വോട്ടെണ്ണൽ; കർശന നിർദേശങ്ങളുമായി പേരാവൂർ പോലീസ്
പേരാവൂർ: വോട്ടെണ്ണൽ ദിനമായ തിങ്കളാഴ്ച ആഹ്ളാദപ്രകടനങ്ങൾ കഴിഞ്ഞാൽ നടത്തുന്ന രാഷ്ട്രീയപാർട്ടികളുടെ ജാഥകൾ, സ്ഥലങ്ങൾ , സമയം, പങ്കെടുക്കുന്ന ആളുകളുടെ എണ്ണം എന്നിവ മുൻകൂട്ടി സ്റ്റേഷനിൽ അറിയിക്കണമെന്ന് പേരാവൂർ പോലീസ് ഇൻസ്പെക്ടർ അറിയിച്ചു. നാളെ വൈകീട്ട് ആറ് മണിക്ക് ശേഷം ഒരു കാരണവശാലും പ്രകടനം നടത്തുവാൻ പാടില്ല. എല്ലാ പ്രകടനങ്ങളും നേതാക്കളുടെ കർശന നിയന്ത്രണത്തിലായിരിക്കണം. പ്രകടനങ്ങളിൽ ഒരു കാരണവശാലും പടക്കം ഉപയോഗിക്കരുത് .എതിർ പാർട്ടിക്കാരുടെ ഓഫീസുകൾക്ക് മുന്നിലോ വീട്ടിന് മുന്നിലോ വെച്ച് പടക്കം പൊട്ടിക്കരുത്. ആഹ്ളാദ പ്രകടനങ്ങളുടെ ഭാഗമായി ഡിജെ സിസ്റ്റം, ബൈക്ക് റാലി എന്നിവ ഉപയോഗിച്ചാൽ കർശന നിയമ നടപടി സ്വീകരിക്കുന്നതായിരിക്കും. മുൻകൂട്ടി അനുവാദം വാങ്ങാതെ തുറന്ന വാഹനങ്ങൾ, ഉച്ച ഭാഷിണികൾ എന്നിവ ഉപയോഗിക്കാൻ പാടില്ല. ആഹ്ളാദ പ്രകടനത്തിന്റെ ഭാഗമായി സ്ഥാപിച്ചിട്ടുള്ള മുഴുവൻ പോസ്റ്ററുകളും ബോർഡുകളും തോരണങ്ങളും വോട്ടെണ്ണൽ ദിവസം തന്നെ അതാത് സംഘടനകൾ നീക്കം ചെയ്യേണ്ടതാണ്. ജാഥകളും പ്രകടനങ്ങളും പോലീസിന്റെ നിർദേശാനുസരണം ഗതി മാറ്റുവാനോ നിർത്തിവെക്കുവാനോ സംഘാടകർ തയ്യാറാവണം. സ്റ്റേഷൻ പരിധിയിലെ കച്ചവട സ്ഥാപനങ്ങൾ തിങ്കളാഴ്ച രാത്രി 10 മണിക്ക് ശേഷം തുറന്നു പ്രവർത്തിപ്പിക്കുവാൻ പാടുള്ളതല്ല എന്നും പേരാവൂർ പോലീസ് അറിയിച്ചു.
