തലയിൽനിന്നു ചോരയൊലിക്കുമ്പോഴും ഇന്ദു തളർന്നില്ല; കുടുംബത്തെ അദ്ഭുതകരമായി രക്ഷപ്പെടുത്തി

Share our post

പയ്യന്നൂർ : തലയിൽനിന്നു ചോരയൊലിക്കുമ്പോഴും കുടുംബം പരുക്കേൽക്കാതെ രക്ഷപ്പെട്ട ആശ്വാസത്തിലായിരുന്നു കേളോത്തെ ചെറുക്കിണിയൻ ഇന്ദു ദാമോദരൻ (54). ഇന്ദുവും അമ്മ ശാന്ത (73), സഹോദരി രതി, മകൻ ഹരിപ്രസാദ് (14), രതിയുടെ മകൻ ദേവക് പ്രസാദ് (13), സഹോദരൻ ഗോപിയുടെ മകൻ ശ്രീനന്ദ് (5) എന്നിവരടങ്ങിയ കുടുംബം ഉറങ്ങുമ്പോഴാണ് വീടിന്റെ ഓടിട്ട മേൽക്കൂര പൂർണമായും നിലംപൊത്തിയത്.

സഹോദരൻ ചെറുക്കിണിയൻ ഗോപിയുടെ വീടാണിത്. ഗോപി കണ്ണൂർ എകെജി ആശുപത്രിയിൽ ചികിത്സയിലാണ്. ഭാര്യ സീമ ഗോപിക്കൊപ്പം ആശുപത്രിയിലായിരുന്നു. 2 മുറികളിലായാണ് 6 പേരും ഉറങ്ങിയത്. ശ്രീനന്ദുവും ഹരിപ്രസാദും കട്ടിലിലും ഇന്ദു നിലത്തുമാണ് കിടന്നത്. പുലർച്ചെ മൂന്നരയോടെയാണ് കുട്ടികൾ കിടന്ന കട്ടിലിനു മുകളിൽ ഓടു വീണത്. കട്ടിലിന്റെ മുകളിൽ സാരി വലിച്ചു കെട്ടിയതിനാൽ ഓട് തെറിച്ച് വീണത് ഇന്ദുവിന്റെ തലയിൽ. നല്ല ഉറക്കത്തിൽ ഞെട്ടിയുണർന്ന് വേദന കൊണ്ട് നിലവിളിക്കുമ്പോഴാണ് വീടിന്റെ മേൽക്കൂരയുടെ കഴുക്കോൽപൊട്ടുന്നത് കണ്ടത്. വേദന മറന്ന് എല്ലാവരെയും വിളിച്ചുണർത്തി.

വാതിൽ തുറക്കാനുള്ള ശ്രമത്തിനിടയിൽ ഓടുകൾ ദേഹത്തുവീണു. വാതിൽ തുറന്ന് എല്ലാവരും പുറത്തേക്കോടിയതിന് പിറകെ മേൽക്കൂര പൂർണമായും തകർന്നുവീണു. ചെവിയുടെ ഭാഗത്തും തലയിലും ആഴത്തിലുള്ള മുറിവുണ്ടായിട്ടും വേദന കടിച്ചമർത്തി വീട്ടുകാരെ രക്ഷിക്കാൻ കഴിഞ്ഞതിലുള്ള ആശ്വാസത്തിലാണ് ഇന്ദു.

ഏഴ് വയസ്സുകാരനെ സാഹസികമായി രക്ഷപ്പെടുത്തി

പഴയങ്ങാടി ∙ ശക്തമായ മഴയിൽ തകർന്നുവീണ വീട്ടിൽനിന്ന്് 7 വയസ്സുകാരനെ രക്ഷപ്പെടുത്തിയത് അതിസാഹസികമായി. മാടായി കൊളവയൽ റോഡിന് സമീപത്തെ മൊത്തങ്ങ ബിജുവിന്റെ വീടാണു തകർന്നത്. മുറിയിൽ ഉറങ്ങുകയായിരുന്ന ബിജുവിന്റെ മകൻ പാർഥിവിനു പരുക്കേറ്റു. അപകട സമയത്ത് വീട്ടിൽ 3 പേർ ഉണ്ടായിരുന്നെങ്കിലും ആർക്കും പരുക്കില്ല. മുറിയിൽ കുടുങ്ങിപ്പോയ പാർഥിവിനെ നാട്ടുകാർ സാഹസികമായാണ് രക്ഷപ്പെടുത്തിയത്. വീട്ടുകാരെ ബന്ധുവീടുകളിലേക്കു മാറ്റി.

ശ്രീകണ്ഠപുരം മുങ്ങി; നൂറിലേറെ കടകളിലും ഒട്ടേറെ വീടുകളിലും വെള്ളം കയറി
ശ്രീകണ്ഠപുരം ∙ പെരുമഴയിലും വെള്ളപ്പൊക്കത്തിലും ശ്രീകണ്ഠപുരം ഒറ്റപ്പെട്ടു. ശ്രീകണ്ഠപുരം ടൗണിൽ മാത്രം നൂറിലേറെ കടകളിൽ വെള്ളം കയറി. മാർക്കറ്റ് പൂർണമായി മുങ്ങി. ടൗൺ പള്ളി, സാമാ ബസാർ, ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലെല്ലാം വെള്ളം കയറി. ടൗണിലെ വ്യാപാരികൾക്ക് മാത്രം ലക്ഷങ്ങളുടെ നാശനഷ്ടം കണക്കാക്കുന്നു. ശ്രീകണ്ഠപുരം സെൻട്രൽ ജംക്‌ഷനും ബസ് സ്റ്റാൻഡിനും ഇടയിലെ എല്ലാ കടകളിലും വെള്ളം കയറി.

ശ്രീകണ്ഠപുരം–പയ്യാവൂർ റോഡിൽ ജുമാമസ്ജിദ് പരിസരത്തും പൊടിക്കളത്തും വെള്ളം കയറിയതിനെ തുടർന്ന് റൂട്ടിലെ ബസുകൾ സർവീസ് നടത്തിയില്ല. തുമ്പേനിയിൽ സംസ്ഥാനപാതയിൽ വെള്ളം കയറിയതിനാൽ ശ്രീകണ്ഠപുരം – ഇരിക്കൂർ സംസ്ഥാനപാതയിലും ഗതാഗതം തടസ്സപ്പെട്ടു. ചെങ്ങളായി പുഴ കരകവിഞ്ഞതു കാരണം ചെങ്ങളായി വയൽ വെള്ളത്തിലായി. ഇതോടെ ചെങ്ങളായി – കൊയ്യം റോഡിൽ ഗതാഗതം നിലച്ചു. തവറൂൽ ഇഎംഎസ് വായനശാലാ പരിസരത്ത് റോഡ് വെള്ളത്തിൽ മുങ്ങി. മുക്കാടം തുരുത്തിലെ കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ചെങ്ങളായി എംഎൽപി സ്കൂളിലെ ദുരിതാശ്വാസ ക്യാംപിൽ 46 പേരുണ്ട്.

രാജഗിരി സെന്റ് അഗസ്റ്റിൻസ് പള്ളിയുടെ സമീപത്തു കഴിഞ്ഞ ദിവസം ഉരുൾപൊട്ടലുണ്ടായ സ്ഥലത്തിന്റെ ആകാശദൃശ്യം. 20 ഏക്കറിലേറെ കൃഷിയിടം ഉരുൾപൊട്ടലിനെത്തുടർന്ന് കുത്തിയൊലിച്ചുപോയി. രാജഗിരിക്കു പുറമേ, ജോസ്ഗിരി എസ് വളവിലും മരുതുംതട്ടിലും ഉരുൾപൊട്ടലുണ്ടായി. ഇതാണു തേജസ്വിനിപ്പുഴയിൽ ജലനിരപ്പ് ഉയരാൻ കാരണമായത്. മീന്തുള്ളി നോർത്തിലെ നടപ്പാലവും കോലുവള്ളി, ചെറുപുഴ ഭാഗങ്ങളിലെ കമ്പിപ്പാലങ്ങളും ഒലിച്ചുപ്പോയി. രാജഗിരി-ജോസ്ഗിരി റോഡ് പൂർണമായും ഒലിച്ചുപോയി. ഒട്ടേറെ കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.

നിർമാണം നടക്കുന്ന അഡൂർക്കടവ് പാലത്തോളം ഉയരത്തിൽ വെള്ളം നിറഞ്ഞതോടെ വയലുകളിൽ വെള്ളം കയറി. കോട്ടൂർ, അഡൂർ, പെരുന്തിലേരി ബോട്ടുകടവ്, കാഞ്ഞിലേരി ഭാഗത്തെല്ലാം രൂക്ഷമായ കെടുതികളുണ്ടായി. കാഞ്ഞിലേരി പുഴ കരകവിഞ്ഞ് ഒട്ടേറെ വീട്ടുകാരെ മാറ്റിപ്പാർപ്പിച്ചു. മടമ്പം, തുമ്പേനി ഭാഗത്തും വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. പയ്യാവൂർ, ഏരുവേശി പഞ്ചായത്തുകളിലെ തോടുകളും പുഴകളും നിറഞ്ഞു. അതിർത്തി ഗ്രാമങ്ങളിലെല്ലാം ഉരുൾ പൊട്ടൽ ഭീഷണി നിലനിൽക്കുന്നു.

കുപ്പത്തിന് ഉറക്കമില്ലാ രാത്രി അർധരാത്രി വെള്ളം ഇരച്ചെത്തി
തളിപ്പറമ്പ് ∙ കുപ്പം പുഴ കരകവിഞ്ഞൊഴുകിയതോടെ കുപ്പത്തും പരിസരങ്ങളിലുമുള്ളവർക്ക് കഴിഞ്ഞ ദിവസം ഉറക്കമില്ലാരാത്രി. അർധരാത്രിയോടെ കുപ്പം കടവിലെ 8 കടകളിലും 12 വീടുകളിലുമാണ് വെള്ളം കയറിയത്. ഇന്നലെ വൈകിട്ടോടെ വെള്ളമിറങ്ങിത്തുടങ്ങി. രാത്രി 11ന് ശേഷമാണ് വെള്ളം കയറി തുടങ്ങിയത്. കടകളിലെ സിമന്റ്, പലവ്യഞ്ജന സാധനങ്ങൾ എന്നിവ നശിച്ചു.ഇതോടെ നാട്ടുകാർ കടകളിൽനിന്ന് സാധനങ്ങൾ മാറ്റി. വീടുകളിലും വെള്ളം കയറിയതോടെ നാട്ടുകാരും വൈറ്റ് ഗാർഡ് പ്രവർത്തകരും ചേർന്ന് വീടുകളിൽ രക്ഷാപ്രവർത്തനം നടത്തി. വീടുകളിലെ സാധനങ്ങളും മറ്റും മറ്റ് വീടുകളിലേക്ക് മാറ്റി. പുലർച്ചെ 4ന് ആണ് രക്ഷാപ്രവർത്തനം അവസാനിച്ചത്.

പറശ്ശിനിക്കടവിലും വെള്ളപ്പൊക്ക ഭീഷണി
പറശ്ശിനിക്കടവ് മേഖലയിലും പുഴയോരത്തെ സ്ഥലങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിന്റെ പടിക്കെട്ട് വരെ ഇന്നലെ വെള്ളം കയറി. വൈകിട്ടോടെയാണ് വെള്ളം ഇറങ്ങിയത്. മരങ്ങളും മറ്റും ഒഴുകിയ വന്ന് അപകടം സംഭവിക്കാൻ സാധ്യതയുള്ളതിനാൽ പറശ്ശിനിക്കടവിൽ നിന്ന് വളപട്ടണം വരെയുള്ള ജലഗതാഗത വകുപ്പിന്റെ ബോട്ട് സർവീസ് ഇന്നലെ നിർത്തിവച്ചിരുന്നു.

കോൾത്തുരുത്തിയിലും വെള്ളം കയറി
കോൾത്തുരുത്തിയിൽ വീടുകളിൽ വെള്ളം കയറി. കോടല്ലൂർ, കണിച്ചേരി പ്രദേശങ്ങളിലും വെള്ളം കയറി. കോൾതുരുത്തിയിൽ വെള്ളം കയറിയ വീടുകളിൽ ആന്തൂർ നഗരസഭാധ്യക്ഷ വി.സതീദേവിയുടെ നേതൃത്വത്തിൽ സന്ദർശിച്ചു. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും സന്ദർശനം നടത്തി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!