മോദി സർക്കാരിലെ ധർമേന്ദ്ര പ്രധാന്റെ രാജി; രാഷ്ട്രീയ ചരിത്രത്തിലെ അപൂർവ പടിയിറക്കങ്ങളിലൊന്ന്

Share our post

ന്യൂഡൽഹി: നീറ്റ് ക്രമക്കേടും ചോദ്യപേപ്പർ ചോർച്ചയുമടക്കം ഉന്നയിച്ച് ജന്തർമന്തറിൽ സമരം ചെയ്യുന്ന രാജ്യത്തെ യുവാക്കൾക്കുമുമ്പിൽ കേന്ദ്രം ഒടുവിൽ മുട്ടുമടക്കി. വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വെച്ചൊഴിയുമ്പോൾ മൂന്നാം മോദി സർക്കാരിൻ്റെ കാലത്ത് പ്രക്ഷോഭങ്ങളെ തുടർന്ന് രാജി വെക്കുന്ന ആദ്യത്തെ മന്ത്രിയായി ധർമേന്ദ്ര പ്രധാൻ മാറി. മോദി സർക്കാരിന്റെ ഭരണചരിത്രത്തിൽ കേന്ദ്രമന്ത്രിമാർ പദവി രാജിവെച്ചൊഴിയുന്ന സംഭവങ്ങൾതന്നെ വളരെ അപൂർവമാണെന്നിരിക്കെ, ജനങ്ങളുടെ പ്രതിഷേധത്തെത്തുടർന്ന് മന്ത്രി രാജി വെക്കേണ്ടിവന്ന സംഭവം ഇതാദ്യമാണ്. ഇതിന് മുന്പ് രാജ്യസഭാ കാലാവധി അവസാനിച്ചതിനെ തുടർന്ന് ന്യൂനപക്ഷ ക്ഷേമ, ഫിഷറീസ് വകുപ്പുകളുടെ ചുമതലയുള്ള സഹമന്ത്രിയായിരുന്ന മലയാളിയായ ജോർജ് കുര്യനും റെയിൽവേ സഹമന്ത്രിയായ റവ്‌നീത് സിംഗ് ബിട്ടുവും രാജി വെച്ചതാണ് മൂന്നാം മോദി സർക്കാരിലുണ്ടായ മാറ്റങ്ങൾ.

സാധാരണയായി മന്ത്രിസഭാ പുനഃസംഘടനകളുടെ ഭാഗമായി മന്ത്രിമാരെ മാറ്റാറുണ്ടെങ്കിലും, ഉത്തരവാദിത്വം ഏറ്റെടുത്തോ വിവാദങ്ങളെത്തുടർന്നോ ഉള്ള രാജി മോദി സർക്കാരിൽ പൊതുവെ കുറവാണ്. ഈ പശ്ചാത്തലത്തിലാണ് രാജ്യത്തെ വിദ്യാർത്ഥി സമൂഹത്തിന്റെ പ്രതിഷേധം ശക്തമായതിനെത്തുടർന്ന് വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ പടിയിറങ്ങുന്നത് രാഷ്ട്രീയമായി പ്രാധാന്യം നേടുന്നത്. 

മുൻകാല രാജികളും രാഷ്ട്രീയ സമ്മർദങ്ങളും

മോദി സർക്കാരിന്റെ ആദ്യ കാലഘട്ടം മുതൽ ഇതുവരെ നടന്ന രാജികളിലെല്ലാം കനത്ത രാഷ്ട്രീയ സമ്മർദങ്ങളോ അപ്രതീക്ഷിത സാഹചര്യങ്ങളോ നിഴലിച്ചിരുന്നു. 2017-ൽ തുടർച്ചയായുണ്ടായ തീവണ്ടി അപകടങ്ങളുടെ പശ്ചാത്തലത്തിൽ റെയിൽവേ മന്ത്രിയായിരുന്ന സുരേഷ് പ്രഭു ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് രാജി സന്നദ്ധത അറിയിച്ചതാണ് ഇതിൽ ആദ്യത്തേത്. തുടർന്ന് 2018-ൽ നിരവധി വനിതാ മാധ്യമപ്രവർത്തകർ ‘മീടൂ’ വെളിപ്പെടുത്തലുകളിലൂടെ ലൈംഗികാരോപണങ്ങൾ ഉന്നയിച്ചതിനെത്തുടർന്ന് വിദേശകാര്യ സഹമന്ത്രിയായിരുന്ന എം.ജെ. അക്ബറിന് മന്ത്രിസ്ഥാനം നഷ്ടമായി. 2019-ൽ മഹാരാഷ്ട്രയിലെ രാഷ്ട്രീയ സാഹചര്യങ്ങൾ മാറിയതിനെത്തുടർന്ന് ശിവസേന നേതാവ് അരവിന്ദ് സാവന്ത് ബിജെപിയുമായുള്ള ബന്ധം വിച്ഛേദിച്ചുകൊണ്ട് രാജിവെച്ചു. 2020-ൽ കാർഷിക നിയമങ്ങളിലെ വിയോജിപ്പ് മൂലം ശിരോമണി അകാലിദൾ നേതാവ് ഹർസിമ്രത് കൗർ ബാദൽ പടിയിറങ്ങിയത് സർക്കാരിന് വലിയ വെല്ലുവിളിയായിരുന്നു.

രണ്ടാം മോദി സർക്കാരിന്റെ കാലത്ത് 2021 ജൂലൈയിൽ നടന്ന മന്ത്രിസഭാ ശുദ്ധീകരണത്തിൽ പന്ത്രണ്ട് മന്ത്രിമാരാണ് രാജിവെച്ചത്. കോവിഡ് രണ്ടാം തരംഗത്തെ നേരിടുന്നതിൽ പരാജയപ്പെട്ടുവെന്ന വിമർശനത്തെത്തുടർന്ന് ആരോഗ്യമന്ത്രി ഹർഷ വർദ്ധൻ രാജിവെച്ചു. ടെക് കമ്പനികളുമായുള്ള തർക്കങ്ങൾക്കിടെ ഐടി മന്ത്രി രവിശങ്കർ പ്രസാദും മീഡിയ മാനേജ്‌മെന്റിലെ വീഴ്ചകളെത്തുടർന്ന് പ്രകാശ് ജാവദേക്കറും സ്ഥാനമൊഴിഞ്ഞത് അപ്രതീക്ഷിതമായിട്ടായിരുന്നു.

ആരോഗ്യപരമായ കാരണങ്ങളാൽ രമേശ് പൊഖ്രിയാൽ നിശാങ്കും, പ്രായപരിധി കാരണം നജ്മ ഹെപ്തുള്ളയും നേരത്തെ പദവികൾ ഒഴിഞ്ഞിട്ടുണ്ട്. വെങ്കയ്യ നായിഡു ഉപരാഷ്ട്രപതി സ്ഥാനാർഥിയായതിനെത്തുടർന്നും മുക്താർ അബ്ബാസ് നഖ്‌വി രാജ്യസഭാ കാലാവധി അവസാനിച്ചതിനെത്തുടർന്നും മന്ത്രിസഭയിൽ നിന്ന് പടിയിറങ്ങി.

ധർമേന്ദ്ര പ്രധാന്റെ രാജി

മുൻകാലങ്ങളിലെ മിക്ക രാജികളും ഒന്നുകിൽ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ ഭാഗമായോ അല്ലെങ്കിൽ മന്ത്രിസഭാ പുനഃസംഘടനയുടെ ഭാഗമായോ ‘ആവശ്യപ്പെട്ടതനുസരിച്ച്’ നടന്നവയായിരുന്നു. എന്നാൽ ധർമേന്ദ്ര പ്രധാന്റെ രാജി നേരിട്ട് ജനകീയ സമരങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നത് ശ്രദ്ധേയമാണ്. നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ജന്തർ മന്തറിൽ നടന്ന പ്രതിഷേധങ്ങളും, വിദ്യാർഥികളെ തല്ലിച്ചതച്ച പോലീസ് നടപടിയും സർക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു.

മൂന്ന് ആവശ്യങ്ങളായിരുന്നു സിജെപി പ്രവർത്തകർ കേന്ദ്രത്തിന് മുമ്പിൽ വെച്ചത്. നീറ്റ് ക്രമക്കേടുമായി ബന്ധപ്പെട്ട് ജീവൻ നഷ്ടപ്പെട്ട വിദ്യാർഥികളുടെ കുടുംബാംഗങ്ങൾക്ക് നഷ്ടപരിഹാരം, പ്രതിഷേധത്തിൽ പങ്കെടുത്ത വിദ്യാർഥികൾക്കെതിരായ എഫ്ഐആർ പിൻവലിക്കണം, ധർമേന്ദ്ര പ്രധാന്റെ രാജി. ഇതിൽ ആദ്യത്തെ രണ്ടെണ്ണത്തിലും കേന്ദ്രത്തിന് അനുകൂല നിലപാട് ആയിരുന്നു. എന്നാൽ ധർമേന്ദ്ര പ്രധാന്റെ രാജിയിൽ തീരുമാനം ഉണ്ടായിരുന്നില്ല. പ്രതിഷേധം രാജ്യവ്യാപകമാക്കാൻ സിജെപി തുനിഞ്ഞതോടെയാണ് ചർച്ചയ്ക്ക് തൊട്ടുമുമ്പായി ധർമേന്ദ്ര പ്രധാൻ രാജിവെച്ചിറങ്ങുന്നത്. പരീക്ഷാ തട്ടിപ്പുകൾ തടയുന്നതിൽ പരാജയപ്പെട്ടുവെന്ന ആരോപണം ശക്തമായ സാഹചര്യത്തിൽ സർക്കാരിന്റെ പ്രതിച്ഛായ കാക്കാനുള്ള ശ്രമം കൂടിയാണ് മന്ത്രിയുടെ രാജിയെന്നാണ് രാഷ്ട്രീയ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!