താഴെചൊവ്വ– നടാൽ ബൈപാസ്: ചാലക്കുന്നിലെ കയ്യേറ്റം; കെട്ടിടം പൊളിച്ചുനീക്കി
ചാല ∙ ദേശീയപാതയിൽ താഴെചൊവ്വ– നടാൽ ബൈപാസിനു വേണ്ടി ഏറ്റെടുത്ത ചാലക്കുന്നിലെ സ്ഥലത്തെ കെട്ടിടം പൊളിച്ചുനീക്കി കയ്യേറ്റം ഒഴിപ്പിച്ചു. സർവീസ് റോഡ് നിർമാണത്തിന് തടസ്സമായ കയ്യേറ്റം ഒഴിപ്പിക്കണമെന്ന കലക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ രാവിലെ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കെട്ടിടങ്ങൾ പൊളിച്ചത്. പഴയ താഴെചൊവ്വ– നടാൽ ബൈപാസിന് വേണ്ടി ഏറ്റെടുത്ത 12.18 സെന്റാണു കയ്യേറിയിരുന്നത്. മരാമത്ത് വകുപ്പ് റോഡ് വിഭാഗം ഇക്കാര്യം കണ്ടെത്തിയെങ്കിലും കയ്യേറ്റം അവസാനിപ്പിക്കാൻ അന്ന് നടപടിയെടുത്തില്ല. എന്നാൽ, പുതിയ ദേശീയപാതയുടെ സർവീസ് സർവീസ് റോഡിനു വേണ്ടി ഈ സ്ഥലം ഏറ്റെടുക്കാൻ മരാമത്ത് വിഭാഗം ശ്രമിച്ചപ്പോൾ ഉടമകൾ ഹൈക്കോടതിയെ സമീപിച്ചു. എന്നാൽ, കോടതി വിധി ഉടമകൾക്കെതിരായിരുന്നു. തുടർന്നാണ് സ്ഥലം ഏറ്റെടുക്കാൻ കലക്ടർ ഉത്തരവിട്ടത്.
2002ൽ ഏറ്റെടുത്ത 12.18 സെന്റ് സ്ഥലം കയ്യേറിയാണ് കെട്ടിടം നിർമിച്ചിരുന്നത്. കയ്യേറ്റം ഒഴിപ്പിച്ച് അനധികൃത കെട്ടിടം പൊളിച്ചാലേ സർവീസ് റോഡ് നിർമാണം സാധ്യമാകൂ എന്നതിനാലാണ് പൊലീസ്, റവന്യു വിഭാഗം എന്നിവരുടെ സഹായത്തോടെ ഒഴിപ്പിച്ചെടുത്തത്.
