സോളാർ; മിച്ചവൈദ്യുതിക്ക് വിലകൂട്ടി നൽകാനാവില്ലെന്ന് കമ്മിഷൻ, ഉത്പാദകരുടെ ആവശ്യം തള്ളി
തിരുവനന്തപുരം: സോളാർ ഉത്പാദകർ ഗ്രിഡിലേക്ക് നൽകുന്ന അധികവൈദ്യുതിക്ക് 4.34 രൂപ അനുവദിക്കണമെന്ന ഉത്പാദകരുടെ ആവശ്യം റെഗുലേറ്ററി കമ്മിഷൻ തള്ളി. 2023-24ൽ യൂണിറ്റിന് 3.26 രൂപ നിശ്ചയിച്ചത് ചട്ടവിരുദ്ധമായാണെന്ന പരാതിയാണ് തള്ളിയത്.
സൗരോർജ വൈദ്യുതിയിൽ ഉപയോഗം തട്ടിക്കിഴിച്ചശേഷം മിച്ചമുള്ളതിന് ഉത്പാദകർക്ക് കെ.എസ്.ഇ.ബി. പണം നൽകുന്നുണ്ട്. അതത് വർഷം റെഗുലേറ്ററി കമ്മിഷനാണ് ഈ നിരക്ക് നിശ്ചയിക്കുന്നത്. കെ.എസ്.ഇ.ബി. തലേവർഷം പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്നതിന് നൽകിയ ശരാശരി വിലയാണ് ഉത്പാദകർക്ക് നൽകേണ്ടത്. എന്നാൽ ആ വർഷം മഴ കുറവായതും ദീർഘകാല വൈദ്യുതിക്കരാറുകൾ റദ്ദാക്കിയതും കാരണം കൂടിയവിലയ്ക്ക് പുറത്തുനിന്ന് വാങ്ങേണ്ടിവന്നു. വാങ്ങൽച്ചെലവ് ശരാശരി 4.34 രൂപയായി. അതേനിരക്ക് സൗരോർജ വൈദ്യുതി ഉത്പാദകർക്ക് നൽകാൻ കമ്മിഷൻ വിസമ്മതിച്ചു. പകരം മുൻവർഷത്തെ നിരക്കായ 3.15-ൽനിന്ന് പണപ്പെരുപ്പംകൂടി കണക്കിലെടുത്ത് 3.26 രൂപയാക്കി. ഇത് അന്യായമാണെന്ന് വാദിച്ച് ജെയിംസ് കുട്ടി തോമസ്, വി. സുരേഷ് കുമാർ, മോഹൻ വർഗീസ്, സാബു ടി. കുമ്പളക്കൽ എന്നിവരാണ് കമ്മിഷനെ സമീപിച്ചത്.
അസാധാരണ സാഹചര്യങ്ങളിലാണ് വില ഉയർന്നതെന്നും ഇത് നൽകാനാവില്ലെന്നുമുള്ള തീരുമാനം കമ്മിഷൻ ആവർത്തിച്ചു. പകൽ രണ്ടുരൂപയിൽത്താഴെ വിലയ്ക്ക് വൈദ്യുതി കിട്ടാനുള്ളപ്പോൾ സോളാർ ഉത്പാദകർക്ക് ഇത്രയും നൽകുന്നതിനെ കെ.എസ്.ഇ.ബി.യും എതിർത്തു.
2024-25-ൽ സൗരോർജ വൈദ്യുതി ഉത്പാദനം സംബന്ധിച്ച പുതിയ ചട്ടങ്ങൾ കൊണ്ടുവന്നപ്പോൾ മിച്ചവൈദ്യുതിക്ക് 3.60 രൂപയാണ് നിശ്ചയിച്ചത്. ഇത് ഉത്പാദകർ ഹൈക്കോടതിയിൽ ചോദ്യംചെയ്തതോടെ സ്റ്റേ നൽകിയിട്ടുണ്ട്. അതിനാൽ കഴിഞ്ഞവർഷത്തെ മിച്ച വൈദ്യുതിക്ക് പണം നൽകുന്നത് അനിശ്ചിതത്വത്തിലാണ്.
സെക്കിയിൽനിന്ന് സോളാർ വൈദ്യുതി: രണ്ടാം കരാറിന് അനുമതി
സോളാർ എനർജി കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ(സെക്കി)നിന്ന് 200 മെഗാവാട്ട് വൈദ്യുതി വാങ്ങുന്നതിനുള്ള രണ്ടാമത്തെ കരാറിനും കമ്മിഷൻ അനുമതിനൽകി. രാത്രിയിൽ നാലുമണിക്കൂർ 100 മെഗാവാട്ട് ലഭിക്കുന്നതിനുള്ള ശേഖരണ സംവിധാനം ഉൾപ്പടെ 2.86 രൂപയാണ് വില. പകൽ കേരളത്തിൽ വൈദ്യുതി മിച്ചമാണെന്ന് പറയുമ്പോഴും കരാറിൽ ഏർപ്പെടുന്നത് രാത്രിയിൽക്കൂടി വിലകുറഞ്ഞ് ലഭിക്കുമെന്നതുകൊണ്ടാണ്. 2028 ജൂൺ മുതലാണ് ലഭിച്ചുതുടങ്ങുക. നേരത്തേ 500 മെഗാവാട്ട് വാങ്ങാൻ കരാറായിരുന്നു. അത് 3.49 രൂപ നിരക്കിൽ ഈ വർഷം സെപ്റ്റംബർ മുതലാണ് ലഭിക്കേണ്ടതെങ്കിലും അനിശ്ചിതത്വമുണ്ട്.
