പരിഹരിക്കാൻ നടപടിയില്ല കൂവേരി തൂക്കുപാലം തകർച്ചയിൽ
തളിപ്പറമ്പ്: കൂവേരിയിലെ തൂക്കൂപാലം തകർച്ചയുടെ വക്കിലായിട്ടും പരിഹരിക്കാൻ നടപടിയില്ല. നിരവധി വിനോദസഞ്ചാരികൾ ദിനംപ്രതി എത്തുന്ന തൂക്കുപാലം കാലപ്പഴക്കത്താൽ തകർന്നുവീഴാവുന്ന അവസ്ഥയിലാണ്. ഇതുസംബന്ധിച്ച് പരാതികൾ ഉയർന്നിട്ടും അധികൃതർ ഉറക്കത്തിലാണ്. പാലം അറ്റകുറ്റപ്പണിക്ക് ചപ്പാരപ്പടവ് പഞ്ചായത്ത് ഫണ്ട് അനുവദിച്ചിട്ടുണ്ട് എന്ന് പറയുമ്പോഴും അറ്റകുറ്റപ്പണി നടക്കുന്നില്ല. തൂക്കുപാലവുമായി ബന്ധപ്പെട്ട അറ്റകുറ്റപ്പണി നടത്തുന്നവരെ കിട്ടാനില്ല എന്നാണ് അധികൃതർ പറയുന്നത്. പാലം അപകടത്തിലാണെന്നും 20 പേരിൽ കൂടുതൽപേർ കയറരുത് എന്നുമുള്ള മുന്നറിയിപ്പ് ബോർഡ് പാലത്തിൽ വച്ചിട്ടുണ്ട്. എന്നാൽ ഇതെല്ലാം അവഗണിച്ച് പാലം കാണാൻ എത്തുന്നവർ നിരവധിയാണ്.
കൂവേരിക്കടവ് ഭാഗത്തുനിന്ന് കൊട്ടക്കാനം ആലത്തട്ട് ഭാഗത്തേക്ക് ജനത്തിന് പുഴ മുറിച്ചുകടക്കാനുള്ള ഏക ആശ്രയമാണ് കൂവേരി തൂക്കുപാലം. സ്കൂൾ തുറന്നാൽ കൊട്ടക്കാനം യു.പി. സ്കൂളിലേക്ക് കുട്ടികൾ കടന്നുപോകേണ്ടത് ഈ പാലംവഴിയാണ്. അറ്റകുറ്റപ്പണി നടക്കാത്തതുകാരണം പാലം ചെരിഞ്ഞ അവസ്ഥയിലാണ്. യാത്രക്കാർ പുഴയിലേക്ക് വീഴാതിരിക്കാൻ സ്ഥാപിച്ച കമ്പിവേലികൾ നാശത്തിന്റെ വക്കിലാണ്. കാലിടറിയാൽ പുഴയിലേക്ക് വീഴുന്ന അവസ്ഥയാണ്. പാലത്തിലൂടെ നടക്കുമ്പോൾ ആട്ടവുമുണ്ട്. കൂവേരി തൂക്കുപാലം കാണാൻ നിരവധി സഞ്ചാരികളാണ് ദിനംപ്രതി എത്തുന്നത്. പാലവും പുഴയും മരങ്ങൾ നിറഞ്ഞ പുഴയോരവും നിരവധിപേരെ ആകർഷിക്കുന്നു. ഇതിനനുസരിച്ചുള്ള സൗകര്യങ്ങൾ അധികൃതർ ഇവിടെ ഒരുക്കിയിട്ടില്ല. സിനിമാ ചിത്രീകരണം നടന്ന മനോഹരമായ പുഴയോരമാണ് ഇവിടെയുള്ളത്. മണൽത്തിട്ടയിൽ വിശ്രമിക്കാനും പുഴയിൽ കുളിക്കാനും സൗകര്യമുണ്ട്. പുഴയിൽ ഇറങ്ങിയപ്പോൾ ചില മുങ്ങിമരണങ്ങളും ഇവിടെ ഉണ്ടായിട്ടുണ്ട്. പ്രകൃതി ഏറ്റവും നന്നായി അനുഗ്രഹിച്ച, നിരവധി സഞ്ചാരികൾ എത്തുന്ന കൂവേരിപ്പുഴയിൽ ഒരു സൗകര്യവും അധികൃതർ ഒരുക്കിയിട്ടുമില്ല.
