രണ്ടര മണിക്കൂർ നീണ്ട ചർച്ച; ഇന്നും ഒറ്റപ്പേരിലേക്ക് എത്തിയില്ല; കോൺഗ്രസിലെ ‘മുഖ്യമന്ത്രി പ്രഖ്യാപനം’ പിന്നീട്
ന്യൂഡല്‍ഹി: മുഖ്യമന്ത്രി ആരാകണമെന്ന് തീരുമാനിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയില്‍ നടന്ന ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു. മുഖ്യമന്ത്രി പ്രഖ്യാപനം പിന്നീടായിരിക്കുമെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി മാധ്യമങ്ങളോട് പറഞ്ഞു. കെ സി വേണുഗോപാലിനും വി ഡി സതീശനും രമേശ് ചെന്നിത്തലയ്ക്കും കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിനും ഒപ്പം എത്തിയാണ് ദീപാദാസ് മുന്‍ഷി ഇക്കാര്യം പറഞ്ഞത്.
നീണ്ട ചര്‍ച്ചയാണ് നടന്നതെന്ന് ദീപാദാസ് മുന്‍ഷി പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയും രാഹുല്‍ ഗാന്ധിയുമായി താന്‍ അടക്കമുള്ള നേതാക്കള്‍ കൂടിക്കാഴ്ച നടത്തി. ഖർഗെയും രാഹുലുമായി നേതാക്കൾ ഒറ്റയ്ക്ക്, ഒറ്റയ്ക്ക് കൂടിക്കാഴ്ച നടത്തുകയും ചെയ്തുവെന്നും അവർ പറഞ്ഞു. ഇതിന് ശേഷമാണ് മുഖ്യമന്ത്രി ആരാകുമെന്ന കാര്യം പിന്നീട് പ്രഖ്യാപിക്കുമെന്ന് ദീപാദാസ് മുന്‍ഷി പറഞ്ഞത്. മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്കിടെ നടന്ന പ്രതിഷേധ പ്രകടനങ്ങളും ദീപാദാസ് മുന്‍ഷി ചൂണ്ടിക്കാട്ടി. പ്രതിഷേധങ്ങള്‍ കോണ്‍ഗ്രസ് സംസ്‌കാരത്തിന് എതിരാണെന്ന് ദീപാദാസ് മുന്‍ഷി പറഞ്ഞു.
ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയില്‍ നിര്‍ണായക ചര്‍ച്ച ആരംഭിച്ചത്. ആദ്യം കെ സി വേണുഗോപാലും തൊട്ടുപിന്നാലെ വി ഡി സതീശനും രമേശ് ചെന്നിത്തലയും സണ്ണി ജോസഫും ചര്‍ച്ചയ്ക്കായി എത്തി. ആദ്യഘട്ടത്തില്‍ കെ സി വേണുഗോപാല്‍, വി ഡി സതീശന്‍, രമേശ് ചെന്നിത്തല, സണ്ണി ജോസഫ് അടക്കമുള്ള നേതാക്കളോട് മല്ലികാര്‍ജുന്‍ ഖര്‍ഗെയും കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷിയും ഒറ്റയ്ക്ക് സംസാരിച്ചു. ഇതിന് ശേഷം കെ സി വേണുഗോപാലിനെ നിശ്ചയിച്ചുകൊണ്ടുള്ള നിര്‍ദേശം ഹൈക്കമാന്‍ഡ് അവതരിപ്പിക്കുകയാണ് ചെയ്തത്. എംഎല്‍എമാരുടെ പിന്തുണയാണ് ഹൈക്കമാന്‍ഡ് പ്രധാനമായും മാനദണ്ഡമാക്കിയത്. സതീശന് അനുകൂലമായ പ്രകടനങ്ങള്‍ അച്ചടക്ക ലംഘനമെന്നായിരുന്നു ഹൈക്കമാന്‍ഡ് വിലയിരുത്തിയത്. വി ഡി സതീശനും രമേശ് ചെന്നിത്തലയ്ക്കും പറയാനുള്ളത് നേതാക്കള്‍ കേട്ടു. ഇതിനിടെ എംഎല്‍എമാരുടെ പിന്തുണയ്ക്ക് പ്രഥമ പരിഗണന നല്‍കണമെന്ന് കെ സി വേണുഗോപാല്‍ ചര്‍ച്ചയില്‍ പറഞ്ഞു. എംഎല്‍എമാരുടെ വികാരം കേരളത്തിന്റെ വികാരമാണെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. കഴിഞ്ഞ കാലങ്ങളില്‍ പ്രവര്‍ത്തിച്ചത് നെഹ്‌റു കുടുംബത്തിന്റെ വിശ്വസ്തനായാണ്. തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചതും വിട്ടു നിന്നതും രാഹുല്‍ ഗാന്ധി പറഞ്ഞത് പ്രകാരമായിരുന്നുവെന്നും കെ സി പറഞ്ഞു. ഇതിന് ശേഷം രാഹുല്‍ ഗാന്ധി നേതാക്കളെ പ്രത്യേകം കണ്ടു. രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയില്‍ വി ഡി സതീശന്‍ തന്റെ അതൃപ്തി പ്രകടിപ്പിച്ചു. കെ സിയെ പരിഗണിക്കുകയാണെങ്കില്‍ പറവൂര്‍ ഒഴിഞ്ഞു കൊടുക്കാം എന്നായിരുന്നു വി ഡി സതീശന്റെ നിലപാട്. ഇതേസമയം സീനിയോരിറ്റി പരിഗണിക്കപ്പെടുമെന്ന പ്രതീക്ഷയിലായിരുന്നു രമേശ് ചെന്നിത്തല. സോണിയ ഗാന്ധിയുടെ പിന്തുണ തനിക്കുണ്ടാകുമെന്നും രമേശ് ചെന്നിത്തല പ്രതീക്ഷിച്ചു.
ഇതിനിടെ വി ഡി സതീശനെ മുസ്‌ലിം ലീഗ് പിന്തുണയ്ക്കുന്ന സാഹചര്യവും ഹൈക്കമാന്‍ഡ് വിലയിരുത്തി. ഘടകകക്ഷികളുടെ നിലപാടിന് വഴങ്ങി തീരുമാനം എടുക്കാന്‍ കഴിയില്ലെന്ന് ഹൈക്കമാന്‍ഡ് പറഞ്ഞു. വഴങ്ങിയാല്‍ അസാധാരണ സാഹചര്യവും കീഴ്‌വഴക്കവും സൃഷ്ടിക്കുമെന്നും മറ്റ് സംസ്ഥാനങ്ങളിലും സമാന സാഹചര്യമുണ്ടാക്കുമെന്നും അവിടെയും കോണ്‍ഗ്രസ് വഴങ്ങേണ്ടിവരുമെന്നുമായിരുന്നു ഹൈക്കമാന്‍ഡ് നിലപാട്. ഹൈക്കമാന്‍ഡ് തീരുമാനം കെ സിക്ക് അനുകൂലമെന്ന നിലയില്‍ അഭ്യൂഹങ്ങള്‍ ഉയര്‍ന്നതോടെ കേരളത്തില്‍ പലയിടങ്ങളിലും വി ഡി പക്ഷം പ്രതിഷേധവുമായി രംഗത്തെത്തി. ഇടുക്കി അടിമാലിയില്‍ വി ഡി സതീശനായി ഐക്യദാര്‍ഢ്യ ധര്‍ണ്ണ സംഘടിപ്പിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകരും ജനപ്രതിനിധികളും അടക്കം ഐക്യദാര്‍ഢ്യ ധര്‍ണ്ണയില്‍ പങ്കെടുത്തു. കോഴിക്കോട് ഉള്ള്യേരിയിലും വി ഡി സതീശന്‍ അനുകൂലികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. ആറരയോടെ പ്രഖ്യാപനമുണ്ടാകുമെന്നായിരുന്നു ആദ്യം പുറത്തുവന്ന സൂചന. എന്നാല്‍ ആറര കഴിഞ്ഞും ചര്‍ച്ച നീണ്ടു. ഒടുവില്‍ 7.05 ആയപ്പോള്‍ നേതാക്കള്‍ ഖര്‍ഗെയുടെ വസതിയില്‍ നിന്ന് പുറത്തേക്കിറങ്ങി. തൊട്ടുപിന്നാലെ ദീപാദാസ് മുന്‍ഷി ഹൈക്കമാന്‍ഡ് തീരുമാനം പ്രഖ്യാപിക്കുകയായിരുന്നു.
