രാസലഹരിയുമായി കാറിൽ യുവാവും യുവതിയും; സിനിമ സ്റ്റൈൽ ചേസിങ്ങിൽ പിടികൂടി പൊലീസ്

Share our post

കോഴിക്കോട് ∙ കാറിൽ കടത്തിയ രാസലഹരിയുമായി കടന്നുകളഞ്ഞ രണ്ടു പേർ പൊലീസിന്റെ സിനിമ സ്റ്റൈൽ ചേസിങ്ങിനൊടുവിൽ പിടിയിൽ. കോഴിക്കോട് പേരാമ്പ്ര നൊച്ചാട് പളളിചാലിൽ വി.എം.അഫ്‌നാജ് (27), പാലക്കാട് എടത്തനാട്ടുകര കല്ലിങ്ങലിൽ റിൻഷ ഫാത്തിമ (23) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

എൻഐടിയിൽ നടക്കുന്ന തത്വ പരിപാടിയുമായി ബന്ധപ്പെട്ട് ശനിയാഴ്ച രാത്രി പത്തരയോടെ പ്രദേശത്ത് കുന്നമംഗലം പൊലീസ് പട്രോളിങ് നടത്തുന്നതിനിടെയാണ് കാർ നിർത്താതെ മറ്റൊരു വഴിയിലേക്ക് വേഗത്തിൽ പോയത്. തുടർന്ന് എസ്ഐ വി.കെ ഏലിയാസും ഒപ്പമുണ്ടായിരുന്ന എസ്‌സിപിഒമാരായ പി.സി.ബിജു, അജീഷ്, സിപിഒമാരായ ഷിബില, മുഹമ്മദ് ഷമീർ എന്നിവരും പൊലീസ് ജീപ്പിൽ അതിവേഗം കാറിനെ പിന്തുടരുകയായിരുന്നു.

കട്ടാങ്ങൽ–മാവൂർ റോഡ് വഴി പോയ ശേഷം കാണാതായ കാർ തുടർ അന്വേഷണത്തിൽ എൻഐടി ഹോസ്റ്റലിനു സമീപമുള്ള ഒരു അപ്പാർട്മെന്റിലെ പാർക്കിങ് എരിയയിൽ നിർത്തിയിട്ടതായി കണ്ടെത്തി. തുടർന്ന് കാർ വളഞ്ഞ് പൊലീസ് നടത്തിയ പരിശോധനയിലാണ് കാറിന്റെ ഡാഷ്ബോർഡിൽ നിന്ന് 11.90 ഗ്രാം എംഡിഎംഎ കണ്ടെടുത്തത്. തുടർന്ന് കാർ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

പിടിയിലായ രണ്ടു പേരുടെയും പേരിൽ മുൻപും സമാനമായ കേസുകളുണ്ട്. അഫ്നാസിന്റെ പേരിൽ കാപ്പ കേസ് ഉൾപ്പെടെ 11 കേസും റിൻഷ ഫാത്തിമയുടെ പേരിൽ മൂന്നു കേസുമുണ്ടെന്നാണ് പൊലീസിൽ നിന്ന് ലഭിക്കുന്ന വിവരം. എൻഐടിക്കു സമീപം എത്തുന്ന വിദ്യാർഥികളെ കേന്ദ്രീകരിച്ച് വിൽപന നടത്തുന്നതിനായാണ് ഇവർ രാസലഹരി എത്തിച്ചതെന്നാണ് ചോദ്യം ചെയ്യലിൽ വ്യക്തമായത്. പ്രതികൾക്കെതിരെ എൻഡിപിഎസ് ആക്ട് 22(സി), 29 എന്നീ വകുപ്പുകൾ പ്രകാരം കേസ് റജിസ്റ്റർ ചെയ്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!