് സെക്രട്ടറിയാണ്.
പെരമ്പലൂരിലെ ടി.വി.കെ. എം.എൽ.എ. കെ. ശിവകുമാർ 1,96,000 രൂപയുമായി രണ്ടാമതുണ്ട്. തിരുത്തുറൈപൂണ്ടിയിലെ സി.പി.ഐ. എം.എൽ.എ. കെ. മാരിമുത്തുവാണ് മൂന്നാമത്. 7,16,000 രൂപയാണ് ആസ്തി. ഏറ്റവും ആസ്തിയുള്ള ലീമാ റോസ് തന്നെയാണ് ഏറ്റവും കൂടുതൽ ബാധ്യതയുള്ള എം.എൽ.എ. 340 കോടി രൂപയാണ് ബാധ്യതയായി കാണിച്ചിരിക്കുന്നത്.
എം.എൽ.എ.മാരുടെ ശരാശരി ആസ്തിയിൽ മുന്നിൽ അണ്ണാ ഡി.എം.കെ.യാണ്-152 കോടി രൂപ. 27 കോടി രൂപയുമായി ടി.വി.കെ. രണ്ടാം സ്ഥാനത്തും 14 കോടി രൂപയുമായി ഡി.എം.കെ. മൂന്നാമതുമാണ്. 68 ലക്ഷം രൂപയുമായി സി.പി.എമ്മാണ് ഏറ്റവും പിന്നിൽ. സംസ്ഥാനത്തെ എം.എൽ.എ.മാരുടെ മൊത്തം ആസ്തിയുടെ 52 ശതമാനവും ലീമ റോസിന്റെ സംഭാവനയാണ്.
