ദീപാവലി യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ട്രെയിൻ ടിക്കറ്റ് ബുക്കിങ് സെപ്റ്റംബർ ആറ് മുതൽ; ഈ കാര്യങ്ങൾ മറക്കരുത്!

Share our post

ദീപാവലി അവധിക്ക് നാട്ടിലേക്ക് പോകാനും യാത്രകൾ പ്ലാൻ ചെയ്യാനും ആഗ്രഹിക്കുന്നവരാണോ നിങ്ങൾ? ഉത്സവ സീസണുകളിൽ ട്രെയിനുകളിൽ അനുഭവപ്പെടുന്ന വലിയ തിരക്ക് കാരണം പലർക്കും അവസാന നിമിഷം ടിക്കറ്റ് ലഭിക്കാറില്ല. എന്നാൽ ഇത്തവണ യാത്രക്കാർക്ക് ആശ്വാസമായി, 2026-ലെ ദീപാവലി ആഘോഷങ്ങൾക്കായുള്ള അഡ്വാൻസ് ട്രെയിൻ ടിക്കറ്റ് ബുക്കിംഗ് നാളെ (സെപ്റ്റംബർ 6) രാവിലെ എട്ട് മണി മുതൽ ആരംഭിക്കുകയാണ്. നവംബർ എട്ടിനാണ് ഈ വർഷം ദീപാവലി ആഘോഷിക്കുന്നത്.

ഇന്ത്യൻ റെയിൽവേയുടെ നിയമപ്രകാരം, യാത്ര ചെയ്യുന്ന തീയതി ഒഴികെ 60 ദിവസങ്ങൾക്ക് മുമ്പാണ് അഡ്വാൻസ് റിസർവേഷൻ പിരീഡ് ആരംഭിക്കുന്നത്. അവസാന നിമിഷമുള്ള തിരക്ക് ഒഴിവാക്കാൻ യാത്രക്കാർ എത്രയും വേഗം ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യണമെന്നും, ഇത് കൂടുതൽ സുഗമവും സൗകര്യപ്രദവുമായ യാത്ര ഉറപ്പാക്കാൻ സഹായിക്കുമെന്നും ദേശീയ ട്രാൻസ്പോർട്ടർ ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചിട്ടുണ്ട്.

ഉത്സവ സീസണുകളിൽ ഏറ്റവും കൂടുതൽ തിരക്കനുഭവപ്പെടുന്ന റൂട്ടുകളിൽ യാത്ര ചെയ്യുന്നവർ ടിക്കറ്റ് ബുക്കിങ്ങിൽ പ്രത്യേക ശ്രദ്ധ നൽകേണ്ടതുണ്ട്. ‍ഡൽഹി-പട്ന, പട്ന-അഹമ്മദാബാദ്, പട്ന-ഉധ്ന, മുംബൈ-പട്ന, ഹൗറ-പട്ന, ബം​ഗളൂരു-പട്ന, ഫിറോസ്പൂർ-പട്ന, വാരണാസി-ഡൽഹി, കാൺപൂർ-ഡൽഹി, ലുധിയാന-സുപോൾ, ലുധിയാന-പട്ന, ചെന്നൈ-പട്ന, ഹൈദരാബാദ്-പട്ന, ‍ഡൽഹി-​ഘോരക്പൂർ‍ എന്നീ റൂട്ടുകളിലാണ് ദീപാവലി സമയത്ത് സാധാരണയായി ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെടാറുള്ളത്.

വരാനിരിക്കുന്ന ഉത്സവ സീസണിൽ യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കാനും കൂടുതൽ യാത്രാ സൗകര്യങ്ങൾ ഒരുക്കാനുമായി റെയിൽവേ നിരവധി ‘ഫെസ്റ്റിവൽ സ്പെഷ്യൽ ട്രെയിനുകളും’ പ്രഖ്യാപിച്ചിട്ടുണ്ട്.

ഗുവാഹത്തി (Train No. 04127/04128), കട്ടിഹാർ – അമൃത്‌സർ (Train No. 05736/05735), ദിബ്രുഗഡ് – കൊൽക്കത്ത (Train No. 05932/05931), ഭഗൽപൂർ – കട്ടിഹാർ – ഭഗൽപൂർ (Train nos. 03407/03408) എന്നീ ഫെസ്റ്റിവൽ സ്പെഷ്യൽ ട്രെയിനുകൾ വരും മാസങ്ങളിൽ അധിക സർവീസുകൾ നടത്തുമെന്ന് റെയിൽവേ വ്യക്തമാക്കി.

കൂടാതെ, വാരണാസി – ഡൽഹി – വാരണാസി (Train No. 04209/04210), അയോധ്യ കാൻ്റ് – ആനന്ദ് വിഹാർ ടെർമിനൽ – അയോധ്യ കാൻ്റ് (Train no. 04213/04214), ചണ്ഡീഗഡ് – പട്ന ജംഗ്ഷൻ – ചണ്ഡീഗഡ് (Train no. 04512/04511), ഫിറോസ്പൂർ കാൻ്റ് ജംഗ്ഷൻ – പട്ന ജംഗ്ഷൻ – ഫിറോസ്പൂർ കാൻ്റ് ജംഗ്ഷൻ (Train no. 04616/04615) എന്നിവയും സ്പെഷ്യൽ സർവീസ് നടത്തുന്ന ട്രെയിനുകളിൽ ഉൾപ്പെടുന്നു.

ആനന്ദ് വിഹാർ ടെർമിനൽ – ജോഗ്ബാനി (04008/04007), ആനന്ദ് വിഹാർ ടെർമിനൽ – മുസാഫർപൂർ (04028/04027), ഡൽഹി – സീതാമർഹി (04010/04009), ന്യൂഡൽഹി – കാൺപൂർ സെൻട്രൽ സൂപ്പർഫാസ്റ്റ് സ്പെഷ്യൽ (02456/02455), ആനന്ദ് വിഹാർ ടെർമിനൽ – കാൺപൂർ സെൻട്രൽ സൂപ്പർഫാസ്റ്റ് സ്പെഷ്യൽ (02458/02457), ബറൗണി – ന്യൂഡൽഹി (02563/02564), ദർഭംഗ – ന്യൂഡൽഹി (02569/02570) എന്നീ ട്രെയിനുകളും യാത്രക്കാരുടെ തിരക്ക് കുറയ്ക്കാനായി പ്രത്യേക സർവീസുകൾ നടത്തും.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!