അനധികൃത ഈട്ടിമുറി: മുന്‍ ചീഫ് സെക്രട്ടറിയും വയനാട് കളക്ടറുമടക്കം ഏഴു പേര്‍ക്ക് വക്കീല്‍ നോട്ടീസ്

Share our post

കല്‍പ്പറ്റ: വയനാട്ടിലെ തൃക്കൈപ്പറ്റ വില്ലേജില്‍പ്പെട്ട നത്തംകുനിയില്‍ റവന്യു പട്ടയഭൂമിയില്‍നിന്നു അനധികൃതമായി ഈട്ടി മുറിച്ചതിന് കേരള ലാന്‍ഡ് കണ്‍സര്‍വന്‍സി നിയമപ്രകാരം ഭൂവുടമയ്ക്ക് ചുമത്തിയ പിഴ ഈടാക്കാത്തതിനെതിരേ അഭിഭാഷകന്‍ ഹൈക്കോടതിയിൽ.

ജില്ലാ മുന്‍ ഗവ.പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായ ജോസഫ് മാത്യുവാണ് ഹൈക്കോടതിയെ സമീപിക്കുന്നത്. ഇതിനു മുന്നോടിയായി അദ്ദേഹം മുന്‍ ചീഫ് സെക്രട്ടറി ഡോ.എ. ജയതിലക്, വയനാട് കളക്ടറായിരുന്ന ഡോ.അദീല അബ്ദുള്ള, നിലവിലെ ജില്ലാ കളക്ടര്‍, വൈത്തിരി തഹസില്‍ദാര്‍, തൃക്കൈപ്പറ്റ വില്ലേജ് ഓഫീസര്‍, ഭൂവുടമ അരീക്കര സുഹറ, ഭര്‍ത്താവ് ഷെരീഫ് എന്നിവര്‍ക്ക് കോഴിക്കോട് ബാറിലെ അഡ്വ.പി.ടി. രാജേഷ് മുഖേന നോട്ടീസ് അയച്ചു.

ഭൂവുടമ പിഴ അടിയന്തരമായി അടച്ചില്ലെങ്കില്‍ പൊതുഖജനാവിന് നേരിട്ട നഷ്ടം ഏഴുപേരില്‍നിന്നു വസൂലാക്കുന്നതിന് ഉത്തരവ് തേടി ഹൈക്കോടതിയെ സമീപിക്കുമെന്ന് നോട്ടീസില്‍ പറയുന്നു.

തൃക്കൈപ്പറ്റ വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ 29ല്‍ സര്‍വേ നമ്പര്‍ 59/1ല്‍പ്പെട്ട ഭൂമിയിലെ റിസര്‍വ് മരമാണ് 2020 ഡിസംബറില്‍ മുറിച്ചത്. ഇതിന്‍റെ പേരില്‍ 2021 ജനുവരി 11ന് കെഎല്‍സി നിയമപ്രകാരം ഭൂവുടയ്മക്കെതിരേ കേസെടുത്ത റവന്യു അധികാരികള്‍ വൈകാതെ തടികള്‍ കസ്റ്റഡിയിലെടുത്തു.

വനം വകുപ്പ് കണക്കാക്കിയ മരവിലയായ 12,42,472 രൂപയുടെ മൂന്നിരട്ടി-37,27,416 രൂപ കെഎല്‍സി നിയമപ്രകാരം പിഴ ചുമത്തി. തുടര്‍ന്ന് നോട്ടീസ് നല്‍കിയെങ്കിലും സ്ഥലം ഉടമ പിഴ ഒടുക്കിയില്ല. പിഴ വസൂല്‍ ചെയ്യാത്തതിനെതിരേ മേപ്പാടി കോട്ടപ്പടി പോത്തമ്പാടം പി.കെ. മുരളീധരന്‍ ജില്ലാ കളക്ടര്‍ക്ക് 2025 നവംബര്‍ 26ന് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു.

ഇതിനുപിന്നാലെ പിഴ ഏഴ് ദിവസത്തിനകം ഈടാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ജില്ലാ കളക്ടര്‍ 2025 ഡിസംബര്‍ ഒമ്പതിന് വൈത്തിരി തഹസില്‍ദാര്‍ക്ക് നിര്‍ദേശം നല്‍കിയെങ്കിലും തുടര്‍ നടപടികള്‍ മന്ദഗതിയിലാണ്. ഈ പശ്ചാത്തലത്തിലാണ് ഹൈക്കോടതിയെ സമീപിക്കാനുള്ള തീരുമാനമെന്ന് അഡ്വ.ജോസഫ് മാത്യു പറഞ്ഞു.

ഉദ്യോഗസ്ഥതലത്തിലെ ഒത്തുകളിയാണ് പിഴ ഈടാക്കാത്തതിന് പിന്നിലെന്ന് സംശയത്തിലാണ് അഡ്വ.ജോസഫ് മാത്യു. ഡോ.ജയതിലകിന്‍റെയും വയനാട് കളക്ടറായിരുന്ന ഡോ.അദീല അബ്ദുള്ളയുടെയും ഒത്താശയോടെയാണ് നത്തംകുനിയില്‍ മരംമുറി നടന്നതെന്ന് അദ്ദേഹം നേരത്തേ ആരോപിച്ചിരുന്നു.

ഡോ.എ. ജയതിലക് റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരിക്കേ 2020 ഒക്ടോര്‍ 24ന് ഇറക്കിയതും നിയമപരമായി നില്‍നില്‍പ് ഇല്ലാതിരുന്നതുമായ ഉത്തരവിന്‍റെ മറവിലാണ് കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ റവന്യു പട്ടയ ഭൂമികളില്‍ ഈട്ടി, തേക്ക് മുറി നടന്നത്. ഇതില്‍ മുട്ടില്‍ സൗത്ത് വില്ലേജിലെ ഈട്ടിമുറി വിവാദമായിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!