കേരളം കൈവിട്ടില്ല, ‘ബംഗാളി മാ’ വീണ്ടും മകനൊപ്പം

Share our post

തിരുവനന്തപുരം: ‘മാ വാപസ് ആയേഗാ…’ (അമ്മ തിരിച്ചുവരും)…കെസ്ത ദാസിന് വിശ്വാസമുണ്ടായിരുന്നു. വിശ്വാസം തെറ്റിയില്ല. പശ്ചിമബംഗാളിലെ കുച്ബിഹാറിൽനിന്നു അസമിലെ കാമാഖ്യ ക്ഷേത്രത്തിലേക്കുപോയ അമ്മയെ നാലരമാസത്തിനുശേഷം തിരുവനന്തപുരത്തുനിന്നു കെസ്തയ്ക്ക് തിരിച്ചുകിട്ടി.
കുച്ബിഹാറിനും കാമാഖ്യയ്ക്കുമിടയിലെ കുറച്ചുമണിക്കൂർ യാത്ര, മക്കളേയും കൊച്ചുമക്കളേയും കൈവിട്ടുപോയ മാസങ്ങൾ നീണ്ട യാത്രയായിപ്പോയതെങ്ങനെയെന്ന് 62-കാരി ഷൈലബാലാ ദാസിന്റെ ചിതറിയ ഓർമകളിൽ തെളിയുന്നില്ല. ഗുവാഹാട്ടിയിലെ കാമാഖ്യ ക്ഷേത്രത്തിലേക്ക് ഇടയ്ക്ക് ഷൈലബാലാ ദാസുമായി പോകാറുള്ള ബന്ധുക്കൾ ഇത്തവണ കുച്ബിഹാറിലെ ഗ്രാമത്തിലെ വീട്ടിൽ തിരിച്ചെത്തിയത് അവരില്ലാതെയായിരുന്നു. അമ്മയെ കാണാതായി എന്നും തിരഞ്ഞിട്ടും കണ്ടെത്തിയില്ലെന്നും അവർ കെസ്ത ദാസിനോട് പറഞ്ഞു. ചെറിയ മാനസികപ്രശ്നമുണ്ടെങ്കിലും അമ്മ പതിവുപോലെ രണ്ടുദിവസത്തിനകം തിരിച്ചെത്തുമെന്ന് വീട്ടുകാർ കരുതി. തിരിച്ചെത്താതായതോടെ കാമാഖ്യയിലെ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ഒരാഴ്ച കഴിഞ്ഞ് കാമാഖ്യയ്ക്കടുത്തുള്ള റെയിൽവേസ്റ്റേഷനിൽ ഷൈലബോലയെ കണ്ടെന്ന് ഒരു പോലീസുകാരൻ വിളിച്ചറിയിച്ചെങ്കിലും മാനസികവിഭ്രാന്തി കാണിച്ചതിനാൽ തടഞ്ഞുവെക്കാൻ അവർ തയ്യാറില്ലെന്ന് കെസ്ത ദാസ് പറഞ്ഞു. അപ്പോഴേക്കും വീട്ടിലേക്കുള്ള വണ്ടിയെന്നു കരുതി ഷൈല ദാസ് കേരളത്തിലേക്കുള്ള ഏതോ ട്രെയിനിൽ കയറിയിരുന്നു.

വർക്കലയ്ക്കടുത്ത് മണമ്പൂരിൽ ബസ് സ്റ്റാൻഡിനടുത്ത് വയോധിക അക്രമസ്വഭാവം കാണിക്കുന്നുവെന്ന് പോലീസ് വിളിച്ചറിയിച്ചതനുസരിച്ചാണ് ആറ്റിങ്ങൽ ലീഗൽ സർവീസ് അതോറിറ്റിയിലെ വൊളന്റിയർ താഹിറ ഇക്ബാൽ അവിടെയെത്തിയത്. അവിടെ ഷൈലബാലാ ആരോടും അടുക്കാതെ നിൽപ്പുണ്ടായിരുന്നു. മലയാളവും ബംഗാളിയും പരസ്പരം മനസ്സിലായില്ലെങ്കിലും ഷൈല താഹിറയ്ക്കൊപ്പം ചെല്ലാൻ തയ്യാറായി. ഷൈലയെ പേരൂർക്കട മാനസികാരോഗ്യകേന്ദ്രത്തിൽ പ്രവേശിപ്പിച്ചശേഷം വീട്ടുകാരെ കണ്ടെത്താൻ താഹിറ ഏറെ പരിശ്രമിച്ചു. ഷൈല പറഞ്ഞ ഒരു സ്ഥലപ്പേരുവെച്ച് നടത്തിയ അന്വേഷണമാണ് ഒടുവിൽ കെസ്തയിലേക്കെത്തിയത്. ഷൈലയ്ക്ക് കെസ്തയെക്കൂടാതെ രണ്ട് മക്കൾ കൂടിയുണ്ട്.

കുച്ബിഹാറിലെ പാരാലീഗൽ വൊളന്റിയർ ബിശ്വജിത്ത് ദാസ്, കെസ്ത ദാസുമായി വ്യാഴാഴ്ച തിരുവനന്തപുരത്തെത്തി. വെള്ളിയാഴ്ച പേരൂർക്കട മാനസികാരോഗ്യകേന്ദ്രത്തിൽ വെച്ച് അമ്മയും മകനും വീണ്ടും കണ്ടത് ഏവർക്കും കണ്ണീർ മറച്ച കാഴ്ചയായി. അമ്മയെ സുരക്ഷിതയായി തിരികെത്തന്ന കേരളത്തിന് കെസ്ത നന്ദി പറഞ്ഞു. ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറിയായ സീനിയർ സിവിൽ ജഡ്ജ് ലക്ഷ്മി. കെ. തമ്പിയുടെ സാന്നിധ്യത്തിൽ ഷൈലയെ കൈമാറാനുള്ള നടപടികൾ പൂർത്തിയാക്കി. വെള്ളിയാഴ്ച വൈകിട്ട് അസമിലേക്കുള്ള വിവേക് എക്സ്പ്രസിൽ ഷൈലബാലാ ദാസ് വീണ്ടും കയറി, ഇടയ്ക്കുള്ള കുച്ബിഹാർ സ്റ്റേഷനിലിറങ്ങി മകനോടൊപ്പം വീട്ടിൽപ്പോകാൻ.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!