ഇനി പൂർണ വിലാസമില്ലാതെ കത്തയയ്ക്കാം, പകരം ഈ ‘ഇത്തിരിക്കുഞ്ഞൻ’ മതി, വമ്പൻ മാറ്റത്തിന് തപാൽ വകുപ്പ്; എങ്ങനെ ഉപയോഗിക്കും?
ന്യൂഡൽഹി∙ കത്തയയ്ക്കുമ്പോൾ ഭാവിയിൽ വീട്ടുപേരും സ്ഥലവും ജില്ലയും പിൻകോഡുമൊന്നും നീട്ടിയെഴുതേണ്ട. യുപിഐ/ഇമെയിൽ ഐഡികൾക്ക് സമാനമായ കുഞ്ഞൻ ഡിജിറ്റൽ വിലാസത്തിലൂടെ കത്തുകളും പാഴ്സലുകളും അയയ്ക്കാവുന്ന തപാൽ വകുപ്പിന്റെ പുതിയ സംവിധാനത്തിന്റെ ആദ്യ പരീക്ഷണം വിജയം. പൂർണ മേൽവിലാസത്തിനു പകരം വ്യക്തിയുടെ പേരും യുപിഐ/ഇമെയിൽ ഐഡിക്ക് സമാനമായ ഒരു വിലാസവും (ഉദാ: johndoe@dhruva) മാത്രം കവറിൽ രേഖപ്പെടുത്തിയാൽ മതി. മേൽവിലാസത്തെക്കാൾ കൃത്യതയോടെ ലക്ഷ്യസ്ഥാനത്ത് തപാൽ ഉരുപ്പടിയെത്തും
5 സംസ്ഥാനങ്ങളിലായി 30 ഉപയോക്താക്കളെ ഉൾപ്പെടുത്തിയാണ് സ്പീഡ് പോസ്റ്റ് വഴി ഇത്തരത്തിൽ തപാൽ ഉരുപ്പടികൾ അയച്ചത്.
തുടർപരീക്ഷണങ്ങൾക്കു ശേഷം ഒന്നരവർഷം കഴിഞ്ഞ് പൂർണതോതിൽ നടപ്പാക്കിയേക്കും. ഇന്ത്യൻ തപാൽ ചരിത്രത്തിലെ നിർണായക വഴിത്തിരിവുകളിലൊന്നാണിത്.
ഡൽഹിയിൽ നിന്ന് പുതുച്ചേരിയിലേക്ക് അയച്ച സ്പീഡ് പോസ്റ്റിന്റെ കവറിൽ സ്വീകർത്താവിന്റെ സ്ഥാനത്ത് നീരജ് എന്ന പേരും MY@Dhruva-462003
എന്ന ഡിജിറ്റൽ വിലാസവും മാത്രമാണുണ്ടായിരുന്നത്. അയച്ചയാളുടെ പേരിനൊപ്പം tech199@work.dop എന്ന വിലാസവും.
ഇമെയിൽ ഐഡി പോലെ ഉപഭോക്താക്കൾക്ക് സ്വന്തമായി നിർമിക്കാവുന്ന ലളിതമായ ലേബലുകളാണ് ഡിജിറ്റൽ അഡ്രസുകൾ. ഈ ഒറ്റ ഐഡിയിൽ തന്നെ വീടിന്റെ പൂർണ വിവരങ്ങളും ലൊക്കേഷനും അടങ്ങിയിരിക്കും.
ധ്രുവ (ഡിജിറ്റൽ ഹബ് ഫോർ റെഫറൻഡ് ആൻഡ് യുണീക് വെർച്വൽ അഡ്രസ്) എന്നാണ് പദ്ധതിയുടെ പേര്.
എങ്ങനെ?
നിലവിലെ പിൻകോഡിനു പകരം രാജ്യത്തെ ഓരോ മുക്കിനും മൂലയ്ക്കും വരെ സൂക്ഷ്മമായി രേഖപ്പെടുത്താനുള്ള ‘ഡിജിപിൻ’ സംവിധാനം തപാൽ വകുപ്പ് നടപ്പാക്കിയിരുന്നു. നിലവിൽ ഒരു പ്രദേശത്തെ മൊത്തമായി സൂചിപ്പിക്കാനാണ് പിൻകോഡ്. ഡിജിപിൻ വന്നതോടെ 4 മീറ്റർ വീതം നീളവും വീതിയുമുള്ള ഓരോ ചതുരക്കളത്തിനും 10 ഡിജിറ്റുള്ള കോഡ് (ഉദാ: 829-4G7-PMJ8) ആയിരിക്കും ഉപയോഗിക്കുക.
കൂടുതൽ കൃത്യമായ ലൊക്കേഷൻ ഇതുവഴി ലഭിക്കുമെന്നതാണ് മെച്ചം. 10 ഡിജിറ്റുള്ള ഡിജിപിൻ ഓർത്തുവയ്ക്കുന്നത് ബുദ്ധിമുട്ടായതിനാലാണ് ഇതിനു പകരം യുപിഐ/ഇമെയിൽ ഐഡിക്ക് സമാനമായ ഡിജിറ്റൽ വിലാസം.
ഉദാഹരണത്തിന് രാജേഷ് എന്ന വ്യക്തിയുടെ വീടിരിക്കുന്ന സ്ഥലത്തിന്റെ ഡിജിപിൻ 829-4G7-PMJ8 എന്നാണെങ്കിൽ, അതിനെ rajesh@dhruva എന്ന ഡിജിറ്റൽ വിലാസമാക്കി മാറ്റാൻ ഉപയോക്താവിന് മൊബൈൽ ആപ്പിലൂടെ കഴിയും. ഈ ഐഡി വച്ച് ഡിജിപിൻ കണ്ടെത്താം. ഐഡിയിൽ ഡിജിപിൻ ലൊക്കേഷനു പുറമേ വീടിന്റെ വിവരങ്ങളും ഉൾപ്പെടുത്താം. വീടുമാറിയാലും ഐഡി മാറ്റേണ്ട, പകരം അതിനൊപ്പമുള്ള ഡിജിപിൻ മാറ്റിയാൽ മതി. നീളമുള്ള ബാങ്ക് അക്കൗണ്ട് നമ്പറിനെ ആളുകൾക്ക് എളുപ്പത്തിൽ ഓർമിക്കാൻ കഴിയുന്ന യുപിഐ ഐഡിയാക്കി മാറ്റുന്നതുപോലെയാണിത്.
തപാൽ വകുപ്പിനും പോസ്റ്റ്മാനും ഡിജിറ്റൽ വിലാസത്തിൽ നിന്ന് യഥാർഥ ജിപിഎസ് ലൊക്കേഷൻ കണ്ടെത്താനുള്ള സാങ്കേതിക സംവിധാനം ലഭ്യമാക്കും.
ഒരു സുഹൃത്തിന് പാഴ്സൽ അയയ്ക്കണമെങ്കിൽ ഭാവിയിൽ അയാളുടെ ഡിജിറ്റൽ വിലാസം മാത്രം ചോദിച്ചാൽ മതിയെന്നു ചുരുക്കം.
നിങ്ങളുടെ ലൊക്കേഷനെ പ്രതിനിധീകരിക്കുന്ന ഡിജിപിൻ കണ്ടെത്താൻ: dac.indiapost.gov.in
