പകലും രാത്രിയും വീടിന് പുറത്തിറങ്ങാൻ പോലും കഴിയാത്ത അവസ്ഥ; മൂന്നാം ദിവസവും വീട് ആക്രമിച്ച് കാട്ടാന
ഇരിട്ടി : കാട്ടാനഭീതി ഒഴിയാതെ ആറളം ഫാമും സമീപ ജനവാസ പ്രദേശങ്ങളും. ഫാം പുനരധിവാസ മേഖലയിൽ തുടർച്ചയായ 3–ാം ദിവസവും കാട്ടാന വീടിന് നേരെ ആക്രമണം നടത്തിയപ്പോൾ, ഫാമിനു പുറത്തുള്ള പെരുംപഴശ്ശിയിലും കാട്ടാനക്കൂട്ടം ജനവാസ മേഖലയിലിറങ്ങി വ്യാപക നാശം വിതച്ചു. ഇവിടെയും വീട്ടുമുറ്റംവരെ എത്തിയ കാട്ടാനക്കൂട്ടം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഇന്നലെ പുലർച്ചെ 3ന് ആറളം പുനരധിവാസ മേഖലയിലെ ബ്ലോക്ക് 13ൽ 173-ാം നമ്പർ പ്ലോട്ടിൽ താമസിക്കുന്ന ഗോപാലന്റെ വീടിന് നേരെയാണ് കാട്ടാന ആക്രമണമുണ്ടായത്. വീടിനോട് ചേർന്നു ഭക്ഷണം പാകം ചെയ്യാൻ നിർമിച്ച ഷെഡ് പൂർണമായും തകർത്തു. ആക്രമണസമയത്തു കുടുംബാംഗങ്ങൾ വീട്ടിനകത്തായിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. പുരയിടത്തിലെ വാഴ ഉൾപ്പെടെയുള്ള കൃഷിവിളകളും കാട്ടാന നശിപ്പിച്ചു.
3 ദിവസത്തിനിടെ കാട്ടാന ആക്രമണത്തിന് ഇരയാകുന്ന 3–ാമത്തെ വീടാണിത്. തുടർച്ചയായ ആക്രമണങ്ങൾ പ്രദേശവാസികളിൽ കടുത്ത ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. പുലർച്ചെ 4ന് ആറളം ടൗണിനടുത്തുള്ള പെരുംപഴശ്ശിയിലെ ജനവാസ മേഖലയിൽ 2 വലിയ ആനകളും ഒരു കുട്ടിയാനയും ഉൾപ്പെട്ട കൂട്ടമാണ് എത്തിയത്. കെ.പി.നജീബ്, കെ.കെ.റിജു, അബ്ദുൽ റഹ്മാൻ, അബൂബക്കർ എന്നിവരുടെ വീടുകളുടെ മുറ്റത്തും പറമ്പുകളിലും കയറി തെങ്ങുകളും വാഴകളും നശിപ്പിച്ചു. കാട്ടാനകളുടെ ശബ്ദംകേട്ട് വീട്ടുകാർ പുറത്തിറങ്ങാതെ വീടുകൾക്കുള്ളിൽതന്നെ ഭീതിയോടെ കഴിയുകയായിരുന്നു. ആറളം ആർആർടി ഡപ്യൂട്ടി റേഞ്ചർ എം.ഷൈനികുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഫാമിലെ ആക്രമണ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
പെരുംപഴശ്ശിയിൽ കീഴ്പ്പള്ളി സെക്ഷൻ അധികൃതരെത്തി. 25–30 കാട്ടാനകൾ ആറളം ഫാമിലും സമീപപ്രദേശങ്ങളിലും തമ്പടിച്ചിട്ടുണ്ടെന്നാണു നാട്ടുകാർ പറയുന്നത്. വനപാലകർ ഇവയെ ആറളം വന്യജീവി സങ്കേതത്തിലേക്കു തുരത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും വീണ്ടും ജനവാസ മേഖലയിലേക്ക് തിരിച്ചെത്തുകയാണ്. ഫലപ്രദമായ കാട്ടാന പ്രതിരോധ സംവിധാനം ഇല്ലാത്തതാണ് തുടർച്ചയായ ആക്രമണങ്ങൾക്ക് കാരണമാകുന്നതെങ്കിൽ, ശാശ്വത പരിഹാരം ആകേണ്ട ആനമതിൽ നിർമാണം ഇഴഞ്ഞുനീങ്ങുന്നതായാണു പരാതി.
