ഇന്നെങ്കിലും തീരുമാനമാകുമോ? മുഖ്യമന്ത്രിയെ തീരുമാനിക്കാൻ ഡൽഹിയിൽ ചർച്ച അന്തിമഘട്ടത്തിലേക്ക്

Share our post

ന്യൂഡൽഹി: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനായുള്ള ചർച്ചകൾ ഡൽഹിയിൽ അന്തിമഘട്ടത്തിലേക്ക്. രാഹുൽ ഗാന്ധിയും എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗയും കേരളത്തിൽ നിന്നുള്ള മുതിർന്ന കോൺഗ്രസ് നേതാക്കളുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തർക്കം പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ള ഈ ചർച്ചകൾക്ക് ശേഷം ഇന്ന് രാത്രിയോ നാളെ രാവിലെയോ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് സൂചന. മുൻ കെപിസിസി അധ്യക്ഷന്മാരായ കെ. മുരളീധരൻ, വി.എം. സുധീരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, എം.എം. ഹസൻ, കെ. സുധാകരൻ എന്നിവർ ചർച്ചകൾക്കായി ഡൽഹിയിലെത്തിയിട്ടുണ്ട്. ഇവർക്ക് പുറമെ വർക്കിംഗ് പ്രസിഡന്റുമാരായ ഷാഫി പറമ്പിൽ, പി.സി. വിഷ്ണുനാഥ്, എ.പി. അനിൽകുമാർ, അച്ചടക്ക സമിതി അധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവരെയും ഹൈക്കമാൻഡ് വിളിപ്പിച്ചിട്ടുണ്ട്. എ.കെ. ആന്റണി ഫോണിലൂടെ തന്റെ നിലപാട് ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ട്.

ഭൂരിഭാഗം എംഎൽഎമാരും കെ.സി. വേണുഗോപാലിനെ പിന്തുണയ്ക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. എന്നാൽ വി.ഡി. സതീശൻ മുഖ്യമന്ത്രിയാകണമെന്ന നിലപാടിൽ ഘടകകക്ഷികളായ മുസ്ലിം ലീഗും കേരള കോൺഗ്രസും ഉറച്ചുനിൽക്കുന്നു. യുഡിഎഫിന്റെ വിജയത്തിൽ വി.ഡി. സതീശൻ വഹിച്ച പങ്ക് ചൂണ്ടിക്കാട്ടിയാണ് ലീഗ് അദ്ദേഹത്തിനായി വാദിക്കുന്നത്. ലീഗിനെ പിണക്കി ഏകപക്ഷീയമായ ഒരു തീരുമാനമെടുക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ് ആഗ്രഹിക്കുന്നില്ല. ഫലപ്രഖ്യാപനം കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടിട്ടും തീരുമാനമാകാത്തതിൽ അണികൾക്കിടയിലും പൊതുജനങ്ങൾക്കിടയിലും അതൃപ്തി പുകയുന്നുണ്ട്. തെരുവുകളിൽ ഫ്‌ലക്‌സ് യുദ്ധവും മുദ്രാവാക്യം വിളികളും നടക്കുന്നത് ഹൈക്കമാൻഡ് ഗൗരവത്തോടെയാണ് കാണുന്നത്. ഈ സാഹചര്യത്തിലാണ് എല്ലാവരെയും വിളിച്ചുകൂട്ടി അഭിപ്രായം തേടുന്നത്.

മെയ് 4-ന് തിരഞ്ഞെടുപ്പ് ഫലം വന്നിട്ടും എട്ടു ദിവസമായിട്ടും മുഖ്യമന്ത്രിയെ നിശ്ചയിക്കാൻ കഴിയാത്തത് കോൺഗ്രസിന് വലിയ നാണക്കേടായി മാറിയിരിക്കുകയാണ്. ഇതിനെ പരിഹസിച്ച് സമൂഹമാധ്യമങ്ങളിൽ ട്രോളുകൾ നിറയുന്നുണ്ട്. മുഖ്യമന്ത്രി പ്രഖ്യാപനം ഇനിയും വൈകുന്നത് ആത്മഹത്യാപരമായിരിക്കുമെന്ന് പാർട്ടിക്കുള്ളിൽ തന്നെ വിമർശനമുണ്ട്. സിപിഎം ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളും ഈ വിഷയത്തിൽ കോൺഗ്രസിനെതിരെ അതിരൂക്ഷമായ വിമർശനമാണ് ഉന്നയിക്കുന്നത്. ബിജെപിയാകട്ടെ ഇത് ദേശീയതലത്തിൽ തന്നെ പ്രചരണ വിഷയമാക്കി. കോൺഗ്രസിൽ കസേരയ്ക്ക് വേണ്ടി മാത്രമാണ് പ്രവർത്തനമെന്നും ജനങ്ങളോട് അവർക്ക് ഉത്തരവാദിത്വമില്ലെന്നുമാണ് ബിജെപി ആരോപിക്കുന്നത്. ഒരു സംസ്ഥാനവും കോൺഗ്രസിന്റെ കൈകളിൽ കൊടുക്കരുതെന്നും ബിജെപി പരിഹസിക്കുന്നു.

അതേസമയം എല്ലാ നേതാക്കളെയും കേട്ടു എന്നൊരു ബോധ്യമുണ്ടാക്കി, ഒരു കൂട്ടായ തീരുമാനമായി മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് ഇപ്പോൾ ശ്രമിക്കുന്നത്. ഇത് പാർട്ടിക്കുള്ളിലെ ആഭ്യന്തര പ്രശ്‌നങ്ങൾ ഒഴിവാക്കാൻ സഹായിക്കുമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ കണക്കുകൂട്ടൽ.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!