തീവെട്ടിക്കൊള്ള മറയ്ക്കാൻ വിവരാവകാശത്തിന്റെ കഴുത്തുഞെരിക്കുന്നു: പിണറായി വിജയൻ

Share our post

തിരുവനന്തപുരം: അധികാരമേറ്റ് ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ നടത്തിയതും ഇനി നടത്താനിരിക്കുന്നതുമായ തീവെട്ടിക്കൊള്ള മറയ്ക്കാന്‍
വിവരാവകാശത്തിന്റെ കഴുത്ത് ഞെരിക്കുകയാണ് യുഡിഎഫ് സര്‍ക്കാരെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. വിജിലന്‍സിലെ ടി ബ്രാഞ്ചിനെ വെട്ടി മാറ്റിയത് അഴിമതി മൂടി വെക്കാനാണെന്നും പകല്‍ക്കൊള്ളക്കാര്‍ക്ക് പരസ്യമായി കുടപിടിച്ചു കൊടുക്കലാണിതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. മുഖ്യമന്ത്രിക്കെതിരായ വിജിലന്‍സ് രേഖകള്‍ പുറത്തുവന്നപ്പോഴാണ് വിജ്ഞാപനം വന്നതെന്നും ഭരണത്തണലില്‍ അഴിമതി നടത്തുന്നവരെ രക്ഷിച്ചെടുക്കാനുള്ള വെപ്രാളമെന്നും പിണറായി വിജയന്‍ ആരോപിച്ചു.

വിവരാവകാശ നിയമം തങ്ങളുടെ ‘തറവാട്ടുസ്വത്ത്’ ആണെന്ന് മേനിപറഞ്ഞു നടന്ന കോൺഗ്രസ്, അതേ നിയമത്തിന്റെ നെഞ്ചിലേക്ക് കഠാര കുത്തിയിറക്കുകയാണ്. ഇടതുപക്ഷത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത സമ്മർദ്ദവും ഇടപെടലും കാരണമാണ് യുപിഎ കാലത്ത് ഈ ജനകീയ ആയുധം രാജ്യത്ത് പിറവിയെടുത്തത്. എന്നാൽ ഇന്ന് സ്വന്തം തട്ടിപ്പുകൾ ഒന്നൊന്നായി പൊളിഞ്ഞു വീഴുന്നതിന് വിവരാവകാശ നിയമം കാരണമാകും എന്ന ഭയമാണ് കോൺഗ്രസ് നേതൃത്വത്തെ നയിക്കുന്നതെന്നും പിണറായി കുറ്റപ്പെടുത്തി.

ഭരണത്തിലെ സുതാര്യതയെയും ഉത്തരവാദിത്തത്തെയും ഒരു സർക്കാർ ഇത്രമാത്രം ഭയക്കുന്നുണ്ടെങ്കിൽ, അവിടെ അഴിമതിയുടെ വേരുകൾ എത്രമാത്രം ആഴത്തിൽ പടർന്നിട്ടുണ്ടാകു എന്നാണ് ചിന്തിക്കേണ്ടത്. ജനങ്ങളുടെ അറിയാനുള്ള അവകാശത്തിന് വിലങ്ങിട്ട് കൊള്ളമുതൽ പങ്കിട്ടെടുക്കാനുള്ള കേരളത്തിലെ ഈ ജനവിരുദ്ധ നാടകത്തിന് എഐസിസി നേതൃത്വത്തിന്റെ മൗനാനുവാദമുണ്ടോ എന്ന് വ്യക്തമാക്കണം. കട്ടവനെ കാവൽക്കാരനാക്കി മാറ്റുന്ന ഈ കള്ളക്കളി കേരളത്തിലെ പ്രബുദ്ധരായ ജനങ്ങൾ വെച്ചുപൊറുപ്പിക്കില്ലെന്നും പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം

അധികാരമേറ്റ് ചുരുങ്ങിയ നാളുകൾക്കുള്ളിൽ നടത്തിയതും ഇനി നടത്താനിരിക്കുന്നതുമായ തീവെട്ടിക്കൊള്ള മറയ്ക്കാൻ വിവരാവകാശത്തിന്റെ കഴുത്തുഞെരിക്കുകയാണ് യുഡിഎഫ് സർക്കാർ. രാഷ്ട്രീയ നേതാക്കളുടെയും ജനപ്രതിനിധികളുടെയും അഴിമതി ഫയലുകൾ ഒളിപ്പിച്ചുവെക്കാൻ വിജിലൻസിലെ ‘ടി’ ബ്രാഞ്ചിനെ വിവരാവകാശ നിയമത്തിൽ നിന്ന് വെട്ടിമാറ്റിയത് അഴിമതി മുടി വെക്കാനുള്ള നഗ്നമായ ഇടപെടലാണ്. പകൽക്കൊള്ളക്കാർക്ക് പരസ്യമായി കുടപിടിച്ചു കൊടുക്കലാണിത്.

മുഖ്യമന്ത്രിക്കെതിരെയുള്ള വിജിലൻസ് രേഖകൾ പുറത്തുവന്ന് മുഖം വികൃതമായപ്പോൾത്തന്നെ ഇറങ്ങിയ ഈ വിജ്ഞാപനം ഭരണത്തണലിൽ അഴിമതി ആറാട്ട് നടത്തുന്ന ഉന്നതരെ രക്ഷിച്ചെടുക്കാനുള്ള വെപ്രാളമാണ്. വിവരാവകാശ നിയമം തങ്ങളുടെ ‘തറവാട്ടുസ്വത്ത്’ ആണെന്ന് മേനിപറഞ്ഞു നടന്ന കോൺഗ്രസ്, അതേ നിയമത്തിന്റെ നെഞ്ചിലേക്ക് കഠാര കുത്തിയിറക്കുകയാണ്.

ഇടതുപക്ഷത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത സമ്മർദ്ദവും ഇടപെടലും കാരണമാണ് യുപിഎ കാലത്ത് ഈ ജനകീയ ആയുധം രാജ്യത്ത് പിറവിയെടുത്തത്. എന്നാൽ ഇന്ന് സ്വന്തം തട്ടിപ്പുകൾ ഒന്നൊന്നായി പൊളിഞ്ഞു വീഴുന്നതിന് വിവരാവകാശ നിയമം കാരണമാകും എന്ന ഭയമാണ് കോൺഗ്രസ് നേതൃത്വത്തെ നയിക്കുന്നത്.

ഭരണത്തിലെ സുതാര്യതയെയും ഉത്തരവാദിത്തത്തെയും ഒരു സർക്കാർ ഇത്രമാത്രം ഭയക്കുന്നുണ്ടെങ്കിൽ, അവിടെ അഴിമതിയുടെ വേരുകൾ എത്രമാത്രം ആഴത്തിൽ പടർന്നിട്ടുണ്ടാകും എന്നാണ് ചിന്തിക്കേണ്ടത്. ജനങ്ങളുടെ അറിയാനുള്ള അവകാശത്തിന് വിലങ്ങിട്ട് കൊള്ളമുതൽ പങ്കിട്ടെടുക്കാനുള്ള കേരളത്തിലെ ഈ ജനവിരുദ്ധ നാടകത്തിന് എഐസിസി നേതൃത്വത്തിന്റെ മൗനാനുവാദമുണ്ടോ എന്ന് വ്യക്തമാക്കണം. കട്ടവനെ കാവൽക്കാരനാക്കി മാറ്റുന്ന ഈ കള്ളക്കളി കേരളത്തിലെ പ്രബുദ്ധരായ ജനങ്ങൾ വെച്ചുപൊറുപ്പിക്കില്ല.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!