ഇന്ത്യൻ ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രയേലിന്റെ പരമോന്നത സിവിലിയൻ ധീരതാ പുരസ്കാരം

Share our post

ടെൽ അവീവ്: ടെൽ അവീവിലേക്ക് പറന്ന ഫ്ലൈ ദുബായ് വിമാനം തകർക്കാനുള്ള ശ്രമം തടഞ്ഞ ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രയേലിന്റെ പരമോന്നത സിവിലിയൻ ധീരതാ പുരസ്കാരം നൽകി ആദരിക്കും. സ്മിത് മച്ചാറിന് രാജ്യത്തിന്റെ പരമോന്നത സിവിലിയൻ ധീരതാ പുരസ്കാരമായ ‘പ്രസിഡൻഷ്യൽ അവാർഡ് ഫോർ സിവിലിയൻ ഹീറോയിസം’ സമ്മാനിക്കുമെന്ന് ഇസ്രയേൽ പ്രസിഡന്റ് ഐസക് ഹെർസോഗ് വ്യക്തമാക്കി. വിമാനം തകരാതെ രക്ഷിക്കാൻ സഹായിച്ച ആറ് ഇസ്രയേലി യാത്രക്കാർക്ക് ചടങ്ങിൽ പ്രസിഡൻഷ്യൽ മെഡൽ ഫോർ സിവിലിയൻ ഹീറോയിസം സമ്മാനിച്ചു.

‘ഇന്ത്യൻ ക്യാപ്റ്റൻ സ്മിത് മച്ചാർ വേഗത്തിലും പൂർണമായും സുഖം പ്രാപിക്കട്ടെ എന്ന് ആത്മാർഥമായി ആശംസിക്കുന്നു. ക്യാപ്റ്റൻ മച്ചാറിന്റെ അസാമാന്യ ധൈര്യവും പ്രൊഫഷണലിസവുമാണ് ഒരു വലിയ ദുരന്തം ഒഴിവാക്കാൻ സഹായിച്ചത്. അദ്ദേഹത്തിന് ആരോഗ്യം തിരിച്ചുകിട്ടിയശേഷം, ഇസ്രയേൽ ജനതയ്ക്കുവേണ്ടി ഈ പരമോന്നത പുരസ്കാരം അദ്ദേഹത്തിന് സമ്മാനിക്കുന്നത് എനിക്ക് ലഭിക്കുന്ന വലിയൊരു ബഹുമതിയായിരിക്കും’, എന്ന് പ്രസിഡന്റ് ഹെർസോഗ് പറഞ്ഞു.

ഒമാൻ പൗരനായ സഹപൈലറ്റ് ഹമ്മാം അൽ-ഹമ്മാമി കോക്ക്പിറ്റിനുള്ളിൽ വെച്ച് ക്രാഷ് ആക്സ് ഉപയോഗിച്ച് ക്യാപ്റ്റൻ സ്മിത്തിനെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് രക്തം വാർന്നുപോകുന്ന അവസ്ഥയിലും ക്യാപ്റ്റൻ സ്മിത് കോക്ക്പിറ്റിന്റെ വാതിൽ തുറക്കുന്നതിൽ വിജയിച്ചു. ഇതോടെ വിമാനത്തിലുണ്ടായിരുന്ന ഇസ്രയേലി യാത്രക്കാർക്ക് കോക്ക്പിറ്റിൽ പ്രവേശിക്കാനും അക്രമിയെ കീഴ്പ്പെടുത്താനും സാധിച്ചു. പരിക്കേറ്റ ഇന്ത്യൻ പൈലറ്റ് നിലവിൽ യു.എ.ഇയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.

വിമാനം തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം തടഞ്ഞ ഇസ്രയേലി യാത്രക്കാരായ താലി മനെസ്, സ്വിക മനെസ്, യാനിവ് ഹായൂൺ, ഡോ. ഷോത മുസായേവ്, അസാഫ് രാജ്‌വാൻ, ഓർ പർദിലോവ് എന്നിവർക്കാണ് പ്രസിഡന്റ് സിവിലിയൻ ധീരതാ പുരസ്കാരം നൽകിയത്.

താലി മനെസാണ് ആദ്യം അപകട മുന്നറിയിപ്പ് നൽകിയത്. യാനിവ് ഹായൂൺ, സ്വിക മനെസ്, ഓർ പർദിലോവ്, അസാഫ് രാജ്‌വാൻ എന്നിവർ ചേർന്ന് ക്യാപ്റ്റനെ ആക്രമിച്ച സഹപൈലറ്റിനെ കീഴ്പ്പെടുത്തി. ഡോക്ടറായ ഷോത മുസായേവ് പരിക്കേറ്റ പൈലറ്റിന് അടിയന്തര വൈദ്യസഹായം നൽകി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!