പ്രവാസികൾക്ക് ആശ്വാസം; നിർത്തിവെച്ച ഗൾഫ് സർവീസുകൾ പുനരാരംഭിച്ച് ഖത്തർ എയർവേയ്സ്
പശ്ചിമേഷ്യയിലെ പ്രത്യേക സാഹചര്യങ്ങളെ തുടർന്ന് താൽക്കാലികമായി നിർത്തിവെച്ചിരുന്ന വിമാന സർവീസുകൾ പുനരാരംഭിച്ച് ഖത്തർ എയർവേയ്സ്. ഇതോടെ ബഹ്റൈൻ, കുവൈറ്റ് തുടങ്ങിയ റൂട്ടുകളിലേക്കുള്ള വിമാന സർവീസുകൾ സാധാരണ നിലയിലായിട്ടുണ്ട്. കൂടാതെ ഇറാഖിലെ എർബിൽ വിമാനത്താവളത്തിലേക്കുള്ള സർവീസുകളും പുനരാരംഭിച്ചവയിൽ ഉൾപ്പെടുന്നു.
ഗൾഫ് മേഖലയിൽ ബിസിനസ് ആവശ്യങ്ങൾക്കായും കുടുംബ സന്ദർശനങ്ങൾക്കായും യാത്ര ചെയ്യുന്ന നിരവധിയാളുകൾക്ക് ഈ തീരുമാനം വലിയ ആശ്വാസമാണ് നൽകുന്നത്. ദോഹ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തെ പ്രധാന ട്രാൻസിറ്റ് കേന്ദ്രമായി ഉപയോഗിച്ച് യാത്ര ചെയ്യുന്നവർക്കും സർവീസുകൾ പുനരാരംഭിച്ചത് ഏറെ ഗുണകരമാകും.
അതേസമയം, സർവീസുകൾ വീണ്ടും തുടങ്ങിയെങ്കിലും വിമാനങ്ങളുടെ സമയക്രമത്തിലും പ്രവർത്തനങ്ങളിലും ചില മാറ്റങ്ങൾ ഉണ്ടായേക്കാമെന്ന് ഖത്തർ എയർവേയ്സ് വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുള്ള യാത്രക്കാർ യാത്ര തിരിക്കുന്നതിന് മുമ്പ് വിമാന സമയങ്ങൾ ഔദ്യോഗികമായി പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് എയർലൈൻ അധികൃതർ അഭ്യർത്ഥിച്ചു.
