സഹപാഠികളുടെയും അധ്യാപകരുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; കൊച്ചിയിൽ ബിബിഎ വിദ്യാർഥിക്കെതിരെ കേസ്
കൊച്ചി: സഹപാഠികളുടെയും അധ്യാപകരുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച കോളജ് വിദ്യാർഥിക്കെതിരെ കേസെടുത്ത് പൊലീസ്. ഭാരതമാതാ കോളജിലെ രണ്ടാം വർഷ ബിബിഎ വിദ്യാർഥിയായ എസ്. ഹരിക്കെതിരെയാണ് തൃക്കാക്കര പൊലീസ് കേസെടുത്തിരിക്കുന്നത്.കോളജിലെ പ്രിൻസിപ്പൽ ഇൻ-ചാർജിന്റെ പരാതിയിലാണ് പൊലീസ് നടപടി. കഴിഞ്ഞ ഡിസംബർ മുതൽ വിദ്യാർഥിനികളുടെയും അധ്യാപകരുടെയും ചിത്രങ്ങൾ ശേഖരിച്ച് മോർഫ് ചെയ്ത് പ്രചരിപ്പിച്ചു വരികയായിരുന്നുവെന്ന് പൊലീസ് പറയുന്നു. കോളജിലെ വിവിധ പരിപാടികളുടെ ദൃശ്യങ്ങളും വിദ്യാർഥിയുടെ കൈവശമുണ്ട്.
സംഭവത്തിൽ തൃക്കാക്കര പൊലീസ് കേസെടുത്തെങ്കിലും പ്രതിയെ ഇതുവരെ കസ്റ്റഡിയിലെടുക്കുകയോ മൊബൈൽ ഫോൺ പിടിച്ചെടുക്കുകയോ ചെയ്തിട്ടില്ല. വിഷയം ഗൗരവത്തോടെ കണ്ട് ഉടൻ തന്നെ തുടർനടപടികളിലേക്ക് കടക്കുമെന്ന് പൊലീസ് അറിയിച്ചു.
