അൽഫാം പ്രിയരുടെ ശ്രദ്ധയ്ക്ക് ; ഇനി വിലയേറും
മലയാളികളുടെ പ്രിയവിഭവങ്ങളായ അൽഫാം, കുഴിമന്തി, കബാബ്, തന്തൂരി ചിക്കൻ തുടങ്ങിയവ വിലക്കയറ്റത്തിന്റെ ഭീഷണിയിൽ.ഇവയുടെ പാചകത്തിൽ പ്രധാന പങ്കുവഹിക്കുന്ന വിറകുകരിക്കുണ്ടായ ക്ഷാമവും വിലക്കയറ്റവുമാണ് പ്രതിസന്ധിയാകുന്നത്.
കിലോയ്ക്ക് അഞ്ച് മുതൽ എട്ടു രൂപ വരെ വർധിച്ചതോടെ ജില്ലയിൽ കരിയുടെ ചില്ലറ വിൽപ്പന വില 40 രൂപയിലെത്തി. മുന്തിയ ഇനം കരിക്ക് കിലോയ്ക്ക് 50 രൂപ വരെയാണ് ഈടാക്കുന്നത്. വില ഉയരുന്ന സാഹചര്യത്തിൽ അൽഫാമിനും കബാബിനുമെല്ലാം വില വർധിപ്പിക്കേണ്ട സ്ഥിതിയാണെന്നാണ് ഹോട്ടൽ ഉടമകൾ അറിയിക്കുന്നത്.
ആശ്രയം അയൽസംസ്ഥാനങ്ങൾ
കേരള വിപണിയിലേക്ക് ആവശ്യമായ വിറകുകരിയുടെ ഏതാണ്ട് 80 ശതമാനവും എത്തുന്നത് അയൽ സംസ്ഥാനമായ തമിഴ്നാട്ടിൽ നിന്നാണ്. നിലവിൽ തമിഴ്നാട്ടിൽ നിന്നടക്കം കരിയുടെ വരവിൽ വലിയ തോതിൽ കുറവുണ്ടായിട്ടുണ്ട്. കൂടാതെ ആന്ധ്ര, കർണാടക എന്നിവിടങ്ങളിൽ നിന്നും കരി കൊണ്ടുവരുന്നുണ്ട്. കേരളത്തിൽ എറണാകുളം, കോഴിക്കോട് ജില്ലകളിലാണ് ഇതിന്റെ ഉപയോഗം ഏറ്റവും കൂടുതലായുള്ളത്. എറണാകുളം ജില്ലയിൽ മാത്രം പ്രതിമാസം 50 ടണ്ണോളം കരി ആവശ്യമായി വരുന്നുണ്ടെന്ന് വിതരണക്കാരനായ വിപിൻ ദാസ് അറിയിച്ചു.
തിരിച്ചടിയായി പാചകവാതക പ്രതിസന്ധി
പാചകവാതക വില കുത്തനെ ഉയർന്നതോടെ പല വ്യവസായ സ്ഥാപനങ്ങളും ഹോട്ടലുകളും ഗ്യാസിന് പകരം വിറകിനെ ആശ്രയിക്കാൻ തുടങ്ങിയതാണ് കരി വിപണിയെ സാരമായി ബാധിച്ചത്. വിറകിന് വിപണിയിൽ ആവശ്യം ഉയർന്നതോടെ, അത് കരിയാക്കി മാറ്റുന്നതിന് പകരം നേരിട്ട് വിറകായി വിറ്റ് ഉയർന്ന ലാഭം നേടുകയാണ്. ഏകദേശം 20 ടൺ വിറക് കത്തിച്ചാൽ മാത്രമാണ് എട്ട് ടണ്ണോളം കരി ലഭിക്കുന്നത്. കരി നിർമാണത്തിനുള്ള വലിയ അധ്വാനവും ഇതിൽ നിന്നുള്ള കുറഞ്ഞ ലാഭവും കാരണം പലരും പിൻമാറുന്നതും ലഭ്യതയെ ബാധിച്ചിട്ടുണ്ട്.
