മൊബൈൽ വെട്ടത്തിൽ ചികിത്സ നടത്തിയ സംഭവം; വൈദ്യുതി പ്രതിസന്ധിയെങ്കിൽ ജനറേറ്റർ ഉപയോഗിക്കണമായിരുന്നുവെന്ന് മന്ത്രി
തിരുവനന്തപുരം: പാലോട് സിഎച്ച്സിയില്‍ മൊബൈല്‍ ടോര്‍ച്ചിന്റെ വെളിച്ചത്തില്‍ ചികിത്സ നടത്തിയ സംഭവത്തില്‍ പ്രതികരിച്ച് ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരന്‍. പവര്‍കട്ട് ഇന്നത്തെ സാഹചര്യത്തില്‍ അനിവാര്യമാണെന്നും വൈദ്യുതി പ്രതിസന്ധി ഉണ്ടായെങ്കില്‍ ജനറേറ്റര്‍ ഉപയോഗിക്കണമായിരുന്നു എന്നുമായിരുന്നു മുരളീധരന്റെ പ്രതികരണം.
ജനറേറ്ററും പ്രവര്‍ത്തിക്കുന്നില്ല എന്നുണ്ടെങ്കില്‍ അത് ബന്ധപ്പെട്ടവരെ അറിയിക്കണമായിരുന്നു. അടിയന്തര ഘട്ടമല്ലാത്തതിനാല്‍ വൈകിയാണെങ്കിലും മുറിവ് വെച്ചു കെട്ടാം. ജില്ലാ മെഡിക്കല്‍ ഓഫീസറോട് വിഷയം അന്വേഷിക്കാന്‍ പറഞ്ഞിട്ടുണ്ട്. വീഴ്ച ആരുടെ ഭാഗത്തുനിന്ന് ഉണ്ടായാലും നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
മെഡിക്കല്‍ കോളേജിലെ ചികിത്സയ്ക്ക് ശേഷം വിതുര സ്വദേശി മുറിവ് വച്ചുകെട്ടാനായി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെത്തിയപ്പോഴാണ് വൈദ്യുതി മുടങ്ങിയത്. വൈദ്യുതി ഇല്ലെങ്കിലും രോഗിയെ മടക്കി വിടാതെ രോഗിയുടെ കൂടെ വന്നയാളെക്കൊണ്ട് മൊബൈല്‍ ടോര്‍ച്ച് അടിപ്പിച്ച് ചികിത്സ നല്‍കുകയായിരുന്നു.
ആശുപത്രിയില്‍ ജനറേറ്റര്‍ ഉണ്ടെങ്കിലും അത് കുറച്ച് ദിവസമായി തകരാറിലാണെന്നാണ് ആശുപത്രി അധികൃതര്‍ വിശദീകരിച്ചിരിക്കുന്നത്. തുടരെയുണ്ടാകുന്ന പവര്‍കട്ടുകള്‍ ആശുപത്രിയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി രോഗികള്‍ പറഞ്ഞിരുന്നു.
