ഓണക്കാല യാത്രാ പ്രതിസന്ധി; ബെംഗളൂരു-എറണാകുളം വന്ദേഭാരതിന്റെ കോച്ചുകൾ കൂട്ടി
ന്യൂഡൽഹി: ഓണക്കാലത്തെ രൂക്ഷമായ യാത്രാ പ്രതിസന്ധി പരിഹരിക്കുന്നതിനായി ബെംഗളൂരു-എറണാകുളം വന്ദേഭാരത് എക്‌സ്പ്രസിന്റെ കോച്ചുകളുടെ എണ്ണം റെയിൽവേ വർദ്ധിപ്പിച്ചു. നിലവിലുള്ള എട്ടു കോച്ചുകൾക്ക് പകരം ഓഗസ്റ്റ് 17 മുതൽ 16 കോച്ചുകളുമായാകും ഈ ട്രെയിൻ സർവീസ് നടത്തുക. ഇതോടെ ട്രെയിനിലെ ആകെ സീറ്റുകളുടെ എണ്ണം 530-ൽ നിന്നും 1,128 ആയി ഉയരും. ഓണത്തിന് നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന ആയിരക്കണക്കിന് മലയാളി യാത്രക്കാർക്ക് ഈ തീരുമാനം വലിയ ആശ്വാസമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ബുധനാഴ്ചകൾ ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും വന്ദേഭാരത് സർവീസ് നടത്തുന്നുണ്ട്. ട്രെയിൻ നമ്പർ 26651 ബെംഗളൂരുവിൽ നിന്ന് പുലർച്ചെ 5:10-ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1:50-ന് എറണാകുളത്ത് എത്തിച്ചേരും. തിരികെ എറണാകുളത്ത് നിന്നുള്ള ട്രെയിൻ (നമ്പർ 26652) ഉച്ചയ്ക്ക് 2:20-ന് പുറപ്പെട്ട് രാത്രി 11 മണിയോടെ ബെംഗളൂരുവിൽ എത്തും.
