‘ഈ മാസം പതിനഞ്ചിനുള്ളില്‍ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമാകില്ല’; മുഖ്യമന്ത്രിയുടെ വാദം തള്ളി കെഎസ്ഇബി

Share our post

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യതി പ്രതിസന്ധി ഈ മാസം പതിനഞ്ചിനുള്ളില്‍ പരിഹരിക്കുമെന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ വാദം തള്ളി കെഎസ്ഇബി. വൈദ്യുതി പ്രതിസന്ധി സെപ്റ്റംബര്‍ മാസത്തില്‍ രൂക്ഷമായി തുടരുമെന്നാണ് കെഎസ്ഇബി പറയുന്നത്. പതിനഞ്ചിനുള്ളില്‍ പരിഹാരം കണ്ടെത്താന്‍ കഴിയില്ല. വൈദ്യുതി ഉപയോഗം കൂടിയതോടെ ആവശ്യത്തിന് വൈദ്യുതി ലഭിക്കാത്ത സാഹചര്യമാണുള്ളതെന്നും കെഎസ്ഇബി ചൂണ്ടിക്കാട്ടുന്നു.

പീക്ക് ടൈമില്‍ ആയിരം മെഗാവാട്ടിന്റെ കുറവാണ് വരുന്നത്. ഇത് മറികടക്കാന്‍ ഈ മാസം അവസാനം വരെ കാത്തിരിക്കേണ്ടി വരുമെന്നും കെഎസ്ഇബി പറയുന്നു. മഴ ലഭിച്ചാല്‍ നേരിയ ആശ്വാസം കണ്ടെത്താന്‍ കഴിയും. മറ്റ് സംസ്ഥാനങ്ങളിലെ ക്ഷാമം പരിഹരിക്കാതെ വൈദ്യുതി കിട്ടില്ല. നിയന്ത്രണം അതുവരെ തുടരും. ജനങ്ങള്‍ സഹകരിക്കുക മാത്രമാണ് ഇനിയുള്ള വഴിയെന്നും കെഎസ്ഇബി പറയുന്നു. പവര്‍കട്ട് സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കാനുള്ള ശ്രമം കെഎസ്ഇബി തുടങ്ങിയിട്ടുണ്ട്. അമിതമായ വൈദ്യുതി ഉപയോഗം കുറയ്ക്കാനും നിര്‍ദ്ദേശമുണ്ട്.

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി സെപ്റ്റംബര്‍ പതിനഞ്ചോടെ പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നായിരുന്നു മുഖ്യമന്ത്രി വി ഡി സതീശന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വൈദ്യതി ഉപഭോഗം വര്‍ധിച്ചതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. മഴയുടെ കുറവ് കാരണം ഡാമുകളില്‍ സംഭരണശേഷിയുടെ പകുതിയോളം മാത്രമാണ് വെള്ളമുള്ളത്. ഇത് ആഭ്യന്തര ഉത്പാദനം കുറയാന്‍ കാരണമായെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. കല്‍ക്കരി ക്ഷാമം കാരണം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വൈദ്യുതി ഉത്പാദനം കുറഞ്ഞതും തിരിച്ചടിയായി. പീക്ക് സമയങ്ങളില്‍ വലിയ തുക നല്‍കി പുറത്തുനിന്ന് വൈദ്യുതി വാങ്ങേണ്ടി വരുന്നതും സ്ഥിതി സങ്കീര്‍ണമാക്കിയതായും സതീശന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ അത്ഭുതപ്രവൃത്തി ഒന്നുമില്ലെന്നായിരുന്നു വൈദ്യുതി മന്ത്രി സണ്ണി ജോസഫ് പറഞ്ഞത്. വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിനായി സര്‍ക്കാരിന്റെയും കെഎസ്ഇബിയുടെയും ഭാഗത്തുനിന്ന് മനുഷ്യസാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചുവരികയാണ്. വിഷയത്തില്‍ ജനങ്ങള്‍ക്കുണ്ടാകുന്ന പ്രയാസങ്ങളില്‍ ഖേദമുണ്ട്. നിലവിലെ പ്രതിസന്ധി പരിഹരിക്കാന്‍ എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്നും സണ്ണി ജോസഫ് പറഞ്ഞിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!