മെട്രോ എറണാകുളത്ത് ആയിപ്പോയെന്ന് ആരെങ്കിലും ചിന്തിച്ചോ?കിഫ്ബിയിലെ കണ്ണൂര് പരാമർശത്തില് പിണറായിയുടെ മറുപടി
കണ്ണൂര്: കിഫ്ബിയിലെ സര്ക്കാര് നിലപാടില് മുഖ്യമന്ത്രി വി ഡി സതീശന് മറുപടിയുമായി പിണറായി വിജയന്. കണ്ണൂരിലാണ് പണം ഏറെയും ചിലവഴിച്ചത് എന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്താണ് കണ്ണൂര് എന്ന് കേള്ക്കുമ്പോള് വിഷമം. കണ്ണൂര് കേരളത്തില് അല്ലേ. മെട്രോ എറണാകുളത്ത് ആയി പോയി എന്ന് ആരെങ്കിലും ചിന്തിച്ചോ എന്ന് പിണറായി വിജയൻ ചോദിച്ചു. സ്മാര്ട്ട് സിറ്റി, ടെക്നോ പാര്ക്ക് എന്നിവ എതെങ്കിലും പ്രദേശത്തായി പോയി എന്ന് ചിന്തിച്ചോ എന്നും പിണറായി ചോദിച്ചു. വിമാനത്താവളത്തിന് അടുത്ത് സ്ഥലം കണ്ടെത്തുന്നത് ആവശ്യമായ കാര്യമാണ്. നാല് വിമാനത്താവളമെടുത്താല് കണ്ണൂരിലാണ് കൂടുതല് സ്ഥലം കണ്ടെത്താന് കഴിയുക. വികസനം മുന്നില് കണ്ട് സ്ഥലം ഏറ്റെടുത്ത് വെക്കേണ്ടത് സര്ക്കാരാണെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
കമ്മീഷന് റിപ്പോര്ട്ട് മഹത്തായ കാര്യമായാണ് മുഖ്യമന്ത്രി പറയുന്നത്. കിഫ്ബിയുടെ മേശ വലിപ്പില് നിന്ന് കാശെടുത്തല്ല കൊടുക്കുന്നത് എന്നും പിണറായി വിജയന് വിമര്ശിച്ചു. സ്ഥലം ഏറ്റെടുക്കുന്നത് സര്ക്കാരാണ്. ഇത് എല്ലാവര്ക്കും അറിയാം. മാധ്യമങ്ങള്ക്കും ഇത് അറിയാം. ഏതെങ്കിലും ഒരു നിക്ഷ്പക്ഷ മാധ്യമം ഇക്കാര്യം ചോദിച്ചോ എന്നും എന്തേ മഷി ഇല്ലാത്തതായോ എന്നും അദ്ദേഹം വിമർശിച്ചു. സര്ക്കാരിന് ചേരാത്ത രീതിയിലാണ് ഇന്ന് കാര്യങ്ങള് ചെയ്യുന്നതെന്നും ഇന്നത്തെ മുഖ്യമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും മണ്ഡലങ്ങളില് കിഫ്ബി മുഖേന വികസന പദ്ധതികള് ഇല്ലേ എന്നും പിണറായി ചൂണ്ടിക്കാട്ടി.
ജനാധിപത്യവും മതനിരപേക്ഷതയും കടുത്ത വെല്ലുവിളിയാണ് നേരിടുന്നെന്നും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ഇല്ലതാകുന്നു എന്നും കണ്ണൂര് വിപുലീകൃത ജില്ലാ കമ്മിറ്റിയുടെ ഉദ്ഘാടന പ്രസംഗത്തില് പിണറായി പറഞ്ഞു. ജനങ്ങള്ക്കുള്ള അവകാശം നിഷേധിച്ചാല് ജനാധിപത്യത്തിന്റെ അടിവേരറക്കലാണ്. ചില വിഭാഗങ്ങള്ക്ക് വോട്ടവകാശം നിഷേധിച്ചാലേ അധികാരത്തിലെത്താന് കഴിയൂവെന്ന് ചിന്തിക്കുന്നു. മതാടിസ്ഥാനത്തില് പൗരത്വം നല്കാന് നീക്കങ്ങള് ഉണ്ടായി എന്നും പിണറായി കേന്ദ്രത്തിനെതിരെ വിമര്ശനമുയര്ത്തി.
അന്ന് ആ നിയമം നടക്കില്ലെന്ന് പറയാന് കേരളമെന്ന സംസ്ഥാനം ഉണ്ടായി. എസ്ഐആര് നടപ്പിലാക്കിയപ്പോള് ഓരോ മണ്ഡലത്തിലും ആയിര കണക്കിന് വോട്ടുകള് വെട്ടിമാറ്റി. ഗ്യാനേഷ് കുമാറാണ് ഇത് നടപ്പിലാക്കിയത്. ഗ്യാനേഷ് കുമാറിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ അവസരത്തില് എല്ലാവരെയും കൂട്ടി നിര്ത്തേണ്ടത് അനിവാര്യമാണെന്ന് സിപിഐഎം തിരിച്ചറിഞ്ഞു. അതിന് സിപിഐഎം മുന്കൈ എടുത്തെന്നും പിണറായി വിശദീകരിച്ചു. ആര്എസ്എസ് അജണ്ടയ്ക്ക് സര്ക്കാര് കീഴടങ്ങി എന്നായിരുന്നു സംസ്ഥാന സര്ക്കാരിനെതിരയ വിമര്ശനം. സത്യപ്രതിജ്ഞ മുതല് അത് കാണുന്നെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. അതേസമയം ഇഡി വിഷയം പരാമര്ശിക്കാതെയായിരുന്നു പിണറായിയുടെ ഉദ്ഘാടന പ്രസംഗം.
