പരാജയങ്ങളെ തോൽപ്പിച്ച് കിംഗ് ഖാനായ കഥ; ഷാരൂഖ് ഖാനിൽ നിന്ന് പഠിക്കാം അഞ്ച് ജീവിതപാഠങ്ങൾ!
വളരെ സാധാരണമായ ചുറ്റുപാടുകളിൽ നിന്ന് വളർന്ന് ബോളിവുഡിന്റെ “കിംഗ് ഖാൻ” ആയി മാറിയ താരമാണ് ഷാരൂഖ് ഖാൻ. പ്രതിസന്ധികളെ കരുത്താക്കിയാണ് അദ്ദേഹം ഇന്ന് നാം കാണുന്ന ഷാരൂഖ് ഖാനായി മാറിയത്. ജീവിതവിജയത്തിനായി അദ്ദേഹം പാലിക്കുന്ന ചില കാര്യങ്ങളുണ്ട്.
1. വിജയത്തിന്റെ അടിത്തറ കഠിനാധ്വാനമാണ്
വിജയം എന്നത് കഠിനമായ പരിശ്രമത്തിലൂടെ നേടേണ്ടതാണ്, ഭാഗ്യത്തിലൂടെ നേടേണ്ട ഒന്നല്ല ഷാരൂഖ് എപ്പോഴും പറയാറുള്ളകാര്യമിതാണ്. അത് പോലെ തന്നെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ അച്ചടക്കവും ത്യാഗവും ആവശ്യമാണെന്നും അദ്ദേഹം പറയാറുണ്ട്. അദ്ദേഹത്തിൻ്റെ വാക്കുകൾ കടമെടുത്താൽ ‘ ലോകത്തിൽ ഒരൊറ്റ മതമേയുള്ളൂ. അത് കഠിനാധ്വാനമാണ്. നന്നായി പഠിക്കുക, കഠിനാധ്വാനം ചെയ്യുക, അതിനേക്കാൾ നന്നായി കളിക്കുക. നിയമങ്ങളിൽ മാത്രം ഒതുങ്ങിപ്പോകരുത്, ആരെയും വേദനിപ്പിക്കരുത്, ഒരിക്കലും മറ്റൊരാളുടെ സ്വപ്നത്തിന് വേണ്ടി ജീവിക്കരുത്’.നിങ്ങൾക്ക് വിജയിക്കണമെങ്കിൽ, വിശ്രമം നിഷിദ്ധമാണ് എന്നും ഷാരൂഖ് പറയുന്നുണ്ട്.
2. നിങ്ങളുടെ സവിശേഷമായ വ്യക്തിത്വത്തെ സ്വീകരിക്കുക
2015-ൽ എഡിൻബർഗ് സർവകലാശാല ഷാരൂഖ് ഖാന് ഓണററി ഡോക്ടറേറ്റ് നൽകിയിരുന്നു. ആ ചടങ്ങിലെ പ്രസംഗത്തിനിടയിൽ വിദ്യാർഥികളോടായി ഷാരൂഖ് പറഞ്ഞ ചില കാര്യങ്ങളുണ്ട്. നമ്മുടെ ജീവിതത്തിലെ ചെറിയ ഭ്രാന്തുകളെയും പോരായ്മകളെയും ലോകത്തിൽ നിന്ന് ഒളിച്ചുവെക്കേണ്ട അപാകതകളായി കാണരുത്. ലോകത്തിലെ ഏറ്റവും മനോഹരമായ മനുഷ്യരും സർഗാത്മകതയുള്ളവരും വിപ്ലവങ്ങൾക്ക് നേതൃത്വം നൽകിയവരും പുതിയ കാര്യങ്ങൾ കണ്ടെത്തുകയും കണ്ടുപിടിക്കുകയും ചെയ്തവരുമെല്ലാം അവരുടെ സവിശേഷമായ സ്വഭാവവിശേഷങ്ങളെ സ്വീകരിച്ച് മുന്നോട്ട് പോയതോണ്ടാണ് ആ നിലയിൽ എത്തിയതെന്ന് ഷാരൂഖ് പറഞ്ഞു.
3. പരാജയമാണ് നിങ്ങളുടെ ഏറ്റവും മികച്ച അധ്യാപകൻ
ഓൾ ഇന്ത്യ മാനേജ്‌മെന്റ് അസോസിയേഷൻ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവെ, വിജയത്തേക്കാൾ കൂടുതൽ കാര്യങ്ങൾ പഠിപ്പിക്കുന്നത് പരാജയമാണെന്ന് ഷാരൂഖ് ഖാൻ വിശദീകരിക്കുന്നുണ്ട്. ‘ആദ്യ തവണ നിങ്ങൾക്ക് വിജയിക്കാൻ കഴിഞ്ഞില്ലെങ്കിൽ വീണ്ടും സജ്ജമായി ശ്രമിക്കുക’ എന്നതാണ് അദ്ദേഹം പറയുന്നത്. ഓരോ തിരിച്ചടിയും കാര്യങ്ങൾ പഠിക്കാനും സ്വയം മെച്ചപ്പെടാനും കൂടുതൽ ശക്തമായി തിരിച്ചുവരാനുമുള്ള അവസരമാണ്. അദ്ദേഹത്തിന്റെ സിനിമാ ചരിത്രം പരിശോധിച്ചാൽ നിരവധി പരാജയചിത്രങ്ങൾ കാണാം. എന്നാൽ, പരാജയങ്ങളെ നിഷ്പ്രഭമാക്കിയുള്ള തിരിച്ചുവരവും കണ്ടിട്ടുണ്ട്.
4. മികച്ച നേതാക്കൾ പ്രതിസന്ധികളെ നേരിടാൻ തയ്യാറായിരിക്കും
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ബാംഗ്ലൂരിന്റെ ലീഡർഷിപ്പ് ഉച്ചകോടിയിൽ സംസാരിക്കവെ നേതൃത്വത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകൾ ഷാരൂഖ് ഖാൻ പങ്കുവെച്ചു. ‘നേതാക്കൾക്ക് തങ്ങളുടെ അനുഭവങ്ങളെ ഉൾക്കൊണ്ടുകൊണ്ട് ചുറ്റുമുള്ള ലോകത്തെ അവരുടെ സ്വന്തം വ്യവസ്ഥകൾക്കനുസരിച്ച് മാറ്റിയെടുക്കാൻ കഴിയും’- എന്നാണ് അദ്ദേഹം പറയുന്നത്. ‘നേതൃത്വം എന്നാൽ ദുരന്തങ്ങളെ നേരിടാൻ തയ്യാറായിരിക്കുക എന്നാണ് അർത്ഥമാക്കുന്നത്. യഥാർത്ഥ നേതാക്കൾ കഠിനമായ സമയങ്ങളിൽ ശാന്തത പാലിക്കുകയും ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്യും’ എന്നാണ് ഷാരൂഖ് പറയുന്നത്.
5. ലക്ഷ്യബോധവും ദൃഢനിശ്ചയവും ഉണ്ടെങ്കിൽ എന്തും നേടാം
2007-ൽ പുറത്തിറങ്ങിയ ‘ചക് ദേ! ഇന്ത്യ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിൽ ഷാരൂഖ് ഖാൻ അവതരിപ്പിച്ച കബീർ ഖാൻ എന്ന കഥാപാത്രം തന്റെ ടീമിനെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാൻ പ്രചോദിപ്പിക്കുന്നുണ്ട്. ഈ സന്ദേശം യഥാർത്ഥ ജീവിതത്തിലും പ്രസക്തമാണ്. വിജയം എന്നത് കേവലം കഴിവിലോ ഭാഗ്യത്തിലോ മാത്രം ഒതുങ്ങുന്നതല്ല. അത് നിങ്ങളുടെ ലക്ഷ്യബോധം, ദൃഢനിശ്ചയം, സാഹചര്യങ്ങൾ കഠിനമാകുമ്പോഴും മുന്നോട്ട് പോകാനുള്ള മനസ്സ് എന്നിവയെ ആശ്രയിച്ചിരിക്കുന്നു. സമർപ്പണബോധവും നമ്മളോട് വിശ്വാസവുമുണ്ടെങ്കിൽ ഏത് ലക്ഷ്യവും യാഥാർത്ഥ്യമാക്കാൻ സാധിക്കും.
