അനാസ്ഥയുടെ കണ്ണൂർ മാതൃക; തുമ്പൂർമുഴി മാതൃക കംപോസ്റ്റ് നോക്കുകുത്തി
കണ്ണൂർ ∙ ജൈവമാലിന്യ സംസ്കരണത്തിനു സിവിൽ സ്റ്റേഷനിലും സ്റ്റേഡിയം കോർണറിലും സ്ഥാപിച്ച തുമ്പൂർമുഴി മാതൃക കംപോസ്റ്റ് നോക്കുകുത്തിയായി. ജൈവമാലിന്യ സംസ്കരണത്തിനു നഗരത്തിൽ സംവിധാനമില്ലാത്ത ദുരവസ്ഥ കൂടിയുണ്ട്. നാട്ടിൻപുറങ്ങളിലെ ചെറിയ സർക്കാർ ഓഫിസുകൾവരെ ഹരിത പെരുമാറ്റച്ചട്ടപ്രകാരം പ്രവർത്തിക്കുമ്പോൾ ജില്ലാ ആസ്ഥാനത്ത് ഒരു ഹരിത പെരുമാറ്റച്ചട്ടവുമില്ലെന്നതും മറ്റൊരു ന്യൂനതയാണ്.
ഓഫിസുകളിലും മറ്റും ഉണ്ടാകുന്ന ഭക്ഷണാവശിഷ്ടങ്ങൾ ഇടാനായിരുന്നു പ്ലാന്റ്. കംപോസ്റ്റ് പ്ലാന്റ് വരുന്നതിനു മുൻപ് ജീവനക്കാർ ഭക്ഷണാവശിഷ്ടങ്ങൾ വീടുകളിലേക്കു കൊണ്ടുപോകുകയായിരുന്നു പതിവ്. കംപോസ്റ്റ് പ്ലാന്റിലെ വളം സർക്കാർ ഓഫിസുകളിലെ കൃഷിക്കായി ഉപയോഗിക്കുമെന്നൊക്കെ ആയിരുന്നു അവകാശവാദം. എന്നാൽ പ്ലാന്റ് പ്രവർത്തിപ്പിക്കാനുള്ള ജീവനക്കാർ ഇല്ലാത്തതിനാൽ ആരും ഭക്ഷണാവശിഷ്ടം അവിടെ ഇടാതായി. താൽക്കാലിക ശുചീകരണത്തൊഴിലാളികളുടെ ജോലി ഉച്ചയ്ക്കു മുൻപേ തീരും. ഉച്ചഭക്ഷണത്തിനു ശേഷം മാലിന്യം പ്ലാന്റിലിടാനുള്ള ആളുണ്ടാകില്ല. അതോടെ തുമ്പൂർമുഴി മാതൃക കംപോസ്റ്റ് അടച്ചിട്ടു. കോർപറേഷനാണ് ഇവ രണ്ടും സ്ഥാപിച്ചതെങ്കിലും നടത്തിക്കൊണ്ടു പോകലും മറ്റും കൃത്യമായി നടക്കാത്തതും കംപോസ്റ്റ് പ്രവർത്തിക്കാത്തതിനു കാരണമായി.
തുമ്പൂർമുഴി മാതൃക
4 അടിവീതം നീളവും വീതിയും ഉയരവുമുള്ളതും യഥേഷ്ടം വായുസഞ്ചാരം ഉറപ്പാക്കിയതുമായ ടാങ്കിലേക്ക് കരിയിലയും ചാണകവും നിശ്ചിത അളവിൽ നിക്ഷേപിച്ചശേഷം അതിനു മീതേ മാലിന്യം ഇടും. വീണ്ടും ഇത് കരിയിലയും ചാണകവും ഇട്ടുമൂടും. അങ്ങനെ പല തട്ടായി കരിയിലയും ചാണകവും മാലിന്യവും നിറയ്ക്കും. രണ്ടു മാസംകൊണ്ട് മാലിന്യം പൂർണമായും വളമായി മാറും. ഇറച്ചിമാലിന്യംവരെ ഇട്ടാലും മണമോ പുഴുവോ മറ്റെന്തെങ്കിലും പ്രശ്നങ്ങളോ ഉണ്ടാകില്ല. 4 അടി വീതം നീളവും വീതിയും ഉയരവുമുള്ള ഒരു ബിന്നിൽ 2500 കിലോഗ്രാം വരെ മാലിന്യം നിറയ്ക്കാം.
