പാലക്കാട് യുഡിഎഫ് കോട്ട കാത്തു; ശോഭ സുരേന്ദ്രനെ തറപറ്റിച്ച് രമേഷ് പിഷാരടി

Share our post

പാലക്കാട്: കേരളം ഒന്നടങ്കം ഉറ്റുനോക്കിയ പാലക്കാട് നിയമസഭാ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടിക്ക് ഉജ്ജ്വല വിജയം. ബിജെപി ഏറെ പ്രതീക്ഷ വച്ചുപുലർത്തിയിരുന്ന മണ്ഡലത്തിൽ, ശക്തയായ എതിരാളി ശോഭ സുരേന്ദ്രനെ പന്ത്രണ്ടായിരത്തോളം വോട്ടുകൾക്ക് പിന്നിലാക്കിയാണ് പിഷാരടി നിയമസഭയിലേക്ക് വണ്ടി കയറുന്നത്.

വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തിൽ, പ്രത്യേകിച്ച് പോസ്റ്റൽ വോട്ടുകളിൽ ശോഭ സുരേന്ദ്രനായിരുന്നു മേധാവിത്വം. എന്നാൽ വോട്ടെണ്ണൽ പുരോഗമിക്കുന്തോറും ചിത്രം മാറിമറിഞ്ഞു. ഓരോ റൗണ്ട് പിന്നിടുമ്പോഴും പിഷാരടി തന്റെ ലീഡ് വർദ്ധിപ്പിച്ചു. 2011 മുതൽ യുഡിഎഫ് കൈവശം വച്ചിരിക്കുന്ന ഈ മണ്ഡലം ഇത്തവണ പിടിച്ചെടുക്കാം എന്ന ബിജെപിയുടെ മോഹങ്ങൾ ഇതോടെ പൊലിഞ്ഞു.

തിരഞ്ഞെടുപ്പിന്റെ അവസാന നിമിഷങ്ങളിൽ ഉയർന്നുവന്ന വിവാദങ്ങൾ ബിജെപിക്ക് വലിയ തിരിച്ചടിയായി. കണ്ണാടിയിൽ സ്ഥാനാർത്ഥി പണം നൽകുന്നു എന്നാരോപിച്ച് പുറത്തുവന്ന വീഡിയോ പ്രചാരണത്തിന്റെ ഗതി മാറ്റി.ദൃശ്യങ്ങൾ പകർത്തിയ കോൺഗ്രസ് പ്രവർത്തകരുമായി ശോഭ സുരേന്ദ്രൻ നേരിട്ട് തർക്കത്തിൽ ഏർപ്പെട്ടത് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചു. ഈ ആരോപണങ്ങൾ ബിജെപിയെയും ശോഭ സുരേന്ദ്രനെയും പ്രതിരോധത്തിലാക്കി.

കനത്ത പരാജയം നേരിട്ടതോടെ ശോഭ സുരേന്ദ്രന്റെ രാഷ്ട്രീയ ഭാവി തന്നെ ഇപ്പോൾ സങ്കീർണ്ണമായ അവസ്ഥയിലാണ്. അടുത്തിടെ മത്സരിച്ച എല്ലാ തിരഞ്ഞെടുപ്പുകളിലും പരജയം മാത്രം നേരിടേണ്ടിവന്ന ശോഭയ്ക്ക് നേതൃത്വത്തിലെ സ്ഥാനം എന്തായിരിക്കുമെന്ന് കണ്ടറിയണം. നിശബ്ദ പ്രചാരണത്തിലൂടെയും ജനകീയതയിലൂടെയും അട്ടിമറികളെ പ്രതിരോധിക്കാൻ കഴിഞ്ഞത് കോൺഗ്രസിനും പിഷാരടിക്കും വലിയ കരുത്തായി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!