സൗജന്യ യാത്ര മാത്രമല്ല പ്രിയദർശിനി വായ്പ പദ്ധതിയും വരുന്നു: വനിതകള്‍ക്കായി പലിശ രഹിത വായ്പ പദ്ധതി
കൊച്ചി: പിന്നോക്ക വിഭാഗത്തിൽപ്പെടുന്ന വനിതകൾക്കായി പലിശ-രഹിത വായ്പ പദ്ധതി ആരംഭിക്കാന്‍ സർക്കാർ. പിന്നോക്ക വിഭാഗത്തിലെ വനിതകൾക്ക് സ്വയംതൊഴിൽ കണ്ടെത്താനും മൈക്രോ ലെവൽ സംരംഭങ്ങൾ ആരംഭിക്കാനുമാണ് വായ്പ ലഭിക്കുകയെന്ന് മന്ത്രി കെഎ തുളസി വ്യക്തമാക്കി. പിന്നോക്ക വികസന കോർപ്പറേഷന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന ഈ പദ്ധതിയിലൂടെ ആയിരക്കണക്കിന് സ്ത്രീകൾക്ക് സ്വയംപര്യാപ്തത കൈവരിക്കാൻ സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തി ജൂലൈ 23-ന് എറണാകുളം പള്ളുരുത്തി എസ്എൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന ‘സമഗ്ര 2026’ പരിപാടിയിൽ പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം നടക്കും.
നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി ‘സമഗ്ര 2026’
പട്ടികജാതി, പട്ടികവർഗ്ഗ, പിന്നോക്കക്ഷേമ വകുപ്പിന് കീഴിൽ 31 കർമ്മപദ്ധതികളാണ് 100 ദിന പരിപാടിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി ആവിഷ്കരിച്ചിട്ടുള്ള ‘സമഗ്ര 2026’ പരിപാടിയിലൂടെ ഏറ്റവും അടിയന്തരമായി 16,000-ത്തോളം ഗുണഭോക്താക്കൾക്ക് സഹായം എത്തിക്കുകയാണ് ലക്ഷ്യം.
100 ദിനത്തിനുള്ളിൽ 200 കോടി രൂപയുടെ വായ്പാ വിതരണമാണ് കോർപ്പറേഷൻ ലക്ഷ്യമിടുന്നത്. ഇതിന്റെ ഒന്നാം ഘട്ടമായി 23-ന് നടക്കുന്ന ചടങ്ങിൽ വച്ച് തന്നെ ഇതിൽ പകുതിയോളം (100 കോടി രൂപ) വായ്പയായി വിതരണം ചെയ്യും. ഇതിന്റെ രണ്ടാം ഘട്ടം സെപ്റ്റംബർ മാസത്തിൽ പാലക്കാട് വച്ച് നടക്കുമെന്നും മന്ത്രി അറിയിച്ചു.
ചടങ്ങില്‍ മന്ത്രിമാരായ അനൂപ് ജേക്കബ്, റോജി എം ജോൺ, വി ഇ അബ്ദുൽ ഗഫൂർ, എം പിമാരായ ഹൈബി ഈഡൻ, ജെബി മേത്തർ, ബെന്നി ബഹനാൻ, ഡീൻ കുര്യാക്കോസ്, ഫ്രാൻസിസ് ജോർജ്ജ്, കൊച്ചി കോർപ്പറേഷൻ മേയർ, എംഎൽഎമാരായ അൻവർ സാദത്ത്, ദീപക് ജോയ്, മുഹമ്മദ് ഷിയാസ്, മനോജ് മൂത്തേടൻ, അഡ്വ. മാത്യു കുഴൽനാടൻ, വി പി സജീന്ദ്രൻ, ഷിബു തെക്കുംപുറം, ടോണി ചമ്മണി, ഉമാ തോമസ്, ടി ജെ. വിനോദ് തുടങ്ങിയവരും പങ്കെടുക്കും.
