കേരളത്തിന്റെ പ്രതിഷേധം കേൾക്കാതെ റെയിൽവേ: ഉള്ളാൾ ഇനി മൈസൂർ ഡിവിഷന്റെ കവാടം

Share our post

കാസർകോട്: പാലക്കാട് ഡിവിഷൻ വെട്ടിമുറിച്ചതിൽ കേരളത്തിലെ പ്രതിഷേധം കണക്കിലെടുക്കാതെ റെയിൽവേ.ഉള്ളാൾ മുതൽ മംഗളുരു വരെയുള്ള ഭാഗം മൈസൂരു ഡിവിഷന്റെ ഭാഗമാക്കിയ റെയിൽവെ ഉള്ളാളിനെ മൈസൂരു ഡിവിഷന്റെ കവാടമാക്കാനുള്ള നീക്കത്തിലാണിപ്പോൾ.ഇതുസംബന്ധിച്ച് കർണ്ണാടക സർക്കാരിന്റെ വിവിധ ശുപാർശകൾ പരിശോധിച്ചുവരികയാണ് റെയിൽവേ.

തെക്കൻ കർണ്ണാടകത്തിലെ ചരിത്രപരമായ സാദ്ധ്യതകൾ പ്രയോജനപ്പെടുത്താൻ ഉള്ളാൾ റെയിൽവേ സ്റ്റേഷനിൽ വിനോദ സഞ്ചാരതീർത്ഥാടന വിവര കേന്ദ്രം സ്ഥാപിക്കണമെന്നാണ് കർണാടക സർക്കാരിന്റെ പ്രധാന നിർദ്ദേശം. ഉള്ളാൾ പാസഞ്ചർ ടെർമിനൽ, ഉഡുപ്പി, പുത്തൂർ, സുബ്രഹ്മണ്യ മെമു സർവ്വീസ്, തലപ്പാടി റെയിൽവേ സ്റ്റേഷൻ,പണമ്പൂരിൽ നിന്ന് ഉള്ളാളിലേക്ക് മാറ്റിയ ഗുഡ്സ് ഷെഡിന്റെ ഉപയോഗം തുടങ്ങി നിരവധി പദ്ധതികളും കർണാടക നിർദ്ദേശത്തിലുണ്ട്.

ഉള്ളാൾ റെയിൽവേ സ്റ്റേഷനെ സോമേശ്വര, ഉള്ളാൾ, തൊക്കോട്ട്, കോട്ടേക്കർ, ദെർളക്കട്ടെ, കൊണാജെ, മുഡിപ്പു, മംഗളഗംഗോത്രി തുടങ്ങിയ പ്രദേശങ്ങളിലെയും പരിസരപ്രദേശങ്ങളിലെയും ആളുകൾക്ക് സ്റ്റേഷൻ പ്രയോജനപ്പെടുത്താം. ഉള്ളാൾ റെയിൽവേ സ്റ്റേഷൻ വികസിപ്പിച്ചാൽ, നിലവിലുള്ളതിനേക്കാൾ പലമടങ്ങ് യാത്രക്കാർക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നും കർണാടക സർക്കാരിന്റെ നിർദ്ദേശത്തിൽ പറയുന്നു. ദേശീയപാതയോട് ചേർന്ന ഉള്ളാളിൽ നിന്ന് മംഗളൂരു നഗരത്തിലേക്കും വടക്കൻതെക്കൻ ഭാഗങ്ങളിലേക്കും സോമേശ്വര ക്ഷേത്രം, കോട്ടേക്കർ, തലപ്പാടി, ഉള്ളാൾ പട്ടണം, തൊക്കോട്ട്, മുഡിപ്പു, കൊണാജെ എന്നിവിടങ്ങളിലേക്കും പ്രാദേശിക റോഡുകളുണ്ട്. സമഗ്രമായ വികസനത്തിലൂടെ ഉള്ളാളിനെ റെയിൽ-റോഡ് ഗതാഗത സൗകര്യങ്ങൾ കൊണ്ട് ബന്ധിപ്പിക്കുന്ന ഒരു പ്രധാന കേന്ദ്രമാക്കി മാറ്റും.നിരവധി പ്രൊഫഷണൽ, മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് യാത്ര ചെയ്യുന്ന വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും മെഡിക്കൽ കോളേജ് ആശുപത്രികൾ സന്ദർശിക്കുന്ന രോഗികൾക്കും സൗകര്യപ്രദമായ കണക്ടിവിറ്റിയുള്ള ഉള്ളാൾ റെയിൽവേ സ്റ്റേഷൻ ഏറെ പ്രയോജനകരമായിരിക്കുമെന്നാണ് കർണാടക സർക്കാരിന്റെ ശിപാർശ.

റാണി അബ്ബക്കയുടെ നാട്

പടിഞ്ഞാറൻ തീരത്ത് ആധിപത്യം സ്ഥാപിക്കാനുള്ള പോർച്ചുഗീസുകാരുടെ ശ്രമങ്ങളെ ധീരമായി ചെറുത്തുതോൽപ്പിച്ച റാണി അബ്ബക്ക ചൗട്ടയുടെ ചരിത്രം നിറഞ്ഞ നാടാണ് ഉള്ളാൾ. ഈ പൈതൃകം മുൻനിർത്തി ഉള്ളാളിനെ ഒരു പ്രധാന ചരിത്രവിനോദസഞ്ചാര കേന്ദ്രമായി വികസിപ്പിക്കാൻ വലിയ സാദ്ധ്യതയാണ് കർണാടക കാണുന്നത്. റാണി അബ്ബക്കയുമായി ബന്ധപ്പെട്ട് പ്രസിദ്ധമായ സോമേശ്വര ശ്രീ സോമനാഥ സ്വാമി ക്ഷേത്രവും പ്രശസ്തമായ ഉള്ളാൾ ദർഗയും തേടി നൂറുകണക്കിന് വിശ്വാസികളാണ് എത്തുന്നത്. ഉള്ളാൾ റെയിൽവേ സ്റ്റേഷൻ നവീകരിച്ചാൽ തീരദേശ കർണാടകയുടെ ചരിത്രവും പൈതൃകവും അറിയാൻ എത്തുന്ന വിനോദസഞ്ചാരികൾക്കും ഏറെ പ്രയോജനകരമാകുമെന്നും സംസ്ഥാന സർക്കാർ കണക്കുകൂട്ടുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!