അന്ന് ചരിത്ര ഭൂരിപക്ഷം, കേരളത്തിലെ ആദ്യ വനിതാ മുഖ്യമന്ത്രിയെന്നുവരെ അടക്കംപറച്ചിൽ: ശൈലജയുടെ രാഷ്ട്രീയഭാവിയെന്ത്?
കണ്ണൂർ ∙ മത്സരിപ്പിച്ചു തോൽപിക്കാനാണ് കെ.െക.ശൈലജയെ പേരാവൂരിൽ നിർത്തിയതെന്ന സിപിഎം അണികളുടെ ആശങ്ക അടിസ്ഥാനരഹിതമായിരുന്നില്ലെന്നു തെളിയിക്കുന്നതാണ് പേരാവൂരിൽ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ തുടർച്ചയായ നാലാം ജയം. ശൈലജയുടെ തോൽവി പാർട്ടി പ്രവർത്തകർക്കിടയിലുണ്ടാക്കിയ നിരാശ ചെറുതല്ല. ശൈലജയെ തോൽപിച്ചു രാഷ്ട്രീയഭാവി ഇല്ലാതാക്കാനാണ് പേരാവൂരിൽ മത്സരിപ്പിച്ചതെന്ന സംശയമായിരുന്നു സിപിഎം അണികൾക്ക്. സണ്ണി ജോസഫിന്റെ തിളക്കമാർന്ന ജയം അതു ശരിവയ്ക്കുന്നു.
ചരിത്രഭൂരിപക്ഷത്തോടെയാണു കഴിഞ്ഞതവണ മട്ടന്നൂരിൽനിന്നു ശൈലജ നിയമസഭയിലെത്തിയത്. കേരളത്തിലെ ആദ്യത്തെ വനിതാ മുഖ്യമന്ത്രിയെന്നുവരെ അടക്കംപറച്ചിലുണ്ടായി. രണ്ടുതവണ തുടർച്ചയായി മത്സരിച്ചവർ മത്സരിക്കേണ്ടെന്നായിരുന്നു പാർട്ടി തീരുമാനമെങ്കിലും മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ ചിലർക്ക് ഇളവ് നൽകി. എന്നാൽ ആ ഇളവ് ശൈലജയ്ക്കു നൽകേണ്ടതില്ല എന്നായിരുന്നു പാർട്ടി തീരുമാനം. ശൈലജയ്ക്കു മത്സരിക്കണമെങ്കിൽ സിപിഎമ്മിന്റെ ഉറച്ച സീറ്റായ മട്ടന്നൂർ വിട്ടു പേരാവൂരിൽ ആകാമെന്നായിരുന്നു നിർദേശം. മട്ടന്നൂരിൽത്തന്നെ മത്സരിക്കാൻ അവസാനംവരെ ശ്രമിച്ചെങ്കിലും നടക്കാതെ വന്നതോടെ മനസ്സില്ലാമനസ്സോടെ ശൈലജ പാർട്ടി തീരുമാനം അംഗീകരിച്ചു. ശൈലജ പേരാവൂരിൽ ഒരുതവണ മത്സരിച്ചു ജയിച്ച കാര്യം ചൂണ്ടിക്കാട്ടിയാണു പാർട്ടി നേതൃത്വം ശൈലജയുടെ സ്ഥാനാർഥിത്വത്തെ ന്യായീകരിച്ചത്.
യുഡിഎഫ് അനുകൂല മണ്ഡലത്തിൽ ശൈലജ വിജയക്കൊടുങ്കാറ്റായി മാറുമെന്നാണു സിപിഎം പ്രചരിപ്പിച്ചതെങ്കിലും ജനം അതൊന്നും ഏറ്റെടുത്തില്ല. ശൈലജയ്ക്കുവേണ്ടി പ്രമുഖരാരും പ്രചാരണത്തിന് ഇറങ്ങിയുമില്ല. മുഖ്യമന്ത്രി പിണറായി വിജയൻ ഒരുതവണ മണ്ഡലത്തിൽ പ്രചാരണത്തിന് എത്തിയതൊഴിച്ചാൽ മുതിർന്ന നേതാക്കളാരും ശൈലജയുടെ പ്രചാരണത്തിന് ഉണ്ടായിരുന്നില്ല. ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായിരുന്നു മണ്ഡലത്തിലെ പ്രചാരണം. പക്ഷേ, പയ്യന്നൂരിലും തളിപ്പറമ്പിലും പി.കെ.ശ്രീമതി ഉൾപ്പെടെയുള്ള നേതാക്കൾ സ്ഥാനാർഥികൾക്കൊപ്പം മുഴുവൻ സമയവും പ്രവർത്തിച്ചപ്പോൾ ശൈലജയ്ക്കൊപ്പം എടുത്തുപറയാവുന്ന ഒരുനേതാവു പോലും ഉണ്ടായിരുന്നില്ല. പാർട്ടി ജനറൽ സെക്രട്ടറി എം.എ.ബേബി ജില്ലയിലെ പല മണ്ഡലത്തിലും പ്രചാരണത്തിന് എത്തിയെങ്കിലും പേരാവൂരിൽ കാലുകുത്തിയില്ല. സ്വന്തം കഴിവുകൊണ്ടു മത്സരിച്ചു ജയിക്കുന്നെങ്കിൽ ജയിക്കട്ടെ എന്ന നിലപാടിൽ പാർട്ടിനേതൃത്വം ശൈലജയെ കയ്യൊഴിഞ്ഞ സ്ഥിതിയായിരുന്നു.
ജയിച്ചുകയറുക എന്നത് എളുപ്പമല്ലെന്നു സണ്ണി ജോസഫിനു തോന്നിയതിനാലാകാം കെപിസിസി പ്രസിഡന്റ് ആയിരുന്നിട്ടും മണ്ഡലത്തിൽത്തന്നെ തമ്പടിച്ചു. അതിനു ഗുണമുണ്ടായി. നിയമസഭാ പ്രവേശനം വഴിമുട്ടിയതോടെ ഇനി പാർട്ടി പദവികളാണു ശൈലജയുടെ ഭാവി നിർണയിക്കുക. പാർലമെന്ററി രംഗത്തു വാതിലുകൾ അടഞ്ഞു. മൂന്നുതവണ തുടർച്ചയായി നിയമസഭയിലേക്കും ഒരുതവണ പാർലമെന്റിലേക്കും മത്സരിക്കുകയും അവസാനം മത്സരിച്ച രണ്ടു തിരഞ്ഞെടുപ്പുകളിൽ തോൽക്കുകയും ചെയ്തതിനാൽ ശൈലജയ്ക്കു പഴയ പ്രതാപം വീണ്ടെടുക്കുക പ്രയാസമാകും. ആരോഗ്യമന്ത്രിയെന്ന നിലയിൽ ഗ്ലാമർ പരിവേഷവുമായി കൂത്തുപറമ്പിൽനിന്നു മട്ടന്നൂരിലെത്തി മത്സരിച്ച് റെക്കോർഡ് ഭൂരിപക്ഷവുമായാണു ശൈലജ രണ്ടാം പിണറായി സർക്കാരിന്റെ ഭാഗമായത്. ജനം തുടർഭരണം വിധിച്ചെങ്കിലും ശൈലജയ്ക്കു മന്ത്രിയായി തുടരാനായില്ല. പിന്നീടിങ്ങോട്ട് രണ്ട് പരാജയം. വടകരയിൽ ഷാഫി പറമ്പിലിനോട് 1,14,506 വോട്ടിന്റെ കൂറ്റൻ തോൽവി ഏറ്റുവാങ്ങിയതു പേരാവൂരിലും തുടർന്നു. 14,453 വോട്ടിനാണ് സണ്ണി ജോസഫിനോടു ശൈലജ രണ്ടാമതും തോറ്റത്. 2011ൽ പേരാവൂരിൽ സണ്ണി ജോസഫിനോട് 3,440 വോട്ടിന് തോറ്റിരുന്നു.
