എട്ടു വയസ്സുകാരനെ 21-കാരി പീഡിപ്പിച്ചെന്ന പരാതി വ്യാജം; യുവാവിനെതിരേ പരാതി നൽകിയതിന്റെ പ്രതികാരം

Share our post

മൂവാറ്റുപുഴ: എട്ടുവയസ്സുകാരനെ 21-കാരി ലൈംഗിക അതിക്രമത്തിന് ഇരയാക്കിയെന്ന പോക്സോ കേസിൽ കോടതി തുടർനടപടി അവസാനിപ്പിച്ചു. പരാതി വ്യാജമെന്ന് പോലീസ് കണ്ടെത്തിയതോടെയാണ് മൂവാറ്റുപുഴ പോക്സോ കോടതി ജഡ്ജി എ. സമീർ കുറ്റാരോപിതയ്ക്കെതിരേയുള്ള നടപടികൾ അവസാനിപ്പിക്കാൻ പോലീസിന് അനുമതി നൽകിയത്. പോക്സോനിയമം നിലവിൽ വന്നശേഷം ജില്ലയിലാദ്യമായാണ് കോടതിയിലെത്തിയ കേസ് വ്യാജമെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി റിപ്പോർട്ട് നൽകുന്നതും ഇതംഗീകരിച്ച് നടപടി അവസാനിപ്പിക്കുന്നതും.

2021 ഏപ്രിൽ 15 മുതൽ മേയ് ഒന്നുവരെ ആൺകുട്ടിയെ യുവതി നിരന്തരമായി പീഡിപ്പിച്ചുവെന്ന് കാണിച്ച് 2022 സെപ്റ്റംബർ നാലിനാണ് ഉരുളൻതണ്ണി സ്വദേശിനിയായ അമ്മ പരാതി നൽകിയത്. തുടർന്ന് കുട്ടംപുഴ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ആൺകുട്ടിയുടെ അമ്മയുടെ ബന്ധുവിനെതിരേ യുവതി പീഡനപരാതി നൽകിയതിന്റെ വിരോധത്തിൽ യുവതിക്കെതിരേ വ്യാജ പരാതി നൽകിയതാണെന്ന് പോലീസ് തുടരന്വേഷണത്തിൽ കണ്ടെത്തി. കേസിൽ യുവാവിനെ കോടതി ശിക്ഷിക്കുകയും ചെയ്തിരുന്നു.

ഇരയെന്നു പറയുന്ന ആൺകുട്ടിയുടെയും പരാതിക്കാരിയായ അമ്മയുടെയും മൊഴിയിലെ വൈരുധ്യവും സംശയം ജനിപ്പിച്ചു. പീഡനം നടന്നുവെന്ന് പറയുന്ന വീട്ടിലല്ല പരാതിക്കാർ താമസിച്ചിരുന്നതെന്നും അവിടെ യുവതി എത്തിയിട്ടില്ലെന്നും പോലീസ് മനസ്സിലാക്കി. ആൺകുട്ടിയുടെ അമ്മയും യുവതി പീഡനപരാതി നൽകിയ യുവാവും തമ്മിൽ ഈ കാലയളവിൽ നിരന്തരം ഫോണിൽ ബന്ധപ്പെട്ടിരുന്നതായും വ്യക്തമായി.

യുവാവിനെതിരേ യുവതി പീഡനപരാതി നൽകിയതിനു പിന്നാലെയാണ് യുവതിക്കെതിരേ ആൺകുട്ടിയെ പീഡിപ്പിച്ചുവെന്ന പരാതി നൽകുന്നത്. ബന്ധുവിനെതിരേ പീഡന പരാതി നൽകിയതിന്റെ വിരോധമാണ് വ്യാജ പരാതിക്കു പിന്നിലെന്നും പോലീസ് കണ്ടെത്തി. തുടർന്ന് കേസ് റദ്ദ് ചെയ്യണമെന്ന ശുപാർശയോടെ കോടതിയിൽ പോലീസ് റിപ്പോർട്ട് സമർപ്പിക്കുകയായിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!