തലശ്ശേരി റെയിൽവേ സ്റ്റേഷനിലെ പാഴ്സൽ ഓഫിസിന് പൂട്ടുവീഴുന്നു; 25 മുതൽ പ്രവർത്തനം നിർത്തും

Share our post

തലശ്ശേരി : റെയിൽവേ സ്റ്റേഷനിലെ പാഴ്സൽ ഓഫിസ് അ‌ടച്ചുപൂട്ടുന്നു. 25 മുതൽ ഓഫിസ് പ്രവർത്തനം നിർത്തുമെന്ന് അറിയിച്ചുള്ള ചീഫ് കമേഴ്സ്യൽ മാനേജരുടെ ഉത്തരവ് സ്റ്റേഷനിൽ ലഭിച്ചു. കോട‌ിക്കണക്കിന് രൂപയുടെ വികസന പ്രവർത്തനങ്ങൾ സ്റ്റേഷനിൽ നടത്തി ആഘോഷപൂർവം ഉദ്ഘാടനം ചെയ്യുന്ന റെയിൽവേ അധികാരികൾ യാത്രക്കാർക്ക് ലഭിക്കേണ്ട ഇത്തരം അടിസ്ഥാന സൗകര്യങ്ങൾ ഒന്നൊന്നായി നിർത്തലാക്കുകയാണ്.

നേരത്തെ പാഴ്സൽ ഓഫിസ് പൂട്ടാൻ ശ്രമിച്ചതിനെ ജനപ്രതിനിധികളും വിവിധ സംഘടനകളും ഒറ്റക്കെട്ടായി നിന്ന് ചെറുത്തതിനെത്തുടർന്ന് വീണ്ടും തുറന്നുകൊടുക്കുകയായിരുന്നു. മുൻപു 24 മണിക്കൂർ സേവനമുണ്ടായിരുന്ന പാഴ്സൽ ഓഫിസ് വർഷങ്ങൾക്ക് മുൻപ് 5 മണിവരെയാക്കി പ്രവർത്തനം നിജപ്പെടുത്തി. ഇപ്പോൾ പൂർണമായും എടുത്തുകളയാനുള്ള നീക്കമാണ് നടത്തുന്നത്. കേരളത്തിലെ ആദ്യകാല എ ക്ലാസ് സ്റ്റേഷനുകളിലൊന്നാണ് തലശ്ശേരി. സ്റ്റേഷൻ കമ്മിഷൻ ചെയ്ത കാലം മുതൽ പാഴ്സൽ സൗകര്യമുണ്ട് ഇവിടെ. പ്രതിമാസം 3 ലക്ഷത്തിലധികം വരുമാനമുണ്ട‌്. പാഴ്സൽ സേവനം എടുത്തുകളഞ്ഞാൽ യാത്രക്കാരും വ്യാപാരികളും 22 കി.മീ. അകലെയുള്ള കണ്ണൂരിനെ ആശ്രയിക്കേണ്ടി വരും. ഇതിനെ ആശ്രയിച്ചു ജീവിക്കുന്ന റെയിൽവേ ഹെൽപർമാരുടെ ജീവിത മാർഗവും ഇല്ലാതാവും. സ്റ്റേഷനിലുണ്ടായിരുന്ന സൗകര്യങ്ങൾ ഒരോന്നായി ഇല്ലാതാവുകയാണ്.

നേരത്തെ തലശ്ശേരിയിലുണ്ടായിരുന്ന ഗുഡ്സ് ഷെഡ് പൊളിച്ചുനീക്കി വാഗൺ വഴിയുള്ള ചരക്ക് ഗതാഗതം നിശ്ശേഷം ഇല്ലാതാക്കി. റെയിൽ പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി നേരത്തെ നാല് ലൈനുകൾ ഉണ്ടായിരുന്ന തലശ്ശേരിയിൽ അത് മൂന്നാക്കി ചുരുക്കി. പാഴ്സൽ സർവീസ് എടുത്തു കളയരുതെന്ന് കാരായി രാജൻ എംഎൽഎ ഡിവിഷനൽ റെയിൽവേ മാനേജരോട് ആവശ്യപ്പെട്ടു. തലശ്ശേരിയിലെയും സമീപ പ്രദേശങ്ങളിലുള്ളവരും പാർസൽ അയക്കാൻ തലശ്ശേരി റെയിൽവേ സ്റ്റേഷനെയാണ് ആശ്രയിക്കുന്നത്. മാത്രമല്ല ഇവിടെ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജീവിതം വഴിമുട്ടിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

യാത്രക്കാരെയും കച്ചവടക്കാരെയും നാട്ടുകാരെയും റെയിൽവേ ഹെൽപർമാരെയും ദുരിതത്തിലാഴ്ത്തുന്ന തീരുമാനത്തിൽ നിന്നും റെയിൽവേ അധികൃതർ പിൻമാറണമെന്നു റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ സെക്രട്ടറി ശശികുമാർ കല്ലിഡുംബിൽ ഡിആർഎം മധുകർ റൗട്ടിന് അയച്ച നിവേദനത്തിൽ ആവശ്യപ്പെട്ടു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!