മിഷൻ മഖ്ന! ഇത് സാധാരണ ദൗത്യമല്ല; പിടികൂടേണ്ടത് തുരത്തൽ സംഘത്തെ പോലും ആക്രമിക്കുന്ന അപകടകാരിയായ ഒറ്റയാനെ: എന്തുകൊണ്ട് നാടുകടത്തുന്നു?
ഇരിട്ടി : ആറളം ഫാം, ആദിവാസി പുനരധിവാസമേഖല എന്നിവിടങ്ങളിൽ വർഷങ്ങളായി ഭീതിവിതയ്ക്കുകയും ജീവനെടുക്കുകയും വ്യാപക കൃഷിനാശത്തിനു കാരണമാവുകയും ചെയ്ത കെഎം1 എന്ന മോഴയാനയെ (കണ്ണൂർ മഖ്ന) മയക്കുവെടിവച്ചു പിടികൂടാനുള്ള ദൗത്യത്തിലേക്കു വനംവകുപ്പ് കടന്നു. ലൈഫ് വാർഡന്റെ ഉത്തരവിനു പിന്നാലെ വിവിധതലങ്ങളിലുള്ള നടപടികൾ അതിവേഗം പുരോഗമിക്കുകയാണ്. ഇത് സാധാരണ ദൗത്യമല്ല; തുരത്തൽ സംഘത്തെ പോലും ആക്രമിക്കുന്ന അപകടകാരിയായ ഒറ്റയാനെയാണു പിടികൂടേണ്ടത്. അതുകൊണ്ടുതന്നെ ദേശീയ മാർഗരേഖകൾ (എസ്ഒപി) കർശനമായി പാലിച്ചാണു നടപടികൾ. ഫെബ്രുവരി 27ന് ആറളം ഫാമിലെ സ്വന്തം വീട്ടുമുറ്റത്ത് എ.എസ്.അനീഷിനെ കൊലപ്പെടുത്തിയത് ഈ മോഴയാനയാണെന്ന് സ്ഥിരീകരിച്ചിരുന്നു. സ്ഥലം എംഎൽഎ കൂടിയായ മന്ത്രി സണ്ണി ജോസഫിന്റെ ഇടപെടലിനെത്തുടർന്നാണ് ആനയെ പിടികൂടാൻ അനുമതി ലഭിച്ചത്.
എന്തുകൊണ്ട് നാടുകടത്തുന്നു? കൊന്നത് ഒട്ടേറെപ്പേരെ
വനംവകുപ്പിന്റെ റിപ്പോർട്ടുകൾ പ്രകാരം ജനവാസ മേഖലയിൽ സ്ഥിരം ആക്രമണസ്വഭാവം കാട്ടുന്ന ആനയാണ് കെഎം1. അനീഷിനെ കൊലപ്പെടുത്തിയതിനു പുറമേ, 2017ലും 2018ലും 2 പേർ വീതവും 2020ലും 2022ലും ഒരോരുത്തർ വീതവും കൊല്ലപ്പെട്ടതിനു പിന്നിലും ഈ മോഴയാനയാണെന്ന് സംശയിക്കുന്നു. പ്രതിരോധവേലികൾ തകർത്തും ആർആർടി സംഘത്തിന്റെ വാഹനങ്ങളെയടക്കം ആക്രമിച്ചും പലതവണ തുരത്തിയിട്ടും ജനവാസമേഖലയിൽ തിരിച്ചെത്തിയും ഈ ആന മേഖലയ്ക്കു കനത്ത ഭീഷണിയാകുകയാണ്.
മുങ്ങിയോ…? ആദ്യദിവസം കണ്ടെത്താനായില്ല
∙ ആദ്യദിനം നടത്തിയ നിരീക്ഷണത്തിൽ ആനയെ കണ്ടെത്താനായില്ല. ആനയുടെ ആരോഗ്യം നിരീക്ഷിക്കുന്നതിനായി വനം നോർത്തേൺ സർക്കിൾ വെറ്ററിനറി സർജൻ ഡോ. ഇല്യാസ് റാവുത്തറിന്റെയും ആർആർടി ഡപ്യൂട്ടി റേഞ്ചർ എം.ഷൈനികുമാറിന്റെയും നേതൃത്വത്തിലാണ് ഇന്നലെ തിരച്ചിൽ നടത്തിയത്. ആന വന്യജീവി സങ്കേതത്തിലേക്കു കടന്നെന്നാണു സൂചന. തിരച്ചിലിൽ കോട്ടപ്പാറ മേഖലയിൽ മോഴയുടെ കാൽപാടുകൾ കണ്ടെത്തി. ഇതുവഴി വന്യജീവി സങ്കേതത്തിലേക്കു കടന്നെന്നാണ് വിലയിരുത്തൽ. കഴിഞ്ഞദിവസം ഓപ്പറേഷൻ ഗജമുക്തിയുടെ ഭാഗമായി 4 ആനകളെ വനത്തിലേക്കു തുരത്തിയിരുന്നു. ഇതിൽ മോഴയും ഉൾപ്പെട്ടിരിക്കാമെന്നാണ് കരുതുന്നത്. ആക്രമണം നടത്തിയ ശേഷം അതിവേഗം വനത്തിലേക്കു മറയുന്ന സ്വഭാവവും ഒളിഞ്ഞിരുന്നു ആക്രമിക്കുന്ന രീതിയും മോഴയുടെ പ്രത്യേകതയാണെന്നതിനാൽ ഏതു സമയവും ആന തിരിച്ചെത്തുമെന്നാണു വിലയിരുത്തൽ. ഫാമിലെ 10–ാം ബ്ലോക്കിലാണ് മോഴയെ സ്ഥിരമായി കണ്ടെത്താറുള്ളത്. ബ്ലോക്ക് 7, 9, 13 എന്നിവിടങ്ങളും പ്രധാന സഞ്ചാരമേഖലയാണ്. തുടർച്ചയായ മഴ നിരീക്ഷണത്തിനു തടസ്സമാകുന്നുണ്ട്.
9 വർഷം മുൻപ് ചുള്ളിക്കൊമ്പൻ; അന്ന് രക്ഷിക്കാൻ കാട്ടാനക്കൂട്ടം
ആറളത്ത് 4 പേരുടെ ജീവഹാനിക്കു കാരണക്കാരൻ എന്നു നിരീക്ഷിച്ചു ചുള്ളിക്കൊമ്പൻ എന്ന ആനയെ 2017 മേയ് 15ന് ആറളം ഫാമിൽനിന്നു മയക്കുവെടി വച്ചു പിടികൂടിയിരുന്നു. പിന്നീട് മുത്തങ്ങയിലെത്തിച്ചു ‘ശിവ’ എന്നു പേരിട്ടു മെരുക്കാൻ ശ്രമിച്ചെങ്കിലും ചുള്ളിക്കൊമ്പൻ ചെരിഞ്ഞു. അന്ന് ആറളം വന്യജീവി സങ്കേതത്തിലെ വളയംചാലിലാണ് ആനക്കൊട്ടിൽ ഒരുക്കിയത്. മറ്റ് ആനകൾ രാത്രി പലതവണ കൂട്ടമായി എത്തി ആനക്കൊട്ടിൽ പൊളിച്ചു ചുള്ളിക്കൊമ്പനെ രക്ഷപ്പെടുത്തി കൊണ്ടുപോകാനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു. സുരക്ഷാ പ്രശ്നങ്ങളാൽ ഏറുമാടം സ്ഥാപിച്ചാണു വനപാലകർ ചുള്ളിക്കൊമ്പനു കാവൽ നിന്നിരുന്നത്. ഈ പ്രശ്നങ്ങൾ കണക്കിലെടുത്താണ് കെഎം1 മോഴയാനയെ പിടികൂടുമ്പോൾ തന്നെ വയനാട്ടിലേക്കു കൊണ്ടുപോകാൻ നീക്കം നടത്തുന്നത്.
കൂട്ടിലാക്കാൻ പ്രത്യേക ടീം
ആനയെ പിടികൂടാൻ വനപാലകർ മാത്രം പോരാ. ഇതിനായി അഡ്വൈസറി കമ്മിറ്റി, ഫീൽഡ് ഓപ്പറേഷൻ ടീം, വെറ്ററിനറി സംഘം, ആർആർടി, കുങ്കിയാന സംഘങ്ങൾ, നിരീക്ഷണസംഘം, സുരക്ഷാ വിഭാഗം എന്നിവ രൂപീകരിക്കണം. നിലവിൽ കണ്ണൂർ ഡിഎഫ്ഒ, ആറളം വൈൽഡ് ലൈഫ് വാർഡൻ, കൊട്ടിയൂർ, കണ്ണവം, തളിപ്പറമ്പ് റേഞ്ച് ഫോറസ്റ്റ് ഓഫിസർമാർ, ആറളം അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക ഓപ്പറേഷൻ ടീമും ഉത്തരമേഖല സിസിഎഫ് ചെയർമാനും ആറളം പഞ്ചായത്ത് പ്രസിഡന്റ് വി.ശോഭ, വനം വെറ്ററിനറി സർജൻ, എൻജിഒ പ്രതിനിധി എന്നിവർ അംഗങ്ങളുമായി അഡ്വൈസറി കമ്മിറ്റിയും രൂപീകരിച്ചു. ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഡോ. പി.പുകഴേന്തി, ഉത്തരമേഖല സിസിഎഫ് ബി.എൻ.അഞ്ജൻകുമാർ കണ്ണൂർ ഡിഎഫ്ഒ കെ.സജി, ആറളം വൈൽഡ് ലൈഫ് വാർഡൻ വി.രതീശൻ, റേഞ്ചർമാരായ ടി.നിധിൻരാജ് (കൊട്ടിയൂർ), രമ്യ രാഘവൻ (ആറളം വന്യജീവി സങ്കേതം), സുധീർ നെരോത്ത് (കണ്ണവം), സനൂപ് കൃഷ്ണൻ (തളിപ്പറമ്പ്), ആറളം ആർആർടി ഡപ്യൂട്ടി റേഞ്ചർ എം.ഷൈനികുമാർ, നോർത്തേൺ സർക്കിൾ വെറ്ററിനറി സർജൻ ഡോ. ഇല്യാസ് റാവുത്തറിന്റെ നേതൃത്വത്തിൽ വെറ്ററിനറി ഡോക്ടർമാർ, കുങ്കിയാന സംഘങ്ങൾ, ഫീൽഡ് സ്റ്റാഫ്, നിരീക്ഷണസംഘം, പൊലീസ് തുടങ്ങിയവരെല്ലാം സംഘത്തിലുണ്ടാകും.
ആനയെ കൂട്ടിലാക്കൽ ഇങ്ങനെ ആനയെ അറിയൽ
ദൗത്യത്തിന്റെ ആദ്യഘട്ടം മയക്കുവെടി വയ്ക്കാൻ അനുയോജ്യമായ സ്ഥലവും സമയവും കണ്ടെത്തലാണ്. വെടിയേറ്റ ആന ഓടിപ്പോകാൻ സാധ്യതയുള്ളതിനാൽ ജനവാസകേന്ദ്രത്തിൽ വച്ച് വെടിവയ്ക്കാനാകില്ല. കനത്തമഴയും ഭൂപ്രകൃതിയും വെല്ലുവിളിയാകുമെന്ന ഭീഷണിയുമുണ്ട്. ആനയ്ക്കും മനുഷ്യജീവനും അപകടമുണ്ടാകാത്തവിധം വെടിവയ്ക്കാൻ അനുയോജ്യമായ സ്ഥലമാണ് കണ്ടെത്തേണ്ടത്.ഇതിനൊപ്പം ആനയുടെ സ്വഭാവവും ആരോഗ്യനിലയും വിലയിരുത്തും. ആർആർടി വെറ്ററിനറി സർജൻ ഡോ. ഇല്യാസ് റാവുത്തറുടെ സംഘം ഇന്നലെ നിരീക്ഷണം തുടങ്ങി. എന്നാൽ ആനയെ കണ്ടെത്താനായില്ല. ആനയുടെ സഞ്ചാരപാതകൾ, സഞ്ചാരത്തിന്റെ സമയക്രമം, ആക്രമണസ്വഭാവം, മനുഷ്യസാന്നിധ്യത്തോടുള്ള പ്രതികരണം എന്നിവയെല്ലാം സംഘം വിലയിരുത്തും.
ആനക്കൊട്ടിൽ ഒരുക്കൽ
മയക്കുവെടിവച്ചു പിടികൂടുന്ന ആനയെ മാറ്റാൻ ആനക്കൊട്ടിൽ ഒരുക്കണം. യൂക്കാലിപ്റ്റസ് മരങ്ങൾ ഉപയോഗിച്ചാണ് ആനക്കൊട്ടിൽ തയാറാക്കുക. 4 ദിവസംകൊണ്ടു കൂടൊരുക്കും. യൂക്കാലി മരങ്ങൾ മുറിക്കാൻ ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ അനുമതി തേടണം. വയനാട്ടിൽ ആനക്കൊട്ടിൽ ഒരുക്കുമെന്നാണു സൂചന.
തെറ്റാതെ മയക്കുവെടി
ഏറ്റവും അപകടകരമായ ഘട്ടമാണിത്. വെള്ളക്കെട്ടിലേക്കോ കുത്തനെയുള്ള മലഞ്ചെരിവിലേക്കോ ജനക്കൂട്ടത്തിനിടയിലേക്കോ ആന നീങ്ങില്ലെന്ന് ഉറപ്പാക്കി മാത്രമേ മയക്കുവെടി വയ്ക്കാനാകൂ. മരുന്നിന്റെ അളവും പ്രധാനമാണ്. ആനയുടെ പ്രായം, ശരീരഭാരം, ആരോഗ്യസ്ഥിതി, ആക്രമണസ്വഭാവം, ഭൂപ്രകൃതി എന്നിവയെല്ലാം പരിഗണിച്ചാണ് മരുന്നിന്റെ അളവ് തീരുമാനിക്കുക. മരുന്ന് ശരീരത്തിൽ പ്രവർത്തിക്കാൻ കുറച്ചു മിനിറ്റുകൾ വേണ്ടിവരും. ആ സമയം ആനയെ കൃത്യമായി നിരീക്ഷിക്കണം.
ബോധം കെടുത്തൽ
മയക്കുവെടി വച്ചു വീഴ്ത്തിക്കഴിഞ്ഞാൽ ബ്ലോ – പൈപ്പോ മോട്ടറൈസ്ഡ് ഡാർട്ട് ഗണ്ണോ ഉപയോഗിച്ച് ട്രാൻക്വിലൈസർ മരുന്നുകൾ കുത്തിവയ്ക്കുന്നു (ഡാർട്ടിങ്). ബോധംകെട്ടശേഷം ശ്വസനവും ഹൃദയമിടിപ്പും നിരീക്ഷിക്കും. ശ്വാസനാളത്തിനു തടസ്സം വരാതിരിക്കാൻ മൃഗത്തെ പ്രത്യേകരീതിയിൽ (സ്റ്റേണൽ റെകംബൻസി) കിടത്തും. കണ്ണിന്റെ കോർണിയയ്ക്ക് മുറിവേൽക്കാതിരിക്കാൻ ലൂബ്രിക്കന്റുകൾ ഉപയോഗിക്കും. കാഴ്ചകൾ മറയ്ക്കാൻ കണ്ണുകൾ കറുത്തതുണി ഉപയോഗിച്ച് മൂടുന്ന പതിവുമുണ്ട്. ആന ചലിക്കാതിരിക്കാൻ ചിലപ്പോൾ കയറുകളും ഉപയോഗിക്കും.
കൂട്ടിലാക്കാൻ കുങ്കിയാന
അൽപം ബോധം തെളിഞ്ഞശേഷം, ആനയെ സുരക്ഷിതമായി കുങ്കിയാനകളുടെ സഹായത്തോടെ വാഹനത്തിലേക്കു കയറ്റി ആനക്കൊട്ടിലിലെത്തിക്കും. ക്രെയിൻ, ലോഡിങ് റാംപ്, പ്രത്യേക ലോറി എന്നിവ ഇതിനായി സജ്ജമാക്കും.
ആനക്കൊട്ടിലിൽ
ആനക്കൊട്ടിലിലെത്തിച്ചാൽ ആരോഗ്യനിലയും ശരീരത്തിൽ പരുക്കുകളുണ്ടോയെന്ന പരിശോധനയും നടക്കും. ഇവിടെവച്ചാണു റേഡിയോ കോളർ ഘടിപ്പിക്കുക. 2017ൽ ആറളം ഫാമിൽനിന്നു മയക്കുവെടി വച്ചു പിടികൂടി മുത്തങ്ങയിലെത്തിച്ച ചുള്ളിക്കൊമ്പനെ 8 മാസത്തോളം ആനക്കൊട്ടിലിൽവച്ച് നിരീക്ഷിച്ചിരുന്നു.
റേഡിയോ കോളർ ഘടിപ്പിക്കൽ
ആന എവിടെയാണെന്നും എങ്ങോട്ടാണ് സഞ്ചരിക്കുന്നതെന്നും വീണ്ടും ജനവാസത്തിലേക്ക് എത്തുന്നുണ്ടോയെന്നും ജിപിഎസ് സംവിധാനത്തിലൂടെ നിരീക്ഷിക്കാനാണു റേഡിയോ കോളർ ഘടിപ്പിക്കുന്നത്. മയക്കുവെടി വച്ചുപിടികൂടിയ ഉടൻ റേഡിയോ കോളർ ഘടിപ്പിച്ച് വിട്ടയയ്ക്കുന്നതാണു പതിവെങ്കിലും ഇവിടെ അങ്ങനെയല്ല. ആനയെ ക്യാംപിലെത്തിച്ച് ആരോഗ്യപരിശോധനകൾക്കു ശേഷമേ റേഡിയോ കോളർ ഘടിപ്പിക്കൂ.
കാട്ടിലേക്ക്…
കാട്ടിലേക്കു വിടാനുള്ള ആരോഗ്യസ്ഥിതിയിലാണെങ്കിൽ കാട്ടിലേക്കു വിടും. റേഡിയോ കോളർ ഘടിപ്പിച്ചതിനാൽ, പിന്നീടും തുടർച്ചയായി നിരീക്ഷിക്കാനാകും. ആന ജനവാസ മേഖലകളിലെത്തുന്നുണ്ടോയെന്ന് മനസ്സിലാക്കാനും മുന്നറിയിപ്പ് നൽകാനും ഇതു സഹായിക്കും. പുതിയ ആവാസമേഖലയിൽ ആന എങ്ങനെ പൊരുത്തപ്പെടുന്നെന്നും മനസ്സിലാക്കും.
