ഞങ്ങളും കണ്ടേ…അദ്ഭുതക്കാഴ്ചയായി ബഹിരാകാശ നിലയം; വരും ദിവസങ്ങളിലും ദൃശ്യമാകും?

Share our post

വിസ്മയമൊരുക്കി രാജ്യാന്തര ബഹിരാകാശ നിലയം കടന്നുപോയി. യാതൊരുവിധ പ്രത്യേക നിരീക്ഷണ ഉപകരണങ്ങളുടെയും സഹായമില്ലാതെ നഗ്നനേത്രങ്ങൾ കൊണ്ട് വ്യക്തമായി കാണാൻ സാധിച്ച ഈ അപൂർവ്വ കാഴ്ച സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധിയാളുകൾ തത്സമയം കണ്ടു.

വെള്ളിയാഴ്ച രാത്രി 7.46 ഓടെ തെക്ക്, പടിഞ്ഞാറ് ദിശയിൽ പ്രത്യക്ഷപ്പെട്ട നിലയം ഏകദേശം നാല് മിനിറ്റോളം ആകാശത്ത് തിളങ്ങിനിന്ന് വടക്ക് ഭാഗത്തായി മറഞ്ഞു. പതിവ് നക്ഷത്രങ്ങളെക്കാൾ തിളക്കത്തോടെയും വേഗത്തിലും ആകാശത്തിലൂടെ നീങ്ങുന്ന ഒരു പ്രകാശബിന്ദുവായാണ് ഇത് അനുഭവപ്പെട്ടത്.

കാർമേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശമുള്ളയിടങ്ങളിൽ കാഴ്ച വളരെ വ്യക്തമായിരുന്നു. ഇന്നലെ കാണാൻ സാധിക്കാത്തവർക്ക് നിരാശപ്പെടേണ്ടതില്ല; വരും ദിവസങ്ങളിലും പുലർച്ചെയും സന്ധ്യാസമയങ്ങളിലുമായി കേരളത്തിന്റെ ആകാശത്ത് ബഹിരാകാശ നിലയം ദൃശ്യമാകും.

സെപ്റ്റംബർ 5, ശനി (ഇന്ന് വൈകുന്നേരം): 6:59 PM (ഏകദേശം 6 മിനിറ്റ് ദൃശ്യം, 47° ഉയരത്തിൽ തെക്ക്-തെക്കുപടിഞ്ഞാറ് ദിശയിൽ വന്ന് വടക്കുകിഴക്ക് മറയും).

സെപ്റ്റംബർ 6, ഞായർ: 7:50 PM (3 മിനിറ്റ്, പടിഞ്ഞാറ് നിന്ന് വടക്ക്-വടക്കുപടിഞ്ഞാറൻ ദിശയിലേക്ക്).

സെപ്റ്റംബർ 7, തിങ്കൾ:പുലർച്ചെ 5:44 AM (7 മിനിറ്റ് ദൈർഘ്യം, 80° ഉയരത്തിൽ വടക്ക്-വടക്കുപടിഞ്ഞാറ് നിന്ന് തെക്കുകിഴക്ക് ദിശയിലേക്ക്)

വൈകുന്നേരം 7:01 PM (6 മിനിറ്റ്, പടിഞ്ഞാറ്-തെക്കുപടിഞ്ഞാറ് നിന്ന് വടക്കോട്ട്).

സെപ്റ്റംബർ 8, ചൊവ്വ: പുലർച്ചെ 4:57 AM (6 മിനിറ്റ്).

സെപ്റ്റംബർ 9, ബുധൻ: പുലർച്ചെ 4:13 AM (1 മിനിറ്റ്).

സെപ്റ്റംബർ 10, വ്യാഴം: പുലർച്ചെ 5:03 AM (2 മിനിറ്റ്).

പ്രകാശ മലിനീകരണം കുറഞ്ഞ, തുറസ്സായ സ്ഥലങ്ങളിൽ നിന്ന് നോക്കിയാൽ ഈ സമയങ്ങളിൽ ആകാശത്ത് അതിവേഗം നീങ്ങുന്ന നിലയത്തെ എളുപ്പത്തിൽ തിരിച്ചറിയാനാകും. കാലാവസ്ഥ അനുകൂലമാണെങ്കിൽ (മേഘാവൃതമല്ലെങ്കിൽ) ഈ കാഴ്ച ആസ്വദിക്കാം


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!